അപ്പസ്തോലരോടൊപ്പം ചിന്തിച്ച മഗ്ദലന മറിയത്തിന്റെ മനോഭാവം മാതൃകയാക്കണം: ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

അപ്പസ്തോലരോടൊപ്പം ചിന്തിച്ച മഗ്ദലന മറിയത്തിന്റെ  മനോഭാവം മാതൃകയാക്കണം: ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍

മെല്‍ബണ്‍: അപ്പസ്തോല സംഘത്തോടൊത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഗ്ദലന മറിയത്തിന്റെ എളിമയുടെ മനോഭാവമാണോ അതോ സ്വന്തം ഇഷ്ടത്തിനും അനിഷ്ടത്തിനും അനുസരിച്ച് കാര്യങ്ങളെ ദുര്‍വ്യാഖാനിക്കുന്ന മനോഭാവമാണോ സഭാ കാര്യങ്ങളില്‍ നാം സ്വീകരിക്കുന്നതെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍.

സഭയോടും സഭാ ശരികളോടും ചേര്‍ന്നു നില്‍ക്കുന്ന മനോഭാവം പുലര്‍ത്തി വേണം നാം കര്‍ത്താവും രക്ഷകനുമായ ഈശോയോടുള്ള വിശ്വാസം പ്രഘോഷിക്കാനായിട്ടെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു. മെല്‍ബണിലെ കത്തീഡ്രല്‍ ഇടവകയില്‍ ഉയിര്‍പ്പ് തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു പിതാവ്. ഈ കാലഘട്ടത്തില്‍ ഓരോ സഭാ മക്കള്‍ക്കും പ്രചോദനം നല്‍കുന്ന ഈസ്റ്റര്‍ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

മഗ്ദലന മറിയം, പത്രോസ്, യോഹന്നാന്‍... ഈശോയോടുള്ള അഗാധമായ സ്നേഹമാണ് ഈ മൂന്നു പേരെയും ബന്ധിക്കുന്ന പൊതുവായ കാര്യം. മഗ്ദലന മറിയമാണ് സുഗന്ധദ്രവ്യം കൊണ്ട് ഈശോയുടെ പാദങ്ങള്‍ പൂശി, അവളുടെ മുടികൊണ്ട് തുടച്ചത്. ആ മഗ്ദലന മറിയം ഈശോയുടെ കല്ലറയില്‍ ചെന്നപ്പോള്‍ അവിടെയുള്ള വലിയ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നു. ഉള്ളില്‍ ഈശോ ഇല്ല എന്ന് കണ്ടപ്പോള്‍ അവള്‍ പരിഭ്രമിച്ചു. ഈശോ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തു എന്ന് വിശ്വസിക്കാനായിട്ട് അവള്‍ക്ക് സാധിച്ചില്ല. ആരെങ്കിലും കര്‍ത്താവിന്റെ ശരീരം എടുത്തുമാറ്റി എന്നാണ് ധരിച്ചത്. പക്ഷെ അവള്‍ ഒരു കാര്യം ചെയ്തു. അവള്‍ തിരിച്ചോടി- പത്രോസിന്റെയും മറ്റു അപ്പസ്തോലന്മാരുടെയും അടുത്തേക്ക്.

ഇത് കേട്ടപ്പോള്‍ പത്രോസും ഈശോ സ്നേഹിച്ചിരുന്ന മറ്റു ശിഷ്യരും കല്ലറയിലേക്ക് ഓടി എന്നാണ് ബൈബിളില്‍ പറയുന്നത്.

നമ്മുടെ ഇഷ്ടത്തിനും അനിഷ്ടത്തിനും അനുസരിച്ച് കാര്യങ്ങളെ വ്യാഖാനിക്കുകയും ദുര്‍വ്യാഖാനിക്കുകയും ചെയ്യുകയാണോ, അതോ സഭയോടൊത്ത്, അപ്പസ്തോലക സംഘത്തോടൊത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഗ്ദലന മറിയത്തിന്റെ മനോഭാവം, സഭയോടും സഭാ ശരികളോടും ചേര്‍ന്നു നില്‍ക്കുന്ന എളിമയുടെ മനോഭാവമാണോ നമുക്കുള്ളതെന്ന് ബിഷപ്പ് ചോദിച്ചു.

