ലണ്ടന്‍:ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് ഉടമയും റഷ്യക്കെതിരായ ഉപരോധങ്ങളുടെ വലയില്‍. ചെല്‍സിയുടെ ഉടമയും റഷ്യന്‍ കോടീശ്വരനുമായ റോമാന്‍ അബ്രാമോവിച്ചിനെതിരെയാണ് ബ്രിട്ടണ്‍ ഉപരോധ നിയമം പ്രഖ്യാപിച്ചത്. അതേസമയം, ഉപരോധം പ്രഖ്യാപിച്ചെങ്കിലും ചെല്‍സി ക്ലബ്ബ് വില്‍ക്കാനുള്ള നടപടികള്‍ക്കായി അബ്രാമോവിച്ചിന് പ്രത്യേക അനുമതിയും ലൈസന്‍സും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
റഷ്യ ഉക്രെയ്നെ ആക്രമിച്ച ശേഷം നടപടി നേരിടുന്ന ഏഴു പേരില്‍ ഒരാളാണ് അബ്രാമോവിച്ച്. നിരോധനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്ക് ഇനി കടക്കാന്‍ സാധിക്കില്ല. ഒപ്പം നിലവില്‍ ബ്രിട്ടണിലുള്ള എല്ലാ വസ്തുവകകളും ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. ചെല്‍സി വില്‍പ്പനയില്‍ നിന്നും തനിക്ക് യാതൊരു ഗുണഫലവും ലഭിക്കില്ലെന്ന ഉറപ്പ് ബ്രിട്ടന് നല്‍കണമെന്നതാണ് പ്രധാന മുന്‍ ഉപാധി. ചെല്‍സിയില്‍ നിന്നു കിട്ടുന്ന അറ്റ ലാഭം ഉക്രേനിയന്‍ ജനതയെ സഹായിക്കാന്‍ നല്‍കുമെന്ന് അബ്രാമോവിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ രേഖാമൂലമായ നടപടികളൊന്നുമായിട്ടില്ല.
ക്ലബ്ബ് വില്‍ക്കുന്നതിലൂടെ താരങ്ങളുടെ പ്രതിഫലത്തുക, സ്റ്റേഡിയം നടത്തിപ്പിലെ ചെലവുകള്‍ , ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളം തുടങ്ങി എല്ലാം കൊടുത്തുതീര്‍ക്കാന്‍ സാധിക്കും. ഒപ്പം ഇനി ക്ലബ്ബ് കളിക്കാനിരിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ വില്‍ക്കാനും നിലവില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ മുടങ്ങാതിരിക്കാനുമാണ് അബ്രാമോവിച്ചിന് ഇളവ് അനുവദിച്ചിട്ടുള്ളത്.
റഷ്യയില്‍ നിന്നുള്ള കോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് മേല്‍ അമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ശതകോടീശ്വരന്മാരായ ഇഗര്‍ സെച്ചിന്‍, ഒലേഗ് ഡെറിപ്സ്‌ക എന്നിവരുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ഇരുവരും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഉറ്റ അനുയായികളായിരുന്നു.
'റഷ്യ ഉക്രെയ്നെതിരെ നടത്തുന്നത് കാടത്തവും മനുഷ്യത്വരഹിതവുമായ നടപടിയാണ്. നിയന്ത്രിക്കാമായിരുന്ന യുദ്ധം ജനവാസ മേഖലയിലേക്കും ആശുപത്രിയിലേക്കും ആണവ നിലയങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇത് കണ്ടിട്ടും ലോകത്തെ വിവിധ ഭാഗങ്ങളിലെ സ്വാധീനമുള്ള റഷ്യന്‍ വംശജര്‍ പുടിനെ തടയാന്‍ പോലും തയ്യാറായില്ല. അത്തരം ജനത ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കേണ്ടവരല്ല'- ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.