ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നാളെ രാവിലെ 10.30നാണ് വിധി പറയുക.
ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വിചാരണ നടപടി ആരംഭിക്കാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മുറിവുകളുടെ സ്വഭാവവും തുടങ്ങിയ അനാവശ്യ വിശദാംശങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും കോടതി പറഞ്ഞു.
സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് എസ്.ഐ.ടി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.
വിപുലമായി സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഒരാള്‍ക്ക് വെടിയേറ്റെന്നാരോപിച്ചുള്ള എഫ്.ഐ.ആറിനെ മാത്രമാണ് ആശിഷ് മിശ്രക്ക് ജാമ്യം നല്‍കുമ്പോള്‍ ആശ്രയിച്ചതെന്നും കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയില്‍ മാര്‍ച്ച് 16ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെയും ആശിഷ് മിശ്രയുടെയും പ്രതികരണം സുപ്രീം കോടതി തേടി. മാര്‍ച്ച് 10 ന് പ്രധാന സാക്ഷിക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.