ആക്രമണ ഭയം; ജർമ്മനിയിൽ ക്രിസ്തുമസ് മാർക്കറ്റുകൾ തുറന്നത് കർശന സുരക്ഷാ വലയത്തിൽ

ആക്രമണ ഭയം; ജർമ്മനിയിൽ ക്രിസ്തുമസ് മാർക്കറ്റുകൾ തുറന്നത് കർശന സുരക്ഷാ വലയത്തിൽ

മാഗ്ഡെബർഗ്: 2024 ഡിസംബർ 20 ന് നടന്ന വാഹനാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ ക്രിസ്തുമസ് മാർക്കറ്റുകൾ ഈ വർഷം തുറന്നത് കർശനമായ സുരക്ഷാ സംവിധാനങ്ങളോടെ‌. കഴിഞ്ഞ വർഷം മാഗ്ഡെബർഗിൽ നടന്ന ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൻ്റെ പ്രതി നവംബർ 10 മുതൽ വിചാരണയിലായതിനാൽ നഗരം ഇപ്പോഴും കനത്ത ജാഗ്രതയിലാണ്.

സംഭവത്തിൻ്റെ ഓർമ്മകളും സുരക്ഷാ ആശങ്കകളും കാരണം, നഗരത്തിലെ പ്രധാന ക്രിസ്തുമസ് മാർക്കറ്റിന് അംഗീകാരം നൽകാൻ ഉദ്യോഗസ്ഥർ ദിവസങ്ങളോളം വിസമ്മതിച്ചു. ഒടുവിൽ നവംബർ 20 ന് മാർക്കറ്റ് തുറക്കാൻ അനുമതി നൽകുകയായിരുന്നു.

പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഭീകരാക്രമണ ഭയം വർധിച്ചിട്ടുണ്ട്. ജർമ്മൻ പ്രസ് ഏജൻസിയായ ഡിപിഎയ്ക്ക് വേണ്ടി അടുത്തിടെ നടത്തിയ യൂഗോവ് പോൾ പ്രകാരം 62 ശതമാനം ആളുകളും ഈ വർഷം ക്രിസ്തുമസ് മാർക്കറ്റിൽ ഒരു ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

സുരക്ഷാ കാരണങ്ങളാൽ 2025 ലെ ക്രിസ്തുമസ് സീസണിൽ കൊളോണിനടുത്തുള്ള ഓവറത്തിലെ ഒരു സീസണൽ മാർക്കറ്റ്, വടക്കൻ ജർമ്മനിയിലെ റോസ്റ്റോക്ക് മാർക്കറ്റുകളിൽ ഒന്ന്, ഡോർട്ട്മുണ്ടിലെ ബോഡൽഷ്വിംഗ് കാസിൽ എന്നിവയുൾപ്പെടെ ചില പ്രധാന മാർക്കറ്റുകൾ റദ്ദാക്കി.

സാംസ്കാരികവും മതപരവുമായ വലിയ പ്രാധാന്യം അർഹിക്കുന്നവയാണ് ജർമ്മൻ ക്രിസ്തുമസ് മാർക്കറ്റുകൾ. ഓരോ വർഷവും 3,000 ത്തിലധികം ക്രിസ്തുമസ് മാർക്കറ്റുകളാണ് രാജ്യത്ത് സജീവമാകുന്നത്. ഏകദേശം 170 ദശലക്ഷം സന്ദർശകർ ഇവിടെ എത്തിച്ചേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.