9/11 ലും ലാദന്റെ കലി അടങ്ങിയിരുന്നില്ല: സ്വകാര്യ ജെറ്റ് ഉപയോഗിച്ചും റെയില്‍ പാളം മുറിച്ചു മാറ്റിയും അമേരിക്കയില്‍ ചോരപ്പുഴ ഒഴുക്കാന്‍ പദ്ധതിയിട്ടിരുന്നു

9/11 ലും ലാദന്റെ കലി അടങ്ങിയിരുന്നില്ല: സ്വകാര്യ ജെറ്റ് ഉപയോഗിച്ചും റെയില്‍ പാളം മുറിച്ചു മാറ്റിയും അമേരിക്കയില്‍ ചോരപ്പുഴ ഒഴുക്കാന്‍ പദ്ധതിയിട്ടിരുന്നു

വിമാനം ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയില്ലെങ്കില്‍ അമേരിക്കന്‍ റെയില്‍വേയെ തകര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.  എങ്ങനെ ആക്രമണം സംഘടിപ്പിക്കണമെന്നും സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ലാദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക്: ലോകം ഞെട്ടി വിറച്ച 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ അമേരിക്കയില്‍ മറ്റു ചില ഭീകരാക്രമണങ്ങള്‍ക്കു കൂടി അല്‍ ഖായിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ നേവിയുടെ രഹസ്യ രേഖകള്‍ ഉദ്ധരിച്ചാണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരം സിബിഎസ് ന്യൂസ് പുറത്തു വിട്ടത്.

യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ചാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതെങ്കില്‍ സ്വകാര്യ ജെറ്റുകള്‍ ഉപയോഗിച്ച് തുടര്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു ലാദന്റെ പദ്ധതി. ഇതു സംബന്ധിച്ച നിര്‍ദേശവും അയാള്‍ അടുത്ത അനുയായികള്‍ക്ക് നല്‍കിയിരുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം മൂന്നു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ലാദന്‍ ഇക്കാലയളവില്‍ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല. 2004 ല്‍ മുതിര്‍ന്ന അല്‍ ഖായിദ അംഗങ്ങളുമായി വീണ്ടും ബന്ധപ്പെട്ട ലാദന്‍, അമേരിക്കയെ ആക്രമിക്കാനുള്ള തന്റെ പുതിയ പദ്ധതി വെളിപ്പെടുത്തി.

2001 സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിനു സമാനമായ ആക്രമണങ്ങള്‍ നടത്തണമെന്നാണ് ലാദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടി ക്രമങ്ങള്‍ കടുപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട ലാദന്‍ ആക്രമണത്തിന് ഒരു ചാര്‍ട്ടര്‍ വിമാനം സംഘടിപ്പിക്കാന്‍ അല്‍ ഖായിദയുടെ രാജ്യാന്തര യൂണിറ്റിന്റെ തലവന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വിമാനം ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയില്ലെങ്കില്‍ അമേരിക്കന്‍ റെയില്‍വേയെ തകര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ലാദന്‍ എങ്ങനെ ആക്രമണം സംഘടിപ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിന്‍ പാളം തെറ്റി അപകടം ഉണ്ടാക്കാനായി സ്റ്റീല്‍ പാളത്തിന്റെ 12 മീറ്റര്‍ മുറിച്ചുമാറ്റണമെന്നും കംപ്രസര്‍ ഉപയോഗിച്ചോ ഉരുക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചോ ഇതു നടപ്പാക്കാമെന്നുമാണ് കത്തില്‍ പറയുന്നത്. ഇതുവഴി അമേരിക്കയ്ക്ക് വലിയ ആള്‍നഷ്ടം ഉണ്ടാക്കാമെന്നായിരുന്നു ലാദന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ അമേരിക്കയുടെ 'ഓപ്പറേഷന്‍ ജിറോനിമോ'യിലൂടെ 2011 മെയ് ഒന്നിന് തന്റെ തുടര്‍ ആക്രമണ സ്വപ്‌നങ്ങള്‍ ബാക്കിയായി പാകിസ്ഥാനിലെ അബാട്ടാബാദില്‍ ആ കൊടും ഭീകരന്‍ മരണത്തിന് കീഴടങ്ങി.

റിയാദിലെ കോടീശ്വരനായ മുഹമ്മദ് ബിന്‍ അവാദിന്റെ മകനായ ഒസാമ ബിന്‍ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍ കൊല്ലപ്പെടുമ്പോള്‍ അന്‍പത്തിനാല് വയസായിരുന്നു പ്രായം. പത്തു ലക്ഷം മനുഷ്യരുടെ മരണത്തിന് നേരിട്ട് ഉത്തരവാദിയാണ് ബിന്‍ ലാദന്‍ എന്നാണ് വിവിധ രേഖകള്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.