പതിനോമ്പ് പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങളിൽ

പതിനോമ്പ് പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങളിൽ

വലിയനോമ്പ് പാതിവഴി പിന്നിടുന്നത് ഉയിർപ്പുതിരുനാളിലേക്കു നയിക്കുന്ന ഒരു സുപ്രധാനഘട്ടവും ഇടവേളയുമായി പാശ്ചാത്യ-പൗരസ്ത്യസ ഭകളിലെല്ലാം ആചരിച്ചുവരുന്നു.

പാശ്ചാത്യസഭയിൽ 'സന്തോഷഞായർ' കഠിനമായ നോമ്പിനും തപശ്ചര്യകൾക്കുമിടയിൽ ആശ്വാസത്തിന്റെ ഇളവു ലഭിക്കുന്നവേളയെന്നനിലയിൽ റോമൻ പാരമ്പര്യം നോമ്പിന്റെ നാലാം ഞായറാഴ്ചയെ "Laetere Sunday"- "Gaudete Sunday" അഥവാ "സന്തോഷഞായർ" എന്നു വിളിച്ചിരുന്നു (ഈസ്റ്ററിനു 21 ദിവസം മുൻപ് - 2022ൽ ഇതു മാർച്ച്‌ 27 നാണ്). ഈ ദിവസം റോമൻ ലിറ്റർജിയിൽ "ജെറുസലേമേ, സന്തോഷിക്കുക..." (ഏശ 66:10) എന്നാരംഭിക്കുന്ന പ്രവേശനഗീതം പാടിയിരുന്നതിൽനിന്നാണ് ഇതിനു ഈ പേരു വന്നത്. അന്നേദിവസം കർത്താവിന്റെ തിരുക്കുരിശിന്റെ അംശം സൂക്ഷിക്കുന്ന റോമിലെ "ജറുസലേമിലെ തിരുക്കുരിശിന്റെ" ബസിലിക്കയാണ് മാർപ്പാപ്പായുടെ നോമ്പുകാല പ്രദക്ഷിണപ്രാർഥനയുടെ സ്ഥലമായി (Statio) നിശ്ചയിക്കപ്പെട്ടിരുന്നത്. അവിടെവച്ചു മാർപ്പാപ്പാ റോസാപുഷ്പങ്ങൾ വെഞ്ചരിച്ച് ക്രിസ്തീയരാജാക്കന്മാർക്ക് അയച്ചുകൊടുത്തിരുന്നതിനെ ഓർമ്മിപ്പിച്ചുകൊണ്ട് റോസ് നിറത്തിലുള്ള തിരുവസ്ത്രങ്ങളാണ് 'സന്തോഷഞായറിലെ' തിരുക്കർമ്മങ്ങൾക്കു അണിയുന്നത്. കൂടാതെ, അന്നേദിവസം വേലക്കാർക്കാർക്കു അവധി കൊടുക്കുകയും അവർ വീടുകളിലെത്തി അവരുടെ അമ്മമാർക്ക് മധുരപലഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തിരുന്നു. വീടുകളിൽ അമ്മമാർ പഴങ്ങളും മുട്ടയും ചേർത്ത കേക്കുകളും ഉണ്ടാക്കിയിരുന്നു (ഇരുപതു ദിവസങ്ങൾ മുട്ട കേടുകൂടാതിരിക്കും എന്നു കണക്കുകൂട്ടി അതുവരെയുള്ള നോമ്പുദിനങ്ങളിൽ ശേഖരിച്ച മുട്ടകൾ ചേർത്താണ് കേക്ക് ഉണ്ടാക്കിയിരുന്നതത്രെ!). അതുകൊണ്ട് "Mothers Day" എന്നും ഈ ദിവസത്തിന് പേരു വന്നു.

