ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രണ കേസിലെ (26/11) സൂത്രധാരന്‍ ഹാഫിസ് മുഹമ്മദ് സയ്യീദിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 31 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സയ്യീദ്.
രണ്ട് കേസുകളിലായിട്ടാണ് ഹാഫിസ് സയ്യീദിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. 3,40,000 രൂപ പിഴയും ഹാഫിസ് സയീദിന് ചുമത്തിയിട്ടുണ്ട്. ആദ്യ കേസില്‍ സയ്യീദിന് 16 വര്‍ഷവും മറ്റൊരു കേസില്‍ 15 വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ഹാഫിസ് സയ്യീദ് നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 ല്‍ തീവ്രവാദ ഫണ്ടിംഗ് കേസില്‍ തീവ്രവാദ വിരുദ്ധ കോടതി ഇയാളെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 70 കാരനായ ഹാഫിസ് സയ്യീദ് തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസുകളില്‍ മുന്‍പും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ യുഎപിഎ ചുമത്തിയ കൊടും ഭീകരരിലൊരാളാണ് ഹാഫിസ് സയ്യീദ്.
ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവായ ഹഫീസ് സയ്യീദ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. ലഷ്‌കര്‍ ഇ ത്വയ്യിബയുടെ പത്ത് ഭീകരര്‍ മുംബൈയുടെ പല ഭാഗങ്ങളിലായി 2008 ല്‍ 12 ഇടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനങ്ങളും നടത്തി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. നാല് ദിവസങ്ങളിലാണ് ആക്രമണം നടന്നത്. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പത് ഭീകരരും ഉള്‍പ്പെടുന്നു. ഒരാളെ അന്ന് ഇന്ത്യ ജീവനോടെ പിടിച്ചിരുന്നു.
300 ലധികം പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റു. സയ്യീദിന്റെ നേതൃത്വത്തിലുള്ള സംഘടനകളായ ജമാ അത്ത് ഉദ്ദവയടക്കം ഉള്ളവ ഇന്ത്യ നിരോധിച്ചതാണ്. ഐക്യ രാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളായ ഹാഫിസ് സയ്യീദിനെ ഇന്ത്യയ്ക്ക് വിട്ട് നല്‍കാന്‍ ഇതുവരെ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.
ഇയാളെ കൂടാതെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹര്‍, മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവരും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പട്ടികയിലാണ് ഈ ഭീകരരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. 31 ഭീകരരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ അസ്ഹറും സയ്യീദും ലഖ്വിയും ഉള്‍പ്പെടുന്നു, ദാവൂദ് ഇബ്രാഹിം കസ്‌കര്‍, നിരോധിത ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ (ബികെഐ) പ്രധാന നേതാവ് വാധവ സിംഗ് ബബ്ബര്‍ എന്നിവരും പട്ടികയിലും ഉള്‍പ്പെടുന്നു.
ഹാഫിസ് മുഹമ്മദ് സയ്യീദിന്റെ തലയ്ക്ക് അമേരിക്ക നിന്ന് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഹാഫിസ് സയ്യീദിനെ പ്രത്യേകം നിയുക്ത ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2008 ഡിസംബറിലെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1267 പ്രകാരമാണ് അദ്ദേഹം ലിസ്റ്റ് ചെയ്യപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.