മാഡ്രിഡ്: വിശുദ്ധ കുര്‍ബാനയുടെ ശക്തി ജീവിതത്തില്‍ വരുത്തിയ പരിവര്‍ത്തനം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ഫിലിം 25-ന് തീയറ്ററുകളിലേക്ക്. അമേരിക്കയില്‍ ഉടനീളമുള്ള 700-ലധികം തിയേറ്ററുകളിലാണ് ഒരു ദിവസം മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
സ്പാനിഷ് ചലച്ചിത്ര നിര്‍മ്മാതാക്കളായ ബോസ്‌കോ ഫിലിംസ്, ഹകുന ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 'എലൈവ്: ഹു ഇസ് ദെയര്‍' എന്ന ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം തങ്ങളുടെ ജീവിതത്തെ എങ്ങനെ പരിവര്‍ത്തനം ചെയ്തുവെന്ന് ആധുനിക സ്‌പെയ്‌നിലെ അഞ്ച് പേര്‍ ഈ ചിത്രത്തിലൂടെ അനുഭവ സാക്ഷ്യം പങ്കിടുന്നു.
ചിത്രത്തില്‍നിന്നുള്ള രംഗം
കൈവിട്ടുപോയ ജീവിതം വിശുദ്ധ കുര്‍ബാനയിലൂടെ തിരിച്ചുപിടിച്ച അനുഭവമാണ് അഞ്ചു പേര്‍ക്കും പറയാനുള്ളത്. നവ-നാസി പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായിരുന്ന താന്‍ എങ്ങനെ ദിവ്യബലിയിലൂടെ യേശുവിന്റെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിലേക്ക് എത്തിപ്പെട്ടു എന്ന് ജെയിം എന്ന ചെറുപ്പക്കാരന്‍ വിവരിക്കുന്നു. മറ്റു നാലുപേരും ഇതുപോലെ അനുഭവ സാക്ഷ്യം പങ്കുവയ്ക്കുന്നു. സ്‌പെയ്ന്‍, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ ക്രൈസ്തവ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് ഈ അനുഭവ സാക്ഷ്യങ്ങള്‍ പ്രസക്തമാകുന്നത്.
'ഇത് ഒരു സാധാരണ ചിത്രമല്ല, മറിച്ച് ദിവ്യകാരുണ്യ ഭക്തിയിലേക്കു നയിക്കപ്പെടാനുള്ള വലിയൊരു അവസരമാണ്. അമേരിക്കയിലും ലോകമെമ്പാടും പുനരുത്ഥാനത്തിന്റെ ശക്തിയെക്കുറിച്ച് തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു എളിയ ദൗത്യം-ബോസ്‌കോ ഫിലിംസിന്റെ സ്ഥാപക ലൂസിയ ഗോണ്‍സാലസ്-ബറാന്‍ഡിയറന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സ്പാനിഷ് ഭാഷയില്‍ തയാറാക്കിയ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഇംഗ്ലീഷ് സബ്ടൈറ്റിലും നല്‍കിയിട്ടുണ്ട്.
ദിവ്യകാരുണ്യ ആരാധനയുടെ 'വിശുദ്ധ മണിക്കൂറില്‍' തനിക്കു സംഭവിച്ച പുനരുജ്ജീവനത്തെക്കുറിച്ച് സംവിധായകന്‍ സ്‌പെയിന്‍കാരനായ ജോര്‍ജ് പരേജ ചിത്രത്തിന്റെ വെബ്‌സെറ്റില്‍ പറയുന്നുണ്ട്.
'ഞാന്‍ ആദ്യമായി ദിവ്യബലിയുടെ വിശുദ്ധ മണിക്കൂറിലൂടെ കടന്നുപോയപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യത്തിന് സാക്ഷ്യം വഹിച്ചു. അപ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തു. എത്ര ശൂന്യവും കൃത്രിമവും യാന്ത്രികവുമായിരുന്നു അത്. എന്നാല്‍ ആ ദിവ്യബലിയില്‍ പങ്കുചേര്‍ന്നപ്പോഴുണ്ടായത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.
സ്‌പെയിനില്‍ ഏപ്രില്‍ ഒന്‍പതിനാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഇവിടെ ബോക്‌സ് ഓഫീസില്‍ ടോപ്പ് 10-ല്‍ ഇടം നേടിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ 14 രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചു. യൂറോപ്പിലും പ്രദര്‍ശനം നടത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഇത്തരമൊരു ലളിതമായ ഉദ്യമം സ്‌പെയിനിലും മെക്സിക്കോയിലും ബോക്സ് ഓഫീസില്‍ ആദ്യ പത്തില്‍ എത്തിയത് ആശ്ചര്യമാണെന്ന് ലൂസിയ ഗോണ്‍സാലസ്-ബറാന്‍ഡിയാരന്‍ പറഞ്ഞു. '
ലോകത്തിന് പ്രത്യാശയുടെ ആവശ്യമുണ്ടെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, അതാണ് ഈ സിനിമയുടെ വിജയം കാണിക്കുന്നത്. 'എലൈവ്' അനേകരെ മാറ്റിമറിച്ചിട്ടുണ്ടാകാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ അമേരിക്കന്‍ പ്രേക്ഷകരുടെ ഹൃദയസ്പന്ദനങ്ങളെ തൊട്ടുണര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ദൈവകൃപ' എന്നാണ് യു.എസിലെ ക്രൂക്ക്സ്റ്റണ്‍ ബിഷപ്പ് ആന്‍ഡ്രൂ കോസന്‍സ് 'എലൈവ്: ഹൂ ഈസ് ദെയര്‍?' എന്ന ചിത്രത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്. യേശുവിനോടും കുര്‍ബാനയോടുമുള്ള വിശ്വാസികളുടെ തീവ്രമായ അനുഭവസാക്ഷ്യം വിവരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും മികച്ച സമയമാണിതെന്ന് ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.