സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷ നാളെ മുതല്‍; പരീക്ഷ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക്

സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷ നാളെ മുതല്‍; പരീക്ഷ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക്

തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാളെ കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടെത്തി പരീക്ഷ എഴുതും. ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് നാളെ വാര്‍ഷിക പരീക്ഷ ആരംഭിക്കുന്നത്.

ഒന്നു മുതല്‍ നാല് വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക ചോദ്യ പേപ്പര്‍ തയാറാക്കിയിട്ടുള്ളത്. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യ പേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യ നിര്‍ണയം നടത്തും.

കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ചോദ്യ പേപ്പറാണ് തയാറാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളെ മാനസികമായി തയാറെടുക്കുന്നതിനു വേണ്ടിയാണ് പരീക്ഷ. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒന്‍പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യ പേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉണ്ടാകും. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എട്ട്, ഒന്‍പത് ചോദ്യ പേപ്പറുകളുടെ ഘടന മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ആയിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാം.

34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നത്. സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.