ഈസ്റ്ററിന്റെ ഒരു മുന്നാസ്വാദനമായി ഈ ദിവസത്തെ കരുതിയിരുന്നു. തൃശൂർ, എറണാകുളം പ്രദേശങ്ങളിൽ പതിനോമ്പിനെ "സന്തോഷഞായർ" എന്നു വിളിച്ചിരുന്നതും അന്നേദിവസം ഇണ്ടറിയപ്പം ഉണ്ടാക്കിയിരുന്നതും, പുത്തൻകൂറ്റുകാർ പതിനോമ്പിനു (പലഗൂത്താ) കൊഴുക്കൊട്ട ഉണ്ടാക്കിയിരുന്നതും പാശ്ചാത്യരീതിയുടെ ഒരു പ്രാദേശിക അനുരൂപണമായി കണക്കാക്കാം. അർമേനിയൻ സഭയിൽ പാശ്ചാത്യസ്വാധീനമുള്ള അർമേനിയൻ പാരമ്പര്യത്തിൽ പതിനോമ്പിന് നാണയം അകത്തുവച്ചുള്ള "മിച്ചിൻങ്ക്" എന്ന പുളിക്കാത്ത അപ്പവും സാൻഡ്‌വിച്ചും ഉണ്ടാക്കുന്നു (നാണയം ലഭിക്കുന്ന ആളെ ഭാഗ്യവാന്മാരായി കണക്കാക്കിയിരുന്നു!). റോമൻരീതിയെ അനുസ്മരിപ്പിക്കുംവിധം മരുമക്കൾക്കു അവരുടെ മാതാപിതാക്കന്മാരെ കാണാൻ വീടുകളിൽ പോകാൻ ഇളവുകൊടുക്കുന്ന ദിവസംകൂടിയാണിത്. ഫ്രഞ്ച്-കനേഡിയൻ ആചരണം ഫ്രഞ്ച് കാനഡക്കാരുടെയിടയിൽ പതിനോമ്പിന്‌ ("Mi Careme"- മി കരേം) മുതിർന്ന സ്ത്രീകൾ വേഷപ്രശ്ചന്നരായി പാട്ടുപാടി ഭവനങ്ങൾ സന്ദർശിച്ച് നോമ്പാചരിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുക്കുന്ന പതിവുണ്ട്. നോമ്പ് പതിയായതിന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നോമ്പിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാനൊരുങ്ങുന്ന ആചരണങ്ങളാണിവ.

പാതിനോമ്പും പൗരസ്ത്യസഭകളിലെ സ്ലീവാ ഉയർത്തലും ജെറുസലേം-കോൺസ്റ്റാന്റിനോപ്പിൾ ആരാധനക്രമങ്ങളിൽ ചരിത്രപരമായ കാരണങ്ങളാൽ ഉരുത്തിരിഞ്ഞ ഒന്നാണ് പാതിനോമ്പിലെ സ്ലീവാ ഉയർത്തൽ കർമ്മം. ജറുസലേമിലെ മെത്രാനായ വി. മക്കാറിയോസ് (314-335) കർത്താവിന്റെ തിരുക്കുരിശു കണ്ടെത്തിയശേഷം വി. ഹെലേനാരാജ്ഞിയുടെ നേതൃത്വത്തിൽ അവിടെ പണികഴിപ്പിച്ച ദേവാലയപ്രതിഷ്ഠയോടനുബന്ധിച്ചാണ് സ്ലീവായുടെ ഉയർത്തൽ ആരംഭിച്ചത്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽനിന്ന് ഒരോരുത്തർക്കും അടുത്തുവന്ന് കുരിശിനെ വന്ദിക്കാൻ കഴിയാത്തതിനാൽ മെത്രാൻ അതു ഉയർത്തി നാലു വശങ്ങളിലും നിൽക്കുന്നവരെ കാണിച്ചിരുന്ന കർമ്മമായിരുന്നു അത്‌. AD 614ൽ പേർഷ്യൻ രാജാവ് ജെറുസലേം കീഴടക്കി തിരുക്കുരിശ് എടുത്തുകൊണ്ടുപോയെങ്കിലും AD 629ൽ ക്രിസ്ത്യൻ കോൺസ്റ്റാന്റിനോപ്പിളിലെ ഹെറാക്ലിയസ് ചക്രവർത്തി അതു വീണ്ടെടുത്ത് സ്വയം തോളിൽ വഹിച്ചു പൂർവ്വസ്ഥലത്തു സ്ഥാപിച്ച സംഭവത്തിനുശേഷം സ്ലീവാ ഉയർത്തലും വണക്കവും ഒന്നുകൂടി പ്രസിദ്ധമായി (രാജകീയവസ്ത്രം ധരിച്ച ചക്രവർത്തിക്ക് കുരിശ് എടുത്തുയർത്തുവാൻ സാധിച്ചില്ലെന്നും എന്നാൽ അതു മാറ്റി പകരം ലളിതവസ്ത്രം ധരിച്ചപ്പോൾ അദ്ദേഹത്തിന് കുരിശു വഹിക്കാനായി എന്നതും പാരമ്പര്യം).

