ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ ആദ്യ യാത്ര ജൂണ്‍ എട്ടിന്. നേരത്തെ മെയ് 29 ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടിത് ജൂണ്‍ എട്ടിലേക്ക് മാറ്റുകയായിരുന്നു.
അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സിന്റെ നാലാം ബഹിരാകാശ ദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ബുധനാഴ്ചയാണ് ആക്സിയം സ്പേസ് പുതിയ വിക്ഷേപണ തിയതി അറിയിച്ചത്. ജൂണ്‍ എട്ടിന് ഇന്ത്യന്‍ സമയം വൈകുന്നേരം 6.40 നാണ് വിക്ഷേപണം.
ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടില്‍ നിന്നും ഹംഗറിയില്‍ നിന്നുമുള്ള സഞ്ചാരികളുമുണ്ട്. ഈ ദൗത്യ സംഘം 14 ദിവസം പരീക്ഷണ നിരീക്ഷണങ്ങളുമായി ബഹിരാകാശ നിലയത്തില്‍ കഴിയും.
റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തില്‍ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ ആദ്യമായി ബഹിരാകാശത്തു പോയി നാല് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ യാത്ര.
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യ സംഘത്തിലെ അംഗം കൂടിയാണ് ശുഭാംശു. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തില്‍ ശുഭാംശുവിന്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്കാവും. 548 കോടി രൂപയാണ് ഇന്ത്യ ഈ ദൗത്യത്തിനായി ചിലവാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.