'മാടമ്പിത്തരം വീട്ടില്‍ വെച്ചിട്ട് വേണം ജോലിക്ക് വരേണ്ടത്; മുറുക്കാന്‍ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ല': കെഎസ്ഇബി ചെയര്‍മാന്‍

 'മാടമ്പിത്തരം വീട്ടില്‍ വെച്ചിട്ട് വേണം ജോലിക്ക് വരേണ്ടത്; മുറുക്കാന്‍ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ല': കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് സമരം തുടരുന്നതിനിടെ സമര നേതാക്കള്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്. മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ടാണ് ജോലിക്ക് വരേണ്ടത്. ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടാ എന്ന് പറയുമെന്നും ബി അശോക് ഒരു മാധ്യമത്തിന്റെ അഭിമുഖത്തില്‍ പറയുന്നു.

അച്ചടക്ക ലംഘനം ഇനി വെച്ചു പൊറുപ്പിക്കാനാകില്ല. എടാ പോടാ എന്ന് ദുര്‍ബല സമുദായത്തില്‍പ്പെട്ട ഡയറക്ടറിനെ വിളിച്ചാല്‍ ഇരിക്കെടോ എന്ന് മാന്യമായി പറയും. അല്ലെങ്കില്‍ കയ്യോടെ മെമ്മോ കൊടുക്കും. നടപടിയുണ്ടാകും. ആരുടെയും മുറുക്കാന്‍ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ലെന്നും അശോക് പറയുന്നു.

ഒരു തവണ മന്ത്രിയുടെ ഓഫീസില്‍ ചായ കൊടുത്തവര്‍ വരെ പിന്നീട് എക്സിക്യൂട്ടീവുമാരെ വിരട്ടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും അതില്‍ വീണു പോയിട്ടുണ്ട്. എന്നാല്‍ തന്നോട് അതുണ്ടായിട്ടില്ല. അതൊട്ട് നടക്കാനും പോകുന്നില്ലെന്ന് ബി അശോക് പറഞ്ഞു. സമരനേതാവ് സുരേഷ് കുമാറിനെതിരെയാണ് കെഎസ്ഇബി ചെയര്‍മാന്റെ പരോക്ഷ വിമര്‍ശനം.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന സമരക്കാരുടെ ആരോപണം സമ്മര്‍ദ്ദതന്ത്രമാണെന്നും അതിന് വഴങ്ങാന്‍ സാധ്യമല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മുമ്പ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

അന്നും സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ല. സമരത്തിന് തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കുന്ന ഒച്ചപ്പാട് എന്നതിനപ്പുറം യാതൊരു പ്രാധാന്യവും ഇല്ലെന്നും ചെയര്‍മാന്‍ ബി അശോക് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.