പാതി നോമ്പിനോടടുത്ത്, നോമ്പിന്റെ മൂന്നാം ഞായറാഴ്ചയായിരുന്നു ആ സംഭവം. അതോടെ ഈ ദിനം സ്ലീവായുടെ പുനഃപ്രതിഷ്ഠാദിനമായി മാറുകയുണ്ടായി. നോമ്പാചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കാനും ഉയിർപ്പുതിരുനാളിനൊ രുങ്ങാനും വേണ്ടിയാണ് ഈ സ്ലീവാപ്രതിഷ്ഠയും വന്ദനവും നടത്തിയിരുന്നതെന്നു വി. സൊഫ്‌റീനസ്  രേഖപ്പെടുത്തുന്നു. AD 637ൽ കാലിഫ് ഒമാർ ജെറുസലേം ആക്രമിച്ചു കൊള്ളയടിച്ചശേഷം സ്ലീവാവണക്കം അവിടെ അസാധ്യമായിത്തീർന്ന സാഹചര്യത്തിൽ ജെറുസലേമിനു പുറത്തുള്ള സമീപസഭാസമൂഹങ്ങളിലേക്കും സ്ലീവാഉയർത്തലും വണക്കവും പ്രചരിക്കുകയുണ്ടായി. AD 787ൽ രണ്ടാം നിഖ്യാസൂനഹദോസിൽ വച്ച് സ്ലീവാവണക്കം സാർവത്രികമായി അംഗീകരിച്ചതോടുകൂടി ഈ ആചരണം തിരുക്കുരിശിന്റെ അംശം സൂക്ഷിച്ചിരുന്ന കോൺസ്റ്റാന്റിനോപ്പിളിലേക്കും വ്യാപിച്ചു.

നഗരകേന്ദ്രങ്ങളിലെ കത്തീഡ്രൽ ദേവാലയങ്ങളിൽ മാത്രം നടത്തിയിരുന്ന ഈ കർമ്മങ്ങൾ 1274 മുതൽ ഗ്രാമദേവാലയങ്ങളിലേക്കും വ്യാപിച്ചു. പാതിനോമ്പിലെ പ്രഭാതനമസ്കാരത്തെത്തുടർന്ന് ഊറാറ ചാർത്തിയ കുരിശ് എടുത്തുയർത്തി ദേവാലയത്തിനുചുറ്റും അകത്തു നാലുഭാഗത്തും പ്രദക്ഷിണംവച്ച ശേഷം മുക്കാലുകളുള്ള പീഠത്തിൽ ചുവന്ന പട്ടുവിരിച്ചു സ്ഥാപിക്കുന്ന പതിവ് ആരംഭിച്ചു. ഈശോയുടെ തിരുക്കുരിശിനെ അനുസ്മരിപ്പിച്ചുകൊണ്ട് മരക്കുരിശാണ് ഈ കർമ്മത്തിന് ഉപയോഗിക്കേണ്ടതെന്നും നിഷ്ക്കർഷിച്ചിരുന്നു. നാൽപതു സംവത്സരങ്ങളിലെ മരുയാത്രാമധ്യേ സർപ്പദംശനമേറ്റവർ മോശ ഒരു വടിയിലുയർത്തിനിർത്തിയ പിത്തളസർപ്പത്തെ നോക്കി സുഖം പ്രാപിച്ചതിനെ (സംഖ്യ 21:9, യോഹ 3:14) അനുസ്മരിച്ചുകൊണ്ട് നോമ്പുകാലമധ്യേ ഈശോയുടെ കുരിശിനെ നോക്കി മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി സംഭരിക്കുന്ന ഒരു ആചരണമായി ഇത്‌ മാറി. ഈ സ്ലീവാ പീഡാനുഭവആഴ്ചവരെ ദേവാലയമധ്യത്തിലും തുടർന്ന് പീഡാനുഭവവെള്ളി, ഉയിർപ്പ് മുതൽ സ്വർഗ്ഗാരോഹണംവരെ മദ്ബഹായിലും വിവിധ ആചരണങ്ങളോടുകൂടി പ്രതിഷ്ഠിച്ചിരുന്നു. ക്രമേണ സുറിയാനിസഭകളിലേക്കും അർഥവത്തായ ഈ ആചരണങ്ങൾ പ്രചരിക്കുകയാണുണ്ടായത്. പതിനോമ്പ്‌ സീറോ മലബാർ പാരമ്പര്യത്തിൽ ഇതര പൗരസ്ത്യസഭകളിൽ പതിനോമ്പ്‌ നാലാം ആഴ്ചയിലെ ബുധൻ മാത്രമാണെങ്കിൽ നമ്മുടെ പാരമ്പര്യത്തിൽ ഇത് നാലാം ആഴ്ച മുഴുവനുംതന്നെ ആചരിച്ചിരുന്നു എന്നത് ഒരു വലിയ പ്രത്യേകതയാണ്.