പാപിനിയായിരിക്കുന്ന മഗ്ദലന മറിയത്തിന്റെ ലൗകിക കടങ്ങള്‍ കര്‍ത്താവ് മോചിച്ചപ്പോള്‍, അവള്‍ക്ക് ആഴമായിരിക്കുന്ന സ്നേഹം കര്‍ത്താവിനോട് ഉണ്ടായിരുന്നതിന്റെ പ്രതിഫലനമായാണ് അതിരാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പ്, കര്‍ത്താവിന്റെ കല്ലറയില്‍ സുഗന്ധദ്ര്യവ്യവുമായിട്ട് അവള്‍ വന്നത്.

ദുര്‍ബലനായിരുന്നെങ്കിലും ബലഹീനതകള്‍ ഉണ്ടായിരുന്നെങ്കിലും മൂന്നു പ്രാവശ്യം 'കര്‍ത്താവേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു' എന്ന് എല്ലാവരേക്കാള്‍ ഉപരിയായി ഏറ്റുപറഞ്ഞവനാണ് പത്രോസ്. അതുകൊണ്ട് തന്നെയാണ് ആ പത്രോസിനെ സഭയുടെ തലവനായിട്ട്, അപ്പസ്തോല പ്രമുഖനായിട്ട് കര്‍ത്താവ് നിയമിച്ചത്. ആ പത്രോസും യോഹന്നാനും കൂടിയാണ് കല്ലറയിലേക്ക് ഓടുന്നത്. യോഹന്നാന്‍ കൂടുതല്‍ ചെറുപ്പമായതുകൊണ്ട് വേഗത്തില്‍ ഓടി സ്ഥലത്തെത്തി. പക്ഷെ യോഹന്നാന്‍ കല്ലറയുടെ അകത്ത് പ്രവേശിച്ചില്ല, അവന്‍ കാത്തുനിന്നു- പത്രോസിന് മുന്‍ഗണന കൊടുത്തുകൊണ്ട്.

പത്രോസ് വന്ന് ആദ്യം കല്ലറയിലേക്കു കടക്കുകയും അവന്‍ കണ്ട് വിശ്വസിക്കുകയും ചെയ്തു. ആ ചെറിയ സംഭവങ്ങളില്‍ പോലും എങ്ങനെ അപ്പസ്തോല സംഘത്തിന്റെ കൂട്ടായ്മയുടെ, പത്രോസിന്റെ അധികാരത്തെ മറ്റുള്ളവര്‍ അംഗികരിക്കുന്നതായിട്ട് സുവിശേഷത്തില്‍ കാണാം.

സ്നേഹത്തിന്റെ അപ്പോസ്തോലനായിട്ടാണ് യോഹന്നാന്‍ ശ്ലീഹാ അറിയപ്പെടുന്നത്. യോഹന്നാന് ചിന്തിക്കാമായിരുന്നു-ആ വയസനെ പരിഗണിക്കേണ്ട കാര്യമില്ല എന്ന്. മൂന്ന് പ്രാവശ്യം കര്‍ത്താവിനെ ഉപേക്ഷിച്ചവനല്ലെ. ഞാന്‍ പോയി നോക്കട്ടെ എന്താ ഉണ്ടായതെന്ന് ചിന്തിക്കാമായിരുന്നു. നമ്മളൊക്കെ പലപ്പോഴും ചിന്തിക്കുന്നതുപോലെ. പക്ഷെ സഭയുടെ വിശ്വാസത്തിന്റെ ആദ്യ രഹസ്യം അനുഭവിക്കുന്നതും കാണുന്നതും തിരിച്ചറിയുന്നതും പ്രഘോഷിക്കുന്നതും അപ്പസ്തോല സംഘത്തിന്റെ തലവനായ പത്രോസാണ്.

