തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെഫോണിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ 500 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് തീരുമാനം. 
സെക്കന്‍ഡില്‍ 10 മുതല്‍ 15 വരെ എംബി വരെ വേഗത്തില്‍ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടില്‍ ഉപയോഗിക്കാന്‍ കഴിയുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ശേഖരിക്കും. ഈ പട്ടിക പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും കൈമാറും.
കെ ഫോണിന്റെ കേബിള്‍ ശൃംഖലയെ ആശ്രയിക്കുന്ന ഈ പ്രാദേശിക ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ് ബിപിഎല്‍ കുടുംബങ്ങളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുക. കെഫോണ്‍ കണക്ഷന്‍ നല്‍കാന്‍ ഒരു ജില്ലയില്‍ ഒരു സേവനദാതാവിനെ വീതം കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവരില്‍ നിന്ന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. 
ഇന്റര്‍നെറ്റ് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബജറ്റിലെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കെഫോണ്‍ പദ്ധതിക്കു തുടക്കമിട്ടത്. 
പതിനാല് ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി തൂണുകളിലൂടെ വലിച്ച വമ്പന്‍ കേബിള്‍ ശൃംഖലയാണ് കെഫോണിന്റെ നട്ടെല്ല്. 2,600 കിലോമീറ്റര്‍ ദൂരമാണ് കേബിള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 2,045 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.