പൊതുഭവനത്തോടുള്ള കരുതലിനും ധ്യാനാത്മക സമീപനത്തിനും ആഹ്വാനം ചെയ്തു ഫ്രാൻസിസ് മാർപാപ്പ

പൊതുഭവനത്തോടുള്ള കരുതലിനും ധ്യാനാത്മക സമീപനത്തിനും ആഹ്വാനം ചെയ്തു ഫ്രാൻസിസ് മാർപാപ്പ

നമ്മുടെ പൊതുഭവനമായ ഭൂമിയോട് കരുതലിനൊപ്പം ധ്യാനാത്മകമായ സമീപനവും ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്ന സന്ദേശമാണ് പരിശുദ്ധ പിതാവ് ഈ ബുധനാഴ്ചദിനത്തിലെ പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ പങ്കുവെച്ചത്. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ, സ്വന്തം ജീവനും ജീവിതവും സമൂഹത്തിൽ രോഗത്തിന്റെ ദുരിതമനുഭവിക്കുന്ന അനേകർക്കുവേണ്ടി മാറ്റിവെച്ച് സേവനം ചെയ്യുന്ന അനേകം നല്ല മനുഷ്യരെ അനുസ്മരിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം ആരംഭിച്ചത്. സമൂഹത്തിന്റെ അംഗീകാരമോ പ്രശംസയോ ആഗ്രഹിക്കാതെ വൃദ്ധരും നിരാലംബരും അവഗണിക്കപ്പെട്ടവരുമായി ഈ പകർച്ചവ്യാധിയുടെ ദുരിതമനുഭവിക്കുന്ന അനേകരിലേക്ക് കടന്നുചെല്ലുന്ന ഇവർ സമൂഹത്തിന്റെ നന്മയ്ക്ക് ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. കരുതൽ എന്നത് മനുഷ്യപ്രകൃതിയിൽത്തന്നെ ആരോഗ്യവും പ്രതീക്ഷയും പ്രധാനം ചെയ്യുന്ന സുവർണ്ണ നിയമമാണെന്ന പാപ്പയുടെതന്നെ "ലൗദാതോ സി" എന്ന ചാക്രികലേഖനത്തിലെ വാചകം പരിശുദ്ധ പിതാവ് ഇവിടെ ആവർത്തിക്കുന്നു.

ഇന്ന് നാം കാണുന്ന സഹജീവികളോടുള്ള ഈ കരുതൽ നമ്മുടെ പൊതുഭവനമായ ഭൂമിയിലേക്കും മറ്റ് സൃഷ്ടവസ്തുക്കളിലേക്കും നാം വ്യാപിപ്പിക്കേണ്ടതുണ്ട്. നമ്മുടെ പരിസ്ഥിതിയെ ദുരുപയോഗിക്കുന്നത് നമ്മെതന്നെ അപകടപ്പെടുത്തുന്ന, നമ്മെ രോഗികളാക്കുന്ന ഒരു മാരക പാപമാണ്. മനുഷ്യന്റെ പ്രപഞ്ചത്തിന് നേരെയുള്ള ഈ അതിക്രമങ്ങൾക്കുള്ള മറുമരുന്ന് ധ്യാനമാണ്. കാരണം, പ്രപഞ്ചത്തിൽ മനോഹരമായ ഒന്നിന്റെയെങ്കിലും മുൻപിൽ ഒരു നിമിഷം നിന്ന് അവയെ ആദരിക്കാൻ സാധിക്കാത്ത മനുഷ്യൻ പ്രപഞ്ച വസ്തുക്കളെ യാതൊരു മടിയുമില്ലാതെ തങ്ങളുടെ ഉപഭോഗവസ്തുവായി മാത്രം പരിഗണിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. നമ്മുടെ പൊതുഭവനത്തെ മനുഷ്യന്റെ ആവശ്യങ്ങൾക്കുള്ള വെറും വിഭവസമാഹരണം മാത്രമായി കാണാതെ ഓരോ സൃഷ്ടവസ്തുവിനും അതിന്റെതായ മൂല്യമുണ്ടെന്ന് തിരിച്ചറിയണം. ഓരോ സൃഷ്ടിയും ദൈവത്തിന്റെ അനന്ത ജ്ഞാനത്തിന്റെയും നന്മയുടെയും കിരണങ്ങളെ അവയുടെ പ്രകൃതിയിൽത്തന്നെ പ്രതിഫലിപ്പിക്കുന്നെന്ന മതബോധന ഗ്രന്ഥത്തിലെ പഠനങ്ങളെ പാപ്പ ഓർമിപ്പിക്കുന്നു. ഈ ദൈവീക പ്രകാശത്തെ കണ്ടെത്താനും തിരിച്ചറിയാനും മനുഷ്യന് നിശബ്ദതയും ധ്യാനവും അനിവാര്യമാണ്. ധ്യാനത്തിന്റെ ഈ അഭാവം മനുഷ്യകേന്ദ്രീകൃതവും വ്യക്തികേന്ദ്രീകൃതവുമായ ഒരു പ്രപഞ്ചവീക്ഷണത്തിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിക്കും. സൃഷ്ടിയെപ്പറ്റിയുള്ള വിശുദ്ധഗ്രന്ഥ പ്രതിപാദ്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തത് ഇത്തരമൊരു പ്രകൃതി ചൂഷണത്തിന് കാരണമായിട്ടുണ്ട്. സൃഷ്ടിയെ ചൂഷണം ചെയ്യുന്നത് പാപമാണ്. മനുഷ്യനാണ് സൃഷ്ടിയുടെ മകുടം എന്ന വിശ്വാസത്തിൽ നിന്നുകൊണ്ട് നാം ദൈവത്തിന്റെ സ്ഥാനത്ത് നമ്മെത്തന്നെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയും തത്ഫലമായി ദൈവീക പദ്ധതിയിലുള്ള പ്രപഞ്ചത്തിന്റെ സന്തുലനാവസ്ഥയ്ക്ക് മനുഷ്യൻ കോട്ടം വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ ജീവന്റെ സംരക്ഷകരാകാനുള്ള വിളി നാം മറക്കുന്നു. ഭൂമിയിൽ നാം അധ്വാനിച്ചു ജീവിക്കുന്നവരാണ്. എന്നാൽ ഈ അധ്വാനം ചൂഷണത്തിന്റെ പര്യായമാകരുത്, മറിച്ച് നമ്മുടെ അധ്വാനം ഭൂമിയെപ്പറ്റിയുള്ള കരുതലാൽ അനുധാവനം ചെയ്യപ്പെടുന്നതാവണം.

