കോഴിക്കോട്: ദുബായില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നാസിന്റെ മൃതദേഹം പുറത്തെടുത്തു. കോഴിക്കോട് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ദ്ധരും ഒപ്പമുണ്ടായിരുന്നു. എംബാം ചെയ്തിരുന്നതിനാല്‍ മൃതദേഹത്തിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിരുന്നില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനാണ് തീരുമാനം. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്മോര്‍ട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. പോസ്റ്