റീസര്‍വേയിലെ അധിക ഭൂമി: തര്‍ക്കമില്ലെങ്കില്‍ മാത്രം കൈവശക്കാരന് ക്രമപ്പെടുത്തി നല്‍കും

 റീസര്‍വേയിലെ അധിക ഭൂമി: തര്‍ക്കമില്ലെങ്കില്‍ മാത്രം കൈവശക്കാരന് ക്രമപ്പെടുത്തി നല്‍കും

തിരുവനന്തപുരം: റീസര്‍വേയിലെ അധികഭൂമി തര്‍ക്കമില്ലെങ്കില്‍ മാത്രം കൈവശക്കാരന് ക്രമപ്പെടുത്തി നല്‍കാമെന്ന് റവന്യൂ അധികൃതര്‍. എത്ര സെന്റുവരെ ക്രമപ്പെടുത്താം എന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും നിയമ നിര്‍മാണം. എന്നാല്‍ തൊട്ടടുത്ത ഭൂമി ആധാരത്തിലുള്ളതിനേക്കാള്‍ കുറവാണെന്ന് വരുകയും അതിന്റെ കൈവശക്കാരന്‍ പരാതി നല്‍കുകയും ചെയ്താല്‍ നിര്‍ദിഷ്ട നിയമം അപര്യാപ്തമാകും.

നിലവിലുള്ള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വഴിയോ അതില്‍ പരിഹരിക്കപ്പെടാത്ത പക്ഷം കോടതി വഴിയോ വേണം അത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍. റീസര്‍വേ പൂര്‍ത്തിയായ തൊള്ളായിരത്തോളം വില്ലേജുകളിലായി 1.14 ലക്ഷം പരാതികള്‍ നിലവിലുണ്ട്. സര്‍വേ ഡിജിറ്റലാവുകയും കൂടുതല്‍ സൂക്ഷ്മത വരുകയും ചെയ്യുന്നതോടെ പരാതികള്‍ കൂടും. ഇത്തരം പരാതികള്‍ വേഗത്തില്‍ പരിഹരിക്കുകയെന്നതും എല്ലാ ഭൂമിക്കും ഉടമസ്ഥര്‍ ഉണ്ടാവുകയെന്നതും നിയമ നിര്‍മാണത്തിന്റെ ലക്ഷ്യങ്ങളാണ്.

കൂടാതെ ഭൂവുടമകളില്‍ നിന്ന് സമ്മതപത്രം നല്‍കണമെന്നത് അടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മറ്റും തൊട്ടടുത്ത ഭൂവുടമകള്‍ അറിയാതെ ക്രമപ്പെടുത്തി വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകള്‍ തടയാനാണിത്. എന്നാല്‍, ഇത്തരം വ്യവസ്ഥകള്‍ വരുന്നതോടെ നാമമാത്രമായ കേസുകള്‍ മാത്രമാകും ക്രമപ്പെടുത്താനാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പകരം റവന്യൂ പുറമ്പോക്കും മറ്റും വിട്ടുനല്‍കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകാനിടയില്ല. ആരോപണങ്ങളുയരുമെന്നതിനാല്‍ പുറമ്പോക്കുഭൂമിക്ക് സമീപമുള്ളവരുടെ അധികഭൂമി ക്രമപ്പെടുത്തുന്നതിനും നിയന്ത്രണമുണ്ടാകും. മുന്‍ ആധാര പ്രകാരം ഒന്നിച്ചു കിടന്ന ഭൂമി പില്‍ക്കാലത്ത് തുണ്ടുകളാക്കി വിറ്റിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ അളവില്‍ കുറവു വരുന്നത് ഒന്നോ രണ്ടോ അതിര്‍ത്തിക്കപ്പുറത്തെ പുരയിടത്തിലാകാം. പൊതുവഴികളായി ഉപയോഗിച്ചു വരുന്ന ഭൂമിക്കും മറ്റും പുതിയ അവകാശികളുണ്ടാകുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.