Vatican Syriac 22 എന്നു അറിയപ്പെടുന്ന, 1301ൽ കൊടുങ്ങല്ലൂർ മാർ കുര്യാക്കോസിന്റെ പള്ളിയിൽവച്ച് ഒരു സ്കറിയാശമ്മാശൻ പകർത്തിയ നമ്മുടെ ലേഖനവായനകളുടെ കലണ്ടറിൽ (ഭാരത ക്രൈസ്തവരുടെ ആരാധനക്രമം പൗരസ്ത്യ സുറിയാനിമാത്രമായിരുന്നെന്നു വ്യക്തമാക്കുന്ന ഒരു സുപ്രധാന ചരിത്രരേഖകൂടിയാണിത്) കൊടുത്തിതിരിക്കുന്നത് ഇങ്ങനെയാണ്: "നോമ്പിന്റെ മധ്യത്തിലെ തിങ്കൾ, അതിന്റ ചൊവ്വ, ബുധൻ... മുതൽ വെള്ളിവരെ" (ഫാ. പ്ലാസിഡ്, നമ്മുടെ റീത്തു്, 234). പൗരസ്ത്യ സുറിയാനി വിവാഹക്രമത്തിൽ വിവാഹമുടക്കുള്ള കാലത്തെക്കുറിച്ചു ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: "വലിയനോമ്പ് ആരംഭം മുതൽ പതിനോമ്പുവരെയും, പതിനോമ്പുമുതൽ ഓശാനവരെയും, " അതായത്, പാതിനോമ്പ് നമ്മുടെ സഭയിൽ നോമ്പുകാലത്തിലെ ഒരു സുപ്രധാനഘട്ടമാണെന്നു ഈ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ അതിനെ അനുസ്മരിപ്പിക്കുന്ന ഒരു ആചരണം പ്രസക്തമല്ലേ? സ്ലീവാ ആഘോഷവും ദേവാലയമധ്യത്തിലെ പ്രതിഷ്ഠിക്കലും.

