പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു: ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും; ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍

പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു: ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും; ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പ്രകാരം ജൂണ്‍ 13 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ജൂണ്‍ രണ്ട് മുതല്‍ 18 വരെ പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ജൂണ്‍ രണ്ട് മുതല്‍ പ്ലസ് ടു മോഡല്‍ പരീക്ഷ നടത്തും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസ് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും.

സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ജൂണ്‍ ഒന്നിനു വിപുലമായ പ്രവേശനോല്‍സവം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നടക്കും. ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

2022-23 വര്‍ഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയായതായി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 28ന് തലസ്ഥാനത്ത് നടത്തും. അധ്യാപക നിയമനത്തിലെ കാലതാമസം ഒഴിവാക്കാന്‍ സമന്വയ സോഫ്റ്റുവെയറില്‍ മാറ്റം വരുത്തും.

സര്‍ക്കാര്‍ സ്‌കൂളുകളിലും 3365 എയിഡഡ് സ്‌കൂളുകളിലും അടക്കം ആകെ 7077 സ്‌കൂളുകളിലെ 9,58,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം വിതരണം ചെയ്യും. സ്‌കൂളുകളിലെ യൂണിഫോം സ്‌കൂളിനും പിടിഎയ്ക്കും തീരുമാനിക്കാം. വിവാദമാകുന്ന യൂണിഫോമുകള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എസ്എസ്എല്‍സി പരീക്ഷയ്ക്കായി പരീക്ഷാ മാന്വലും സ്‌കൂള്‍ പ്രവൃത്തികള്‍ക്കായി സ്‌കൂള്‍ മാന്വലും തയാറാക്കും. സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഉച്ചഭക്ഷണം നല്‍കും. 12,306 സ്‌കൂളുകളിലാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം നേന്ത്രപഴവും ഒരു ദിവസം മുട്ടയും നല്‍കും. എല്ലാ സ്‌കൂളിലും പച്ചക്കറി കൃഷി നടത്തും.

എല്ലാ സ്‌കൂളിലും പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപീകരിക്കും. സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകള്‍ ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പിടിഎ, സ്‌കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്കു ശുപാര്‍ശ ചെയ്യാവുന്നതാണെന്നു മന്ത്രി പറഞ്ഞു.

അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകര്‍ക്കുള്ള പരിശീലനം മേയ് രണ്ടാം വാരം മുതല്‍ നല്‍കും. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലായുള്ള ഒന്നരലക്ഷത്തോളം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.