പ്രപഞ്ചത്തിന് നേർക്കുള്ള ധ്യാനാത്മക സമീപനം ഓരോ സൃഷ്ടിയേയും അവയുടെ ഉപയോഗത്തിന് ഉപരിയായ ഉൽകൃഷ്ട സ്ഥാനത്ത് കാണുവാനും കരുതുവാനും നമ്മെ സഹായിക്കും. ആകാശവും ഭൂമിയും മറ്റ് സൃഷ്ടവസ്തുക്കളും നമ്മെ സൃഷ്ടാവിലേക്കും സൃഷ്ടിയുമായുള്ള ഐക്യത്തിലേക്കും നയിക്കാൻ സഹായിക്കുന്നവയാണെന്ന് നമ്മെ പഠിപ്പിച്ച ധാരാളം ആത്മീയ ഗുരുക്കൾ നമുക്കുണ്ട്. ധ്യാനം നമ്മെ കരുതലിന് സഹായിക്കും. പ്രപഞ്ചത്തെ ധ്യാനിക്കുക എന്നാൽ പുറത്തുനിന്ന് അതിനെ നോക്കിക്കാണുക എന്നല്ല. മറിച്ച് നാമും ഈ മനോഹരമായ സൃഷ്ടപ്രപഞ്ചത്തിലെ അവിഭാജ്യഘടകമാണെന്ന ചിന്തയിൽവേണം ധ്യാനത്തിലേക്ക് പ്രവേശിക്കാൻ.

 മനുഷ്യ-സൃഷ്ടി ബന്ധത്തെ ക്രമപ്പെടുത്തി സന്തുലിതം ആക്കാൻ നമ്മെ സഹായിക്കുന്ന രണ്ട് സുപ്രധാന മനോഭാവങ്ങൾ ആണ് ധ്യാനവും കരുതലും. പക്ഷേ പലപ്പോഴും സൃഷ്ടിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ സമീപനം മനുഷ്യ-സൃഷ്ടി ബന്ധത്തെ രണ്ടു ശത്രുക്കൾ തമ്മിലുള്ള ബന്ധം പോലെ ആക്കിത്തീർക്കുന്നു. ഒരു സ്പാനിഷ് പഴമൊഴി പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു. "ദൈവം എപ്പോഴും ക്ഷമിക്കുന്നു; നമ്മൾ ചിലപ്പോഴൊക്കെ ക്ഷമിക്കുന്നു; പക്ഷേ പ്രകൃതി ഒരിക്കലും ക്ഷമിക്കില്ല."

അന്റാർട്ടിക്കയിൽ അപകടാവസ്ഥയിൽ ആയിരിക്കുന്ന ഹിമപർവതത്തെപ്പറ്റിയുള്ള ആശങ്കയും പരിശുദ്ധ പിതാവ് പങ്കുവെച്ചു. ഇവയ്ക്കെല്ലാം കാരണമാകുന്ന ആഗോളതാപനം മനുഷ്യന്റെ പൊതുഭവനത്തെപ്പറ്റിയുള്ള കരുതലില്ലായ്മയുടെ വ്യക്തമായ പ്രകടനങ്ങളാണെന്ന് പാപ്പ ഓർമിപ്പിച്ചു. സൃഷ്ടപ്രപഞ്ചവുമായി ഒരു സാഹോദര്യബന്ധം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. ഇന്ന് എങ്ങനെ കാര്യങ്ങൾ ചെയ്യാം എന്നതിൽ കേന്ദ്രീകരിക്കുന്നതാവരുത് നമ്മുടെ പ്രവർത്തനങ്ങൾ. മറിച്ച് ഭാവിതലമുറയെപ്പറ്റിയുള്ള കരുതലും നമ്മുടെ പ്രവർത്തികളിൽ നിഴലിക്കണം. പ്രകൃതിയുടെ സംരക്ഷണത്തിനും സംസ്കാരിക മൂല്യങ്ങളുടെ കെട്ടുറപ്പിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും പാപ്പ അഭിനന്ദിച്ചു. അവർ ചെയ്യുന്നത് സമാധാന പാതയിൽ ഒരു "കരുതൽ വിപ്ലവം" ആണെന്ന് പരിശുദ്ധ പിതാവ് അനുസ്മരിപ്പിച്ചു.

Bro. Sebastian Thengumpallil


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.