കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനക്രമത്തിനായുള്ള നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് എ കെ സി സി പാലാ രൂപത ഭാരവാഹികളും രൂപത ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേലും വേദിയിലെത്തി. ദൈവത്തിന്റെ സർവ്വാധിപത്യത്തിനു കീഴടങ്ങാൻ തയ്യാറാകണമെന്ന് റോബർട്ട് ഗെഥെയുടെ ചിന്തകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമിപ്പിച്ചു. സമരത്തിന്റെ അവസാനം വരെ കൂടെ ഉണ്ടായിരിക്കുമെന്ന് പാലാ രൂപത എ കെ സി സി പ്രസിഡന്റ് ഇമ്മാനുവൽ ഉറപ്പു നൽകി.
ഇരുപത്തി മൂന്നാം ദിനത്തിലേക്ക് കടക്കുന്ന നിരാഹാര സമരത്തിൽ ബ്രദർ മാവുരൂസിനോടൊപ്പം ബ്രദർ അമലും നിരാഹാരമനുഷ്ടിക്കുന്നു. ഇരിങ്ങാലക്കുട രൂപത പ്രതിനിധികൾ, പൂഞ്ഞാർ മുൻ എം എൽ എ പിസി ജോർജ്, പി സി സിറിയക് ഐ എ എസ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമര പന്തലിൽ എത്തിയിരുന്നു.
അതിരൂപത സഭാ സംരക്ഷണ സമിതിയുടെ ഏകീകൃത കുർബ്ബാന എന്ന ആവശ്യത്തോട് അതിരൂപത മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയായ മാർ കരിയിൽ ഇതുവരെ അനുകൂല മനോഭാവം സ്വീകരിച്ചിട്ടില്ല. ഏകീകൃത കുർബ്ബാന അർപ്പിക്കുന്നതിൽ നിന്നും രൂപതയ്ക്ക് മുഴുവനായും നൽകിയ ഇളവുകൾ തിരുത്തണം എന്നാവശ്യപ്പെട്ട് വത്തിക്കാനിലെ പൗര്യസ്ത്യ തിരുസംഘം ഫെബ്രുവരി 28 ന് കത്ത് നൽകിയിരുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ വികാരി എന്ന നിലയിൽ സീറോ മലബാർ സിനഡ് തീരുമാനങ്ങളെ മറി കടക്കുവാൻ അധികാരമില്ല എന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ മേജർ ആർച്ച്ബിഷപ്പുമായി കൂടിയാലോചിക്കണമെന്നും പൗര്യസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലിയനാർഡോ സാന്ദ്രി ആവശ്യപ്പെട്ടു.
മാർച്ച് 11 ന് സീറോ മലബാർ സഭാ തലവൻ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ കത്തിൽ ഏകീകൃത കുർബ്ബാന നടപ്പാക്കുന്നത് സംബന്ധിച്ച് മാർപ്പാപ്പയുടെ അംഗീകാരത്തോടുകൂടെ പൗര്യസ്ത്യ തിരുസംഘം നൽകുന്ന അവസാന നിർദ്ദേശമാണിതെന്ന് വ്യക്തമാക്കി. ഉടനെ നടക്കാനിരിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത വൈദീക സമിതി സമ്മേളനത്തിൽ മാർ കരിയിൽ റോമിന്റെയും സിനഡിന്റെയും നിലപാടുകളെ തള്ളിപ്പറയുമോ അതോ അംഗീകരിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് രൂപതയിലെ വിശ്വാസി സമൂഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.