കര്‍ത്താവും രക്ഷകനുമായ ഈശോയുടെ ഉയിര്‍പ്പിനെ ഏറ്റുപറയുന്ന, ആ വലിയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന നമുക്ക് അപ്പസ്തോല സംഘത്തിന്റെ ആ വിശ്വാസപ്രഘോഷണത്തോട് ചേര്‍ന്നു നിന്നുകൊണ്ട്, സഭയുടെ കൂട്ടായ്മയിലും ഒരുമയിലും വിശ്വാസം പ്രഘോഷിക്കാമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.

ഈശോയോടു സ്നേഹം ഉണ്ടെങ്കില്‍ നാം സമയത്ത് പള്ളിയിലെത്തും. നാം നേരത്തിന് എത്താത്ത ഒരു സ്ഥലമേയുള്ളു-പള്ളിയില്‍. എന്തുകൊണ്ടാണ് എന്നതിന് ഒരു ഉത്തരമേ ഉള്ളൂ- അത്രയും സ്നേഹമേ കര്‍ത്താവിനോടുള്ളൂ.

കര്‍ത്താവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം എന്നു പറഞ്ഞാല്‍ പ്രത്യാശയില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്ന, സ്നേഹത്തില്‍ പ്രായോഗികമാക്കേണ്ട വിശ്വാസമാണ്. ആ വിശ്വാസ പ്രഘോഷണത്തിന് ഏറ്റവും ആവശ്യമായത് വ്യക്തിപരമായി ഈശോയോട് ഉണ്ടാകേണ്ട സ്നേഹബന്ധമാണ്. ആ സ്നേഹബന്ധമുണ്ടാകുമ്പോള്‍ ജീവിതത്തെ പ്രത്യാശയോടു കൂടി കാണാനാകും.

എന്തൊക്കെ ദുരിതങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാലും ഈശോയിലുള്ള ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍, ഈശോയോടു കൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന ആ വലിയ പ്രത്യാശ നമ്മെ നയിക്കുമെങ്കില്‍ ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള വലിയ ശക്തി നമ്മുടെ വിശ്വാസം നമുക്ക് നല്‍കും. അതാകട്ടെ ജീവിതത്തെ എന്നും മുമ്പോട്ട് നയിക്കുന്നതെന്നും പിതാവ് ആശംസിച്ചു.

മതനിരപേക്ഷമായ ഓസ്ട്രേലിയന്‍ സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. ക്രൈസ്തവ വിശ്വാസം തീരെ പുച്ഛിക്കപ്പെടുന്ന ലോകത്തിലാണ് നാമുള്ളത്. ഈശോയിലുള്ള ഉറച്ച വിശ്വാസത്തില്‍ ജീവിക്കാനും സ്വതന്ത്രമായിട്ട് അതു പങ്കുവയ്ക്കാനും അതു പ്രഘോഷിക്കാനും സാധിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം, സാംസ്‌കാരിക അന്തരീക്ഷം ഈ ഓസ്ട്രേലിയന്‍ മണ്ണില്‍ നിലനില്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാനായിട്ട് നാം കടപ്പെട്ടവരാണ്. മേയ് 21-ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഓരോരുത്തരുടെയും വോട്ടുകള്‍ നിര്‍ണായകമാണെന്നും ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഓര്‍മിപ്പിച്ചു.

ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കുന്ന സംവിധാനം ഇവിടെ നിലനില്‍ക്കാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ട്. അങ്ങനെയുള്ള ഭരണസംവിധാനം ഇവിടെ ഉണ്ടാകാന്‍ ഉത്ഥിതനായ ഈശോ നമുക്കെല്ലാവര്‍ക്കും അനുഗ്രഹം തരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് സന്ദേശം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.