ഇസ്ലാമില്‍ ഹിജാബ് അവിഭാജ്യ ഘടകമോ?.. കര്‍ണാടക ഹൈക്കോടതി തേടിയത് മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം

ഇസ്ലാമില്‍ ഹിജാബ് അവിഭാജ്യ ഘടകമോ?.. കര്‍ണാടക ഹൈക്കോടതി തേടിയത് മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം

ബെംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം ശരിവച്ചു കൊണ്ടുള്ള ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവില്‍ നിര്‍ണായകമായ മൂന്ന് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചൂണ്ടിക്കാട്ടുന്നത്. കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരുടെ നിരീക്ഷണം ഇപ്രകാരമാണ്.

മൂന്നു ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തിയതെന്ന് കോടതി പറയുന്നു.

ആദ്യ ചോദ്യം: ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമാണോ?
ഉത്തരം: അല്ല

രണ്ടാം ചോദ്യം: യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമാണോ?
ഉത്തരം: അല്ല

മൂന്നാം ചോദ്യം: സര്‍ക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് റദ്ദാക്കേണ്ടതുണ്ടോ?
ഉത്തരം: ഇല്ല.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ യൂണിഫോം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. യൂണിഫോം എന്നത് എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. അത് മൗലികാവകാശ ലംഘനമല്ല. അനുവദനീയമായ നിയന്ത്രണങ്ങളുടെ ഭാഗം മാത്രമാണ്. ഹിജാബ് മതപരമായി അവിഭാജ്യഘടകമാണെന്നും സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും ധരിക്കേണ്ട ഒന്നാണെന്നും തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും കേസില്‍ മെറിറ്റില്ലെന്നും കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു.
ചുരുക്കത്തില്‍ ഇങ്ങനെ:

'ഹിജാബ് നിര്‍ബന്ധിത മതാചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടമാണ്. യൂണിഫോം നിര്‍ബന്ധമാക്കല്‍ മൗലികാവകാശ ലംഘനമല്ല. യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ല. വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവേഷം വിലക്കിയ ഉത്തരവ് ശരിയാണ്. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ കാരണം കാണുന്നില്ല. അതിനാല്‍ തന്നെ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജികള്‍ നിലനില്‍ക്കില്ല' - ഇത്രയുമാണ് ഹൈക്കോടതി വിധിയിലുള്ള പ്രധാന കാര്യങ്ങള്‍.

ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഉഡുപ്പി സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് നിരോധിച്ച കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ ബിജെപി എംഎല്‍എയെയും വൈസ് ചെയര്‍മാനെയും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പ്രിന്‍സിപ്പാളിനെയും ലക്ചറര്‍മാരെയും സസ്‌പെന്‍ഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി.

എന്നാല്‍ ഹിജാബ് മാതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19, 25 അനുച്ഛേദത്തിന്റെ ലംഘനമാണ് ഹിജാബ് നിരോധനം എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. കേസില്‍ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.