യോഗം നിരാശാജനകം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ആവശ്യവുമായി പത്മപ്രിയയും ബീനാ പോളും

 യോഗം നിരാശാജനകം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ആവശ്യവുമായി പത്മപ്രിയയും ബീനാ പോളും

തിരുവനന്തപുരം: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം നിരാശാജനകമെന്ന് ഡബ്ല്യുസിസി. കമ്മിഷന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അറിയാതെ ചര്‍ച്ച ഫലപ്രദമാകില്ലെന്നും വളരെ സമയമെടുത്ത് സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണം എന്താണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പത്മപ്രിയയും ബീനാപോളുമാണ് ഡബ്ല്യുസിസിക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണം. നിര്‍ദേശങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി ചര്‍ച്ച വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടില്ലെന്നും ആവശ്യമുന്നയിക്കുന്നവരുടെ ഉദ്ദേശം വേറെയാണെന്നുമാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തണം, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ സിനിമാ മേഖലയില്‍ വ്യക്തമായ കരാര്‍ നിര്‍ബന്ധമാക്കണം, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം, സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങള്‍ സ്ത്രീകള്‍ക്കായി ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം പാടില്ല തുടങ്ങിയ കാര്യങ്ങളും കരട് നിര്‍ദേശത്തില്‍ പറയുന്നു.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ അമ്മയ്ക്ക് പ്രശ്നമില്ലെന്നും കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ 90 ശതമാനത്തോടും യോജിക്കുന്നുവെന്നും നടന്‍ സിദ്ദിഖ് പറഞ്ഞു. ബാക്കിയുള്ള പത്ത് ശതമാനത്തില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.