ഇസ്രയേലില്‍ പലസ്തീന്‍ പൗരന്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഇസ്രയേലില്‍ പലസ്തീന്‍ പൗരന്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ജറുസലേം: ഇസ്രയേലിന്റെ ഉറക്കംകെടുത്തി ഭീകരാക്രമണങ്ങള്‍ തുടരുന്നു. ടെല്‍ അവീവ് നഗരത്തില്‍ ഇന്നലെ പലസ്തീന്‍ പൗരന്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവിലെ ഡിസെന്‍ഗോഫ് സ്ട്രീറ്റിലെ ഒരു ബാറിലാണ് ആക്രമണമുണ്ടായത്. കഫേകളും ബാറുകളും നിറഞ്ഞ ഈ പട്ടണം ടെല്‍ അവീവിലെ ഏറ്റവും തിരക്കേറിയ മേഖലയാണ്.

ആക്രമണം നടത്തിയയാള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ പിന്നീടു കൊല്ലപ്പെട്ടു. സംഭവസ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു മുസ്ലിം പള്ളിക്കു സമീപം ഒളിച്ചിരുന്ന യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

പലസ്തീന്‍ നഗരമായ ജെനിനില്‍ നിന്നുള്ള 28 വയസുകാരനായ റെയ്ദ് ഹാസെം ആണ് അക്രമി. അതേസമയം ഹാസെമിന് ഇസ്രയേലില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അനധികൃത താമസക്കാരനാണെന്നും സുരക്ഷാ സേന അറിയിച്ചു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ഇസ്രയേലും പലസ്തീനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ആക്രമണം രാഷ്ട്രീയ പ്രേരിതമാമെന്ന നിഗമനത്തിലാണ് ലോക്കല്‍ പോലീസ്.

വളരെ ബുദ്ധിമുട്ടേറിയ രാത്രിയായിരുന്നു ഇതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവര്‍ പൂര്‍ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ടെല്‍ അവീവിലെ പ്രദേശവാസികള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞയാഴ്ച, ഇസ്രയേല്‍ നഗരമായ ബ്‌നെയ് ബ്രാക്കില്‍ ഭീകരാക്രമണം നടന്നിരുന്നു. അക്രമിയുടെ വെടിവെയ്പ്പില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അതിനുമുമ്പ് ബിയര്‍ ഷേവയിലും ഹദേരയിലും നടന്ന ഭീകരാക്രമണങ്ങളില്‍ 11 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.