ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാട് തള്ളി ഇന്ത്യ. ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. അത് വര്‍ഷങ്ങളായുള്ള നിലപാടാണെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ഇടപെട്ടെന്നും കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രി വ്യക്തമായ വിശദീകരണം നല്‍കിയത്.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷി പരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിത്. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും അദേഹം വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ. ഭീകര കേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ അടച്ചു പൂട്ടണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
പാക് അധീന കാശ്മീരില്‍ നിയമ വിരുദ്ധമായി കൈയേറിയ ഇന്ത്യയുടെ പ്രദേശം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് കാശ്മീരിനെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യാനുള്ളത്. ആ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണ്.
ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. ആരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് എന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിച്ചില്ല.
അതിനാല്‍ പാക് സൈന്യത്തിന് മാറി നില്‍ക്കാനും ഇടപെടാതിരിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. ഇന്ത്യ എന്തുമാത്രം നാശനഷ്ടങ്ങള്‍ വരുത്തി എന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഈടാക്കാത്ത വ്യാപാര കരാര്‍ ഇന്ത്യ വാഗ്ദാനം ചെയ്തെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശ വാദത്തിലും ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ഇത് ഏറെ സങ്കീര്‍ണമായ ചര്‍ച്ചകളാണ്. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഏത് വ്യാപാര കരാറായാലും രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാകണം. അതാണ് വ്യാപാര കരാറില്‍ നിന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.