താടിയും തലപ്പാവും ഇല്ലെങ്കില്‍ ഇനി സര്‍ക്കാര്‍ ജോലിയില്ല: പുതിയ ഉത്തരവിറക്കി താലിബാന്‍

താടിയും തലപ്പാവും ഇല്ലെങ്കില്‍ ഇനി സര്‍ക്കാര്‍ ജോലിയില്ല: പുതിയ ഉത്തരവിറക്കി  താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇനി മുതല്‍ താടി ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാകില്ല. താടിയില്ലാത്തവരെ സര്‍വീസില്‍ നിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവ് താലിബാന്‍ ഇറക്കി. ജീവനക്കാര്‍ കൃത്യമായ ഡ്രസ് കോഡ് പാലിക്കണമെന്നും അല്ലാത്തപക്ഷം ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നുമുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ പ്രാദേശിക വസ്ത്രം ധരിക്കണമെന്നുമാണ് നിര്‍ദ്ദേശം. കൃത്യസമയത്ത് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ഉറപ്പാക്കാനും താലിബാന്റെ നിര്‍ദേശമുണ്ട്.

തൊപ്പിയോ തലപ്പാവോ ധരിക്കണം. പുതിയ നിയമങ്ങള്‍ ജീവനക്കാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ പരിശോധനയും നടക്കുന്നുണ്ട്. താലിബാന്‍ സര്‍ക്കാരിന്റെ പബ്ലിക് മൊറാലിറ്റി മന്ത്രാലയമാണ് പരിശോധന നടത്തുന്നത്.

രാജ്യത്തെ സ്ത്രീകള്‍ക്കുമേലും കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ കഴിഞ്ഞ ദിവസം കൊണ്ട് വന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ വിമാനത്തില്‍ യാത്ര ചെയ്യാനാകു. ഇത് സംബന്ധിച്ച് അഫ്ഗാനിലെ വിമാനക്കമ്പനികള്‍ക്ക് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയെങ്കിലും സ്‌കൂളുകള്‍ തുറന്ന് മണിക്കൂറുകള്‍ക്കകം പൂട്ടി. ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള വിലക്കും പ്രാബല്യത്തില്‍ വന്നത്. സ്ത്രീകള്‍ക്ക് റോഡ് മാര്‍ഗവും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വിലക്കുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.