അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഡ്വ.ബെയ്ലിന്‍ ദാസ് 27 വരെ റിമാന്‍ഡില്‍

 അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഡ്വ.ബെയ്ലിന്‍ ദാസ് 27 വരെ റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷക ജെ.വി.ശ്യാമിലിയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസിനെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

തടഞ്ഞു വെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദനത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്ലിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്.

മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലി(26)യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ വെച്ചാണ് ശ്യാമിലിക്ക് മര്‍ദനമേറ്റത്.

വ്യാഴാഴ്ച ജില്ലാ സെഷന്‍സ് കോടതിയിലാണ് ബെയ്ലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കിയത്. താന്‍ ആരെയും ബോധപൂര്‍വം മര്‍ദിച്ചിട്ടില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നുണ്ടായ സംഭവമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും ശ്യാമിലിയാണ് തന്നെ ആദ്യം ആക്രമിച്ചത് എന്നുമാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.