റഷ്യന്‍ നിര്‍മിത എ.കെ 56, ക്രിന്‍കോവ് റൈഫിളുകള്‍; സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഡീപ് ഫ്രീസര്‍: വൈറ്റ് കോളര്‍ ഭീകരര്‍ ഒരുക്കിയത് വന്‍ സന്നാഹം

റഷ്യന്‍ നിര്‍മിത എ.കെ 56, ക്രിന്‍കോവ് റൈഫിളുകള്‍; സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഡീപ് ഫ്രീസര്‍: വൈറ്റ് കോളര്‍ ഭീകരര്‍ ഒരുക്കിയത് വന്‍ സന്നാഹം

ലഖ്നൗ: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്ഫോടന പരമ്പരകളായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി വലിയ തോതിലുള്ള സ്ഫോടക വസ്തുക്കളാണ് സംഭരിച്ചിരുന്നത്.

പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യുളില്‍ അറസ്റ്റിലായ ഡോക്ടര്‍മാരായ മുസമ്മില്‍ ഗനായി, ഷഹീന്‍ സായിദ്, അദീല്‍ റാഥര്‍ എന്നിവര്‍.

ഇതില്‍ മുസമ്മില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന റഷ്യന്‍ നിര്‍മിത എ.കെ 56 റൈഫിള്‍ വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ ഷഹീന്‍ സയീദ് വഴിയാണ് മുസമ്മില്‍ റൈഫിള്‍ വാങ്ങിയത്. ഇത് പിന്നീട് അന്വേഷണ സംഘം അദീലിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയിരുന്നു.

മറ്റൊരു റഷ്യന്‍ നിര്‍മിത അസോള്‍ട്ട് റൈഫിളായ എ.കെ ക്രിന്‍കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ബെരേറ്റ പിസ്റ്റള്‍, 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിന്നീട് കണ്ടെടുത്തത്. അദീലിന്റെ ലോക്കറില്‍ നിന്ന് എ.കെ 56 കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് അന്വേഷണ സംഘം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം നടത്തിയത് അറസ്റ്റിലായ ഷഹീന്‍ സയീദാണെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ് ഫ്രീസറും ഇത്തരത്തില്‍ സംഘടിപ്പിച്ചു. ചൂടുകൂടിയാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഐഇഡി തയ്യാറാക്കാനുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനാണ് ഡീപ് ഫ്രീസര്‍ വാങ്ങിയത്.

ആയുധങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുമായി 26 ലക്ഷം രൂപയാണ് ഇവര്‍ സംഘടിപ്പിച്ചത്. പണം കണ്ടെത്താനുള്ള ചുമതല വനിത ഡോക്ടറായ ഷഹീന്‍ ആണ് ഏറ്റെടുത്തത്. ഫണ്ട് കണ്ടെത്തുന്നതില്‍ മാത്രമല്ല ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഭരിക്കാനും ഷഹീന് നിരവധി വഴികള്‍ അറിയാമായിരുന്നുവെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യയും ജയ്ഷെയുടെ വനിതാ ഭീകര വിഭാഗത്തിന്റെ നേതാക്കളിലൊരാളുമായ അഫിറാ ബിബിയുമായി ഷഹീന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉമര്‍ ഫറൂഖിനെ സുരക്ഷാ സേന പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.