സുഡാൻ: സുഡാനിലെ പടിഞ്ഞാറൻ ഡാർഫറിലെ ക്രെനിക്കിൽ ഉണ്ടായ ഗോത്ര വർഗ സംഘർഷത്തിൽ 168 പേർ കൊല്ലപ്പെടുകയും നൂറോളം ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പൊട്ടി പുറപ്പെട്ട സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്ന് സന്നദ്ധ സംഘടനകൾ പറഞ്ഞു.
സംഘർഷ സാധ്യത എപ്പോഴും നിലനിൽക്കുന്ന ഈ പ്രദേശത്തെ ഏറ്റവും പുതിയ സംഭവമാണ് വെള്ളിയാഴ്ചത്തെ ആക്രമണം. ഭൂമി, കന്നുകാലി, വെള്ളം, മേച്ചിൽ സ്ഥലങ്ങളുടെ അധികാരം എന്നിവയെ ചൊല്ലിയാണ് പ്രധാനമായും സംഘർഷങ്ങൾ ഉണ്ടാകുന്നത്.
സർക്കാരിതര സംഘടനകൾ പറയുന്നതനുസരിച്ച് വെള്ളിയാഴ്ച ക്രെനിക്കിൽ അറബ് നാടോടികളും മസാലിത്ത് കർഷകരും തമ്മിൽ ഉണ്ടായ വഴക്കിനെത്തുടർന്നാണു അക്രമം പൊട്ടിപ്പുറപ്പെട്ടത്. ജാൻജവീഡ് സംഘം പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കാനും നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചതായി അഭയാർത്ഥികൾക്കുള്ള ഏകോപന സമിതി ആരോപിച്ചു. 2020 ൽ പ്രദേശത്തു നിന്നും പിൻവാങ്ങിയ അന്താരാഷ്ട്ര സമാധാന സേനാംഗങ്ങളെ തിരികെ കൊണ്ടുവരണമെന്നും അവർ ആഹ്വാനം ചെയ്തു. എന്നാൽ ഈ അഭിപ്രായങ്ങളോടൊന്നും അറബ് ഗോത്ര പ്രതിനിധികൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇരുപതിനായിരത്തോളം ആളുകളെ അക്രമത്തിൽ മാറ്റിപ്പാർപ്പിച്ചതായി ഡാർഫർ ബാർ അസോസിയേഷൻ അറിയിച്ചു. അടുത്തുള്ള നഗരമായ എൽ ജെനീനയിലേക്കും സംഘർഷം വ്യാപിക്കാൻ സാധ്യത ഉള്ളതുകൊണ്ട് സന്ധ്യക്കുതന്നെ കടകൾ അടയ്ക്കാൻ ഉത്തരവിട്ടതായി എയ്ഡ് ഗ്രൂപ്പുകൾ പറഞ്ഞു.
2003 ലെ ആഭ്യന്തര യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വാസസ്ഥലമാണ് പടിഞ്ഞാറൻ ഡർഫർ. അറബ് വംശജർ അല്ലാത്തവരെ അടിച്ചമർത്തുന്നു എന്ന പേരിൽ രണ്ട് പ്രാദേശിക കക്ഷികൾ സർക്കാരിനെതിരെ നടത്തിയ പ്രതിക്ഷേധമാണ് 2003 ൽ ആഭ്യന്തര യുദ്ധമായി മാറിയത്. സർക്കാരിനെതിരെ പ്രതിക്ഷേധിച്ചവരെ എതിർക്കാൻ സുഡാൻ പട്ടാളവും പോലീസും ജാൻജവീഡ് എന്ന് വിളിപ്പേരുള്ള സായുധ സേനയെയും സർക്കാർ ഉപയോഗിച്ചു. ജാൻജവീഡ് സായുധ സേനയിലെ അംഗങ്ങൾ അറബ് ഗോത്രത്തിൽപെട്ട ആക്രമകാരികളായ ആളുകളെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച സംഘമായിരുന്നു.
രണ്ട ലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും മൂന്നു ലക്ഷത്തോളം ആളുകൾ അന്നത്തെ കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി അന്നത്തെ പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെമേൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി.മാസങ്ങൾ നീണ്ട ജനകിയ പ്രതിക്ഷേധങ്ങൾക്കൊടുവിൽ 2019ലാണ് പ്രസിഡണ്ട് ഒമർ അൽ ബഷീർ സ്ഥാനമൊഴിയുന്നത്. അലി കുഷൈബ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ സഹായികളിൽ ഒരാളുടെ വിചാരണ ഈ മാസം ആദ്യം ആരംഭിച്ചു.
തുടർന്ന് അധികാരത്തിലെത്തിയ ട്രാൻസിഷണൽ ഗവൺമെന്റും ഡാർഫറിൽ യുദ്ധം ചെയ്ത ചില സായുധ ഗ്രൂപ്പുകളും തമ്മിൽ ഉടമ്പടി ഉണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല . ഡാർഫറിലെ അക്രമങ്ങളുടെ പരമ്പര തുടർന്നു കൊണ്ടേയിരിക്കുന്നു.കഴിഞ്ഞ വർഷം മാത്രം നാലുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി എയ്ഡ് ഗ്രൂപ്പുകൾ പറയുന്നു. "ഡാർഫർ സംസ്ഥാനങ്ങളിലുടനീളമുള്ള ആളുകളുടെ ജീവിതത്തിനൊ സുരക്ഷക്കോ ഉടമ്പടി കൊണ്ട് ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് തുടർച്ചയായുള്ള അക്രമങ്ങൾ തെളിയിക്കുന്നു," ഡാർഫർ ബാർ അസോസിയേഷൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.