ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹമായി മാറുന്നു. സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
ഡി.കെ ശിവകുമാറിനെ പിന്തുണയ്ക്കുന്ന പത്തോളം എംഎല്‍എമാര്‍ തങ്ങളുടെ ആവശ്യം ഹൈക്കമാന്‍ഡിനെ നേരില്‍ കണ്ട് അറിയിക്കുന്നതിനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നേരത്തേ അംഗീകരിച്ച സ്ഥാന മാറ്റ കരാര്‍ പാലിക്കണമെന്നാണ് ഡി.കെ പക്ഷക്കാരുടെ ആവശ്യം. ശിവകുമാറിന്റെ ഏറ്റവും വിശ്വസ്ഥരായ എംഎല്‍എമാരാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കാണാന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് പിന്നാലെ കൂടുതല്‍ എംഎല്‍എമാര്‍ ഇതേ ആവശ്യമുന്നയിച്ച് കര്‍ണാടകയില്‍ നിന്നും ഡല്‍ഹിയില്‍ എത്തും. ഡി.കെ പക്ഷത്തിന്റെ ഈ നീക്കം കര്‍ണാടക സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.
ദിനേഷ് ഗൂളിഗൗഡ, രവി ഗണിഗ, ഗുബ്ബി വാസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയത്. മന്ത്രി എന്‍. ചാലുവരായ സ്വാമി, എംഎല്‍എമാരായ എച്ച്.സി ബാലകൃഷ്ണ, എസ്.ആര്‍ ശ്രീനിവാസ്, ടി.ഡി രാജേഗൗഡ എന്നിവര്‍ നേരത്തെ തന്നെ ഡല്‍ഹിയിലുണ്ട്. നൂറ് എംഎല്‍എമാര്‍ ശിവകുമാറിനെ പിന്തുണയ്ക്കുമെന്നാണ് ഇവരുടെ അവകാശ വാദം.
2023 ല്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ ഇടപെടലില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയുമാക്കി. രണ്ടര വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന ധാരണ ഉണ്ടെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.