അമ്പത്തിയെട്ടാം മാർപാപ്പ വി. സില്‍വേരിയസ് (കേപ്പാമാരിലൂടെ ഭാഗം-59)

അമ്പത്തിയെട്ടാം മാർപാപ്പ വി. സില്‍വേരിയസ് (കേപ്പാമാരിലൂടെ ഭാഗം-59)

അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 536 ജൂണ്‍ ഒന്നാം തീയതി തിരഞ്ഞെടുക്കപ്പെട്ട സില്‍വേരിയസ് മാര്‍പ്പാപ്പ വി. ഹോര്‍മിസ്ദസ് മാര്‍പ്പാപ്പയുടെ മകനായിരുന്നു. സബ്ഡീക്കനായിരുന്നപ്പോള്‍ തിരുസഭയുടെ വലിയമുക്കവനായി തിരഞ്ഞെടുക്കപ്പെട്ട ഏകവ്യക്തിയായിരുന്നു ആദ്ദേഹം. ഗോഥിക് ഗോത്രാനുകൂലനായ ഒരു മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഓസ്‌ത്രോഗോഥിക് വംശജനും ഇറ്റലിയുടെ രാജാവുമായ തെയോദാഹാദിന്റെ ഭീഷണിയും വൈദികരുടെമേലുള്ള സമ്മര്‍ദ്ദവും നിലനില്‍ക്കുന്നതിനിടയിലാണ് സില്‍വേരിയസ് മാര്‍പ്പാപ്പയെ തിരുസഭയുടെ തലവനായി തിരഞ്ഞെടുത്തത്. ഇറ്റലിയുടെമേല്‍ പൗരസ്ത്യ റോമസാമ്രാജ്യത്തിന്റെ (കോണ്‍സ്റ്റാന്റിനോപ്പിളന്റെ) ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ഉപരോധം ശക്തമായിക്കൊണ്ടിരുന്നതിനാല്‍ തന്നെയും തന്റെ ഗോത്രവര്‍ഗ്ഗമായ ഗോഥിക് ഗോത്രത്തെയും അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെടുകയെന്നത് ഓസ്‌ത്രോഗോഥിക് വംശത്തില്‍ നിന്നുള്ള അവസാനത്തെ രാജാവയ തെയോദാഹാദിന്റെ ആവശ്യമായിരുന്നു. ഇതിനായി റോമിലെ വൈദികസമൂഹത്തിന്റെമേല്‍ ശക്തമായ സമ്മര്‍ദ്ദം അദ്ദേഹം ചെലുത്തി.

കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസും മോണോഫിസൈറ്റ് പക്ഷക്കാരനുമായിരുന്ന അന്തിമസിനെ തത്സ്ഥനത്തുനിന്ന് പുറത്താക്കിയ അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ നടപടിയില്‍ പ്രകോപിതയായ മോണോഫിസൈറ്റ് പക്ഷക്കാരിയായ തെയോഡൊറ ചക്രവര്‍ത്തിനി സില്‍വേരിയസ് മാര്‍പ്പാപ്പയോട് സഭാതലവന്റെ സ്ഥാനം രാജിവെയ്ക്കുവാന്‍ ആവശ്യപ്പെടുകയും കോണ്‍സ്റ്റാന്റിനോപ്പിളിലെ അപ്പസ്‌തോലിക നൂണ്‍ഷ്യോയും ഡീക്കനുമായിരുന്ന വിജിലിയസിനെ മാര്‍പ്പാപ്പയായി വാഴിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മാര്‍പ്പാപ്പയായി വാഴിക്കപ്പെടുകയാണെങ്കില്‍ അന്തിമസിനെറ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മെത്രാനായി വിണ്ടും വാഴിക്കമെന്ന ഉടമ്പടി വിജിലിയസ് തെയോഡൊറ ചക്രവര്‍ത്തിനിയുമായി ഉണ്ടാക്കിയിരുന്നു.