ഗ്രീക്ക്, സുറിയാനി സഭകളിലെല്ലാം ജെറുസലേമിലെ സ്ലീവാ ആഘോഷത്തിൽനിന്നെടുത്തതും പീഡാനുഭവവെള്ളിയാഴ്ച്ചയും സ്ലീവായുടെ പുകഴ്ചയുടെ തിരുനാളിലും അനുഷ്ഠിക്കുന്നതുമായ അതേ കർമ്മംതന്നെയാണ് പതിനോമ്പിലെ സ്ലീവാ ആഘോഷവും. എന്നാൽ പൗരസ്ത്യ സുറിയാനി കലണ്ടറിൽ പാതിനോമ്പുണ്ടെങ്കിലും ആരാധനക്രമ ഗ്രന്ഥങ്ങളിൽ സ്ലീവാ ആഘോഷവും പ്രതിഷ്ഠയും കാണുന്നില്ല! അതേസമയം പീഡാനുഭവവെള്ളിയാഴ്ച്ച മറ്റു പൗരസ്ത്യസഭകളിലെല്ലാമുള്ളതുപോലെ സ്ലീവായെ കേന്ദ്രീകരിച്ചുള്ള കർമ്മങ്ങളെല്ലാം; അതായത്, സ്ലീവാ ദേവാലയത്തിന്റെ നാലു വശങ്ങളിലും പ്രദക്ഷിണമായി കൊണ്ടുപോകുന്ന സ്ലീവാ ആഘോഷം, സ്ലീവാക്ഷാളനവും സ്ലീവായുടെ ശിഖരങ്ങൾ കൈപ്പുനീരിൽ തൊടുവിക്കുന്നതും (മാറായിലെ ജലം മധുരതരമാക്കിയ തടിക്കഷണത്തെ ഓർമ്മിപ്പിക്കുന്ന (പുറ 15:25 - കുരിശിന്റെ സൂചന) കച്ചയിൽ പൊതിഞ്ഞുള്ള അടക്കവും, ഉയിർപ്പുതിരുനാളിലെ പ്രതിഷ്ഠയും നമ്മുടെ ക്രമത്തിൽ കാണുന്നുമുണ്ട്. അപ്പോൾ പതിനോമ്പിലെ സ്ലീവാആഘോഷം മാത്രം കാലക്രമത്തിൽ നഷ്ടപ്പെട്ടു പോയിരിക്കാനാണ് സാധ്യത. അതെങ്ങനെയായിരിക്കാം?

മെസപ്പൊട്ടാമിയയിൽ (ഇന്നത്തെ ഇറാക്ക്) ഉണ്ടായ തുടരെത്തുടരെയുള്ള ഇസ്ലാം അധിനിവേശത്തിലും ഏറ്റവുമൊടുവിൽ പതിമൂന്നാം നൂറ്റാണ്ടിലെ മംഗോൾ ആക്രമണങ്ങളിലും വലിയ ദേവാലയങ്ങൾ തകർക്കപ്പെടുകയും വിശ്വാസികൾ കൂട്ടത്തോടെ വടക്കൻ മലമുകളിലേക്ക് പലായനം ചെയ്യപ്പെടുകയും ചെയ്തപ്പോൾ ഹൈക്കലായിലെ ബേമ്മാകൾ നഷ്ടപ്പെട്ടതുപോലെ ദേവാലയ മധ്യത്തിലെ സ്ലീവാപ്രതിഷ്ഠയും നിലച്ചുപോയിരിക്കാനാണ് സാധ്യത. ഏതായാലും, പാതിനോമ്പിൽ ദേവാലയമധ്യത്തിൽ തുടങ്ങി പീഡാനുഭവവും ഉയിർപ്പും സ്വർഗാരോഹണവുംവ രെ സ്ലീവായെ കേന്ദ്രീകരിച്ചു ക്രമവത്കൃതമായി പുരോഗമിക്കുന്ന സമഗ്രമായ ഒരു കർമ്മക്രമപദ്ധതിയിൽ നമ്മുടെ ക്രമത്തിലുണ്ടായ ഈ വിടവ് പരിഹരിച്ചു അതു പുനരുദ്ധരിക്കുന്നതു വളരെ അർഥവത്തായിരിക്കും. അതുകൊണ്ട് സ്ലീവാ ആഘോഷം ഇല്ലെങ്കിൽത്തന്നെയും പാതിനോമ്പിൽ (ഇത്തവണ മാർച്ച്‌ 23 ബുധൻ, അല്ലെങ്കിൽ അതിനുശേഷമോ) ഹൈക്കലാമധ്യത്തിൽ ഒരു പീഠത്തിൽ ചുവന്ന പട്ടുവിരിച്ചു അതിന്മേൽ ഊറാറ ധരിപ്പിച്ച സ്ലീവാ പ്രതിഷ്ഠിക്കാവുന്നതാണ്. ദേവാലയമധ്യത്തിൽ പണ്ടു സ്ഥാപിച്ചിരുന്ന ബേമ്മായെ (ഗാഗുൽത്താ) അനുസ്മരിപ്പിക്കാനും ഇത്‌ സഹായകമാകും. ഭൂമധ്യത്തിലുള്ള ജെറുസലേമിനെയാണല്ലോ ഹൈക്കലാമധ്യത്തിൽ സ്ഥാപിച്ചിരുന്ന ബേമ്മാ (ഗാഗുൽത്താ) സൂചിപ്പിച്ചിരുന്നത്. (പൌരസ്ത്യസഭകളിൽ ഉപയോഗിക്കുന്ന ചുവന്ന ശോശപ്പാ കെട്ടിയ കൈസ്ലീവാകളും ഗാഗുൽത്തായിലുയർത്തിയ സ്ലീവായുടെ പ്രതീകമാണ്).

