സംസ്ഥാനത്തിന്റെ വളര്‍ച്ച താഴോട്ട്: ആളോഹരി വരുമാനം കുറഞ്ഞു, തൊഴില്‍രഹിതര്‍ 10%

സംസ്ഥാനത്തിന്റെ വളര്‍ച്ച താഴോട്ട്: ആളോഹരി വരുമാനം കുറഞ്ഞു, തൊഴില്‍രഹിതര്‍ 10%

കൊച്ചി: കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ വളര്‍ച്ച താഴോട്ടെന്ന് കണക്കുകള്‍. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചനിരക്ക് മൈനസ് ആയെന്നും ആളോഹരി വരുമാനത്തില്‍ 16,000 രൂപയുടെ കുറവും വന്നു. കൂടാതെ തൊഴിലില്ലായ്മ വര്‍ധിച്ചു. എന്നാല്‍ കൃഷിയില്‍ വളര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബജറ്റിനൊപ്പം ആസൂത്രണ ബോര്‍ഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകനം അനുസരിച്ച് 2020-21 വര്‍ഷത്തെ സംസ്ഥാന ആഭ്യന്തര വളര്‍ച്ചയുടെ (എസ്ഡിപി) ഇടിവ് മൈനസ് 9.2 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനത്തിലും മൈനസ് 9.66% ഇടിവുണ്ട്. 1.62 ലക്ഷമായിരുന്ന ആളോഹരി വരുമാനം 1.46 ലക്ഷമായി കുറഞ്ഞു. എന്നാല്‍, ഈ തുക അഖിലേന്ത്യാ ആളോഹരി വരുമാനത്തിന്റെ ഒന്നര ഇരട്ടിയാണെന്നും അവലോകനത്തില്‍ ചൂണ്ടിക്കാട്ടി.

ടൂറിസം ഉള്‍പ്പടെ സേവനമേഖല പൂര്‍ണമായി അടഞ്ഞു കിടന്ന 2020-21 ല്‍ വളര്‍ച്ചയിലെ ഏറ്റവും വലിയ ഇടിവും സേവന മേഖലയിലാണ് മൈനസ് 9.25%. വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന ദ്വിതീയ മേഖലയിലും 9.5% ഇടിവ്. എന്നാല്‍ ഇതേ കാലത്തു കൃഷിയും അനുബന്ധ മേഖലയിലും സ്ഥിര വിലനിരക്കില്‍ (കോണ്‍സ്റ്റന്റ് പ്രൈസ്) വളര്‍ച്ച 3.81% രേഖപ്പെടുത്തി. 2019-20 ല്‍ മൈനസ് 5% നിരക്കില്‍ താഴോട്ടു പോയതാണ് കോവിഡ് കാലത്ത് വളര്‍ന്നത്.

കെട്ടിട നിര്‍മാണ രംഗം മൈനസ് 10.3% നിരക്കില്‍ താഴേക്കു വീണു. മുന്‍വര്‍ഷം മൈനസ് 1% എന്ന നിലയിലായിരുന്നു. വ്യവസായോല്‍പാദന രംഗത്ത് മൈനസ് 8.9% നിരക്കാണ്. ഈ രംഗം കഴിഞ്ഞ മൂന്ന് വര്‍ഷമായി താഴോട്ടാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കോവിഡ് മൂലമാണു തകര്‍ച്ചയെന്നും ഉത്തേജനപാക്കേജായി 20,000 കോടി രൂപ നല്‍കിയതുകൊണ്ടാണു തകര്‍ച്ച പിടിച്ചു നിര്‍ത്താനായതെന്നും അവലോകനത്തില്‍ പറയുന്നു.

തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ 35% തൊഴില്‍രഹിതര്‍ കേരളത്തില്‍ 10%. മുന്‍ വര്‍ഷത്തെക്കാള്‍ 1% വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, ഇത് 15 മുതല്‍ 59 വയസു വരെയുള്ളവരുടെ കണക്കാണ്. അഖിലേന്ത്യാ ശരാശരി 4.8% മാത്രം. ഉന്നത വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മയിലും കേരളം തന്നെ മുന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ 15 മുതല്‍ 29 വയസു വരെയുള്ള യുവതീയുവാക്കളില്‍ തൊഴില്‍രഹിതര്‍ വളരെ കൂടുതലാണ് 35.4%. അതില്‍ പുരുഷന്‍മാര്‍ 26.5%, സ്ത്രീകള്‍ 53.7%. 59 വയസു വരെയുള്ള പുരുഷന്‍മാരില്‍ തൊഴില്‍രഹിതര്‍ 7.4%, സ്ത്രീകളില്‍ 15.1%. അഖിലേന്ത്യാ ശരാശരി തൊഴില്‍രഹിതരായ പുരുഷന്‍മാര്‍ 4.5%, സ്ത്രീകള്‍ 4.2% എന്നിങ്ങനെയാണ്.

ഇതേപ്രായത്തില്‍ വിദ്യാഭ്യാസം നേടിയവരുടെ തൊഴില്‍രാഹിത്യമാണു കേരളത്തില്‍ കൂടുതല്‍. 16.7%. ഗ്രാമങ്ങളില്‍ 17%, നഗരങ്ങളില്‍ 16.4% ഇവിടെയും അഖിലേന്ത്യാ നിരക്കിനേക്കാള്‍ കേരളത്തിലെ തൊഴിലില്ലായ്മ കൂടുതലാണ്. അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ 10.1% മാത്രം. ഗ്രാമങ്ങളില്‍ 9.9%, നഗരങ്ങളില്‍ 10.3% എന്ന നിലയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.