ന്യൂഡല്‍ഹി: ജനവാസ മേഖലകളില്‍ വന്യജീവികളുടെ ആക്രമണം തടയുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ഉപദേശക സമിതികള്‍ രൂപവല്‍ക്കരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതി. കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എം.പി ജയറാം രമേഷ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ.
ഇത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളോടെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് സമിതി തിങ്കളാഴ്ച അന്തിമരൂപം നല്‍കി. മനുഷ്യരും വന്യജീവി തമ്മിലുള്ള ഏറ്റുമുട്ടല്‍ നിരീക്ഷിക്കാനും പരിഹരിക്കാനുമായി സംസ്ഥാന സര്‍ക്കാരുകള്‍ ഹ്യൂമണ്‍-ആനിമല്‍ കോണ്‍ഫ്ലിക്റ്റ് മാനേജ്‌മെന്റ് അഡൈ്വസറി കമ്മിറ്റിയുണ്ടാക്കണം. മുഖ്യവനപാലക (ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍)നായിരിക്കണം സമിതിയുടെ അധ്യക്ഷന്‍. കൂടാതെ ഐ.ജി. റാങ്കില്‍ കുറയാത്ത ഉന്നത പോലീസുദ്യോഗസ്ഥനെ ഉപാധ്യക്ഷനായും നിയമിക്കണം.
വന്യജീവി സംരക്ഷകന്‍, വന്യജീവി വിദഗ്ധന്‍, ഈ മേഖലയില്‍ പരിചയ സമ്പത്തുള്ള സന്നദ്ധ സംഘടനാ പ്രതിനിധി, സാമൂഹിക ശാസ്ത്രജ്ഞന്‍ തുടങ്ങിയവരെ സമിതിയില്‍ ഉള്‍പ്പെടുത്തണം. വന്യജീവി ആക്രമണമുള്ള മേഖലകളില്‍ അതു കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയവരെ നിയോഗിക്കല്‍, ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, പ്രശ്നബാധിതരായവര്‍ക്ക് മതിയായ നഷ്ടപരിഹാരത്തിനായി സഹായധനം ഉറപ്പാക്കല്‍ എന്നിവ സമിതിയുടെ ഉത്തരവാദിത്വമായിരിക്കും.
കൂടാതെ വന്യജീവികള്‍ മനുഷ്യരെ ആക്രമിക്കുന്നതു തടയാന്‍ അവയുടെ സുഗമസഞ്ചാരത്തിനായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്യജീവി ഇടനാഴിയുണ്ടാക്കണം. വന്യജീവികളെ ശാസ്ത്രീയമായ രീതിയില്‍ പിടികൂടാനും ഉചിതമായ ഇടങ്ങളിലേക്കു മാറ്റാനും കണക്കെടുപ്പു നടത്താനുള്ള സാങ്കേതിക വിദ്യക്കുമായി നിശ്ചിത നടപടി ക്രമണങ്ങളുണ്ടാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണം അതിരൂക്ഷമായ കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് പാര്‍ലമെന്ററി സമിതിയുടെ ഈ ശുപാര്‍ശ. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കേരളത്തില്‍ മാത്രം 59 പേര്‍ കൊല്ലപ്പെട്ടെന്നാണ് വനം-പരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം. രാജ്യത്താകെ 1503 പേര്‍ക്ക് ജീവഹാനിയുണ്ടായി.
കടുവയുടെ ആക്രമണത്തില്‍ മൂന്നു വര്‍ഷത്തിനിടെ രാജ്യത്താകെ 125 പേര്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ ഒരു മരണവും റിപ്പോര്‍ട്ടു ചെയ്തു. കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരള എം.പി.മാര്‍ പാര്‍ലമെന്റിലും ഈ ആവശ്യമുന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിനു മുന്നിലുണ്ടെന്നു മാത്രമാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.