പാപത്തിന്റെയും പലവിധ പീഡകളുടെയും യുദ്ധങ്ങളുടെയും മഹാവ്യാധികളുടെയും വിഷദംശനമേൽക്കാതിരിക്കാനും ഏവരും ആത്മശരീരസൗഖ്യം പ്രാപിക്കാനും നോമ്പുകാലമധ്യേ ദേവാലയമധ്യത്തിൽ സ്ഥാപിക്കുന്ന ഈ സ്ലീവായെ നോക്കി പ്രാർത്ഥിക്കാൻ ഈ അവസരം വിനിയോഗിക്കാം. അന്നേദിവസം പരിശുദ്ധ കുർബാനയ്ക്കുശേഷം "നാഥനിലെന്നും..." എന്ന സ്ലീവാഗീതം പാടി പ്രദക്ഷിണമായി ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന പീഠത്തിൽ ചുവന്ന ഊറാറ ഇട്ട സ്ലീവാ സ്ഥാപിച്ച് ധൂപിക്കാവുന്നതാണ്. തുടർന്ന് ദിവസവും തിരുക്കർമ്മങ്ങൾക്കു ശേഷം ദേവാലയത്തിൽനിന്നും പോകുമ്പോൾ ഈ സ്ലീവാ വന്ദിക്കുവാൻ ദൈവജനത്തെ പ്രോത്സാഹിപ്പിക്കാവുന്നതുമാണ്. കൂടാതെ, നമ്മുടെ ഭവനങ്ങളിലും രക്ഷയുടെ അടയാളമായ സ്ലീവാ അലങ്കരിച്ചുവച്ചു പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിക്കുന്നത് അജപാലനപരമായി പാതിനോമ്പ് അർത്ഥവത്തായി ആചരിക്കാൻ സഹായകരമായിരിക്കും. അങ്ങനെ, നവചൈതന്യത്തോടെ നോമ്പിന്റെ അടുത്ത പകുതിയിലേക്കു പ്രത്യാശയോടെ കടക്കുകയും ചെയ്യാം.