ചക്രവര്‍ത്തിനിയുടെ ഈ ആവശ്യത്തെ സില്‍വേരിയസ് മാര്‍പ്പാപ്പ നിരാകരിച്ചു. ചക്രവര്‍ത്തിനിയുടെ ഭീഷണിക്കു വഴങ്ങാതെ വന്നപ്പോള്‍ മാര്‍പ്പാപ്പയെ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ സൈന്യാധിപനായിരുന്ന ബെലിസാരിയസിന്റെ ആസ്ഥാനത്തേക്കു വിളിപ്പിച്ചു. മാത്രമല്ല, കോണ്‍സ്റ്റാന്റിനോപ്പിളിനുമേല്‍ ഉപരോധം തീര്‍ത്തുകൊണ്ടിരുന്ന ഗോഥിക് ഗോത്രവംശജരുമായി ചേര്‍ന്ന് ഗൂണ്ഡാലോചന നടത്തിയെന്ന കുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുകയും ചെയ്തു. ബെലിസാരിയസിന്റെ ആസ്ഥാനത്തെത്തിയ മാര്‍പ്പാപ്പയുടെ അജപാലനാധികാരം സൂചിപ്പിക്കുന്നതിനായി അദ്ദേഹം കഴുത്തിനുചുറ്റും ധരിച്ചിരുന്ന പാലിയം ഉരിഞ്ഞെടുത്തു. മാത്രമല്ല അദ്ദേഹത്തെ ഒരു സന്യാസിയുടെ നിലയിലേക്ക് തരംതാഴ്ത്തികൊണ്ട് മാര്‍പ്പാപ്പയുടെ സ്ഥാനത്തുനിന്നും ഏ.ഡി. 537 മാര്‍ച്ച് 11-ാം തീയതി നീക്കം ചെയ്തു. ലിസിയയിലെ തുറമുഖ നഗരമായ പത്താറയിലേക്ക് സില്‍വേരിയസ് മാര്‍പ്പാപ്പയെ നാടുകടത്തി. പത്താറയുടെ മെത്രാന്‍ സില്‍വേരിയസ് മാര്‍പ്പാപ്പയ്ക്കുവേണ്ടി ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയോട് മദ്ധ്യസ്ഥത വഹിക്കുകയും തത്ഫലമായി മാര്‍പ്പാപ്പയൊട് റോമിലേക്കു മടങ്ങുവാനും റോമില്‍വെച്ച് വിചാരണ നേരിടുവാനും കല്‍പ്പിച്ചു. നിരപരാധിയാണെന്നു തെളിയുകയാണെങ്കില്‍ അദ്ദേഹത്തെ വി. പത്രോസിന്റെ സിംഹാസനത്തില്‍ വീണ്ടും വാഴിക്കാമെന്ന വ്യവസ്ഥയാണ് റോമിലേക്ക് മടങ്ങുമ്പോള്‍ ചക്രവര്‍ത്തി മാര്‍പ്പാപ്പയുടെ മുമ്പില്‍ സമര്‍പ്പിച്ചത്.


ഇതിനിടയില്‍, മാര്‍പ്പാപ്പയുടെ സിംഹാസനത്തില്‍ ഒഴിവുവന്നപ്പോള്‍ തന്നെ വിജിലിയസിനെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കുകയും ചെയ്തു. സില്‍വേരിയസ് മാര്‍പ്പാപ്പ റോമിലെത്തിയപ്പോള്‍ വിജിലിയസ് അദ്ദേഹത്തെ പാല്‍മേരിയ എന്ന ദ്വീപിലേക്ക് വീണ്ടും നാടുകടത്തി. അവിടെവെച്ച് ഏ.ഡി. 537 നവംബര്‍ 11-ാം തീയതി സില്‍വേരിയസ് മാര്‍പ്പാപ്പ തന്റെ മാര്‍പ്പാപ്പ സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ അതായത് ഏ.ഡി. 537 ഡിസംബര്‍ രണ്ടാം തീയതി കാലം ചെയ്തു. സില്‍വേരിയസ് മാര്‍പ്പാപ്പ പ്രവാസകാലത്ത് അനുഭവിച്ച അതികഠിനമായ പീഡനങ്ങളും പട്ടിണിയുമാണ് അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണത്തിന് കാരണമായത്. മാര്‍പ്പാപ്പയുടെ ഭൗതീകാവശിഷ്ടം പാല്‍മേരിയ ദ്വീപില്‍ അദ്ദേഹത്തിന്റെ ഭൗതീകവാശിഷ്ടം സംസ്‌കരിച്ചു.

എല്ലാ മാർപാപ്പമാരെയും പറ്റിയുള്ള ലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.