കാലിഫോര്‍ണിയ: 44 ബില്യന്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നിലെ ആഗോള ശീതളപാനിയ ബ്രാന്റായ കൊക്കകോള സ്വന്തമാക്കാനൊരുങ്ങി വിശ്വകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. താന്‍ കൊക്കകോള വാങ്ങാന്‍ പോകുകയാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തതോടെയാണ് മറ്റൊരു വലിയ കൈമാറ്റത്തിന് ലോകം ഉറ്റുനോക്കുന്നത്.
'അടുത്തതായി കൊക്കകോള വാങ്ങാന്‍ പോകുന്നു, അതില്‍ വീണ്ടും കൊക്കെയ്ന്‍ തിരികെ കൊണ്ടുവരണം' എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. എന്നാല്‍, ട്വീറ്റ് തമാശയാണോ അല്ലയോ എന്ന സംശയത്തിലാണ് ലോകം. 1885ല്‍ കൊക്കകോള ഉല്‍പാദനം ആരംഭിച്ച സമയത്ത് നേരിയ തോതില്‍ കൊക്കെയ്ന്‍ ചേര്‍ത്തിരുന്നു.
എന്നാല്‍ ട്വിറ്റര്‍ വാങ്ങാന്‍ 4400 കോടി ഡോളര്‍ (ഏകദേശം 3,36,680 കോടിയിലധികം രൂപ) ചെലവഴിക്കുന്ന മസ്‌ക് ഉടനടി മറ്റൊരു വലിയ വാങ്ങല്‍ നടപടിക്ക് നില്‍ക്കുമോയെന്ന സംശയമാണ് വ്യവസായ ലോകം പ്രകടിപ്പിക്കുന്നത്. ടെസ്‌ലയുടെ ഓഹരി വിറ്റാണ് ട്വിറ്റര്‍ വാങ്ങാനുള്ള പണം മസ്‌ക് കണ്ടെത്തിയത്. ടെസ്‌ലയുടെ നാല് ബില്യന്‍ ഡോളറിന്റെ ഓഹരികള്‍ ആണ് വിറ്റത്. മസ്‌ക് ഓഹരികള്‍ വിറ്റതോടെ ടെസ്ലയുടെ ഓഹരി മൂല്യം ഇടിയുകയും ചെയ്തു.
മാത്രമല്ല ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ 44 ബില്യന്‍ ഡോളറില്‍ 13 ബില്യന്‍ ഡോളര്‍ വായ്പ എടുക്കാനും മസ്‌ക് നീക്കം നടത്തുന്നുണ്ട്. ടെസ്ല സ്റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തില്‍ 12.5 ബില്യന്‍ ഡോളര്‍ വായ്പ അനുവദിക്കാമെന്ന് ധാരണയായി. ബാക്കി തുക സ്വന്തം കയ്യില്‍നിന്നും അടയ്ക്കാനാണ് മസ്‌കിന്റെ തീരുമാനം.
ധനസമാഹരണത്തിനായി ട്വീറ്റുകള്‍ക്ക് നിരക്ക് ഈടാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നാണു വിവരം. ട്വിറ്റര്‍ ബോര്‍ഡ് ഡയറക്ടര്‍മാരുടെ ശമ്പളം ഉള്‍പ്പെടെ നിയന്ത്രണ വിധേയമാക്കും. തൊഴിലാളികളെ കുറയ്ക്കാനും സാധ്യതയുണ്ട്. ഇതിലൂടെ മൂന്ന് മില്യന്‍ ഡോളര്‍ ലാഭിക്കാനാണു ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം ട്വിറ്റര്‍ ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റാന്‍ നൂറ് ഏക്കര്‍ ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്തു ഓസ്റ്റിന്‍ സ്വദേശി രംഗത്ത് വന്നത് ലോകശ്രദ്ധ നേടി. ജിം ഷ്വര്‍ട്ട്‌നെര്‍ എന്ന വ്യക്തിയാണ് ട്വിറ്റര്‍ ആസ്ഥാനം ടെക്‌സാസിലേക്ക് മാറ്റാന്‍ തന്റെ കൈവശമുള്ള ഭൂമി നല്‍കാമെന്ന് ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം വിലാസവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വീറ്റിന് പ്രതികരണവുമായി ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് രംഗത്തെത്തി. ട്വിറ്ററുമായി മസ്‌ക് ടെക്‌സസില്‍ വന്നാല്‍ പ്രദേശത്തെ 'ഫ്രീ സ്പീച്ച് സോണ്‍' ആയി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മാത്രമല്ല, പേര് 'ട്വിറ്റര്‍ ടെക്‌സസ്' എന്നാക്കി മാറ്റുകയുമാവാം എന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇലോണ്‍ മസ്‌ക് ഇതുവരെ ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.