ഇത് ഒരു 'അന്ത്യോക്യൻവൽകര ണ'മോ? ഇത് ഒരു അന്ത്യോക്യൻ അനുകരണമായി ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. അതിൽ വലിയ കാര്യമില്ല. കാരണം ഇത് ഒരു ജെറുസലേംകർമ്മമാണ്, അന്ത്യോക്യൻ അല്ല. നമ്മുടെ സഭയിൽ മദ്ബഹാവിരി പുനരുദ്ധരിച്ചപ്പോഴും മുട്ടുകുത്ത് കുറച്ചപ്പോഴും ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടതോർക്കുന്നു! ഈ കുറുപ്പിന്റെ ആദ്യം കണ്ടതുപോലെ ജെറുസലേമിലെ തിരുക്കുരിശു കണ്ടെത്തലും അതിന്റെ ആഘോഷമായ പ്രതിഷ്ഠയോടുമനുബന്ധിച്ച് അവിടെ തുടങ്ങിയ കർമ്മം അവിടെനിന്ന് കോൺസ്റ്റാന്റിനോപ്പിളി ലേക്കും മറ്റ് പൗരസ്ത്യസഭകളിലേക്കും ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ടുമുതൽ ഗ്രാമങ്ങളിലുള്ള പള്ളികളിലേക്കും വ്യാപിക്കുകയാണുണ്ടായത്. എല്ലാ പൗരസ്ത്യസഭകളും പീഡാനുഭവവെള്ളിയാഴ്ച്ചയിലും തിരുക്കുരിശിന്റെ തിരുനാളിലും നടത്തുന്ന അനുഷ്ഠാനം തന്നെയാണ് പാതിനോമ്പിലും ഉള്ളത് എന്ന് ആരാധനക്രമ താരതമ്യപഠനം (comparative liturgy) വ്യക്തമാക്കുന്നു. അതുകൊണ്ട് പീഡാനുഭവആഴ്ചയുടെ ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയ്ക്ക് സ്ലീവാ പ്രതിഷ്ഠിക്കുന്നതിനെ ഒരു അനുകരണമായി കാണേണ്ടതില്ല. മറ്റു സഭകളുടെ പ്രാർത്ഥനകളോ സ്ലീവാആഘോഷമോ, സ്ലീവായിൽ ഊറാറ ചേർത്തുകെട്ടിയിടുന്ന രീതിയോ ഒന്നും ഇവിടെ നിർദ്ദേശിക്കുന്നുമില്ലല്ലോ.ആരാധനക്രമം നിർജ്ജീവമായ ഒരു ഫോസിൽ അല്ല; അത് വിവിധ ആരാധനാപാരമ്പര്യങ്ങളിൽനിന്നുള്ള ആദാനപ്രദാനങ്ങളിലൂടെയും ചരിത്ര- വേദപുസ്തകാടിസ്ഥാനങ്ങളിലൂടെയും സമ്പുഷ്ടമായി ജീവാത്മകമായി വളരുന്ന ഒന്നാണ് എന്ന് നാം ഓർക്കണം. അക്രമണകാരികൾ കുരിശിന്റെ അടയാളം ഈ ഭൂമുഖത്തുനിന്നും തേച്ചുമാച്ചുകളയാൻ ശ്രമിച്ചതിന് ഒരു ക്രിസ്തീയപ്രതികരമായിട്ടാണ് ജറുസലേമിലും തുടർന്ന് മറ്റു പൗരസ്ത്യസഭകളിലും ഈ കർമ്മം വ്യാപിച്ചത് എന്ന് നാം കണ്ടല്ലോ.

ഇന്നും സ്ലീവായെയും ക്രിസ്തീയവിശ്വാസത്തെയും തമസ്കരിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുമ്പോൾ സ്ലീവായെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ഇത്തരം കർമ്മങ്ങൾ പ്രസക്തമാണ്. ഇനി, നമുക്ക് ദേവാലയമധ്യത്തിലുള്ള ബേമ്മായിൽ സ്ലീവാ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് ഇത്തരമൊരു കർമ്മം ആവശ്യമില്ല എന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ ദേവാലയത്തിന്റെ കൃത്യം മധ്യത്തിൽ ഇന്ന് വിരലിലെണ്ണാവുന്ന ഏതാനും സ്ഥലങ്ങളിലൊഴിച്ച് ഒരിടത്തും ബേമ്മാ സ്ഥാപിച്ചിട്ടില്ല എന്നതല്ലേ വസ്തുത? അതുകൊണ്ടാണല്ലോ ബേമ്മായിൽ നടന്നിരുന്ന റാസായിലെ കുമ്പിടീൽകർമ്മം ഇന്ന് ദേവാലയമധ്യത്തിൽ നാം നടത്തുന്നത്! ബേമ്മായിൽ സ്ഥിരമായി സ്ലീവാ വെക്കുന്ന പതിവും നമുക്കില്ലല്ലോ. കുർബാനയർപ്പണവേളയിൽ ബേമ്മായിലേക്ക് സംവഹിക്കുന്ന സ്ലീവാ വചനശുശ്രൂഷയ്ക്കുശേഷം ബലിപീഠത്തിൽലേക്ക് കൊണ്ടുവയ്ക്കുകയാണല്ലോ ചെയ്യേണ്ടത്. തന്നെയുമല്ല, ഇത് താരതമ്യേന ചെറിയ സ്ലീവായും ആണല്ലോ. എന്നാൽ പീഡാനുഭവവാരത്തിലെ കർമ്മങ്ങൾക്ക് ഉപയോഗിക്കുവാൻ പറ്റിയ സാമാന്യം വലിയ സ്ലീവായാണ് പാതിനോമ്പിന് പ്രതിഷ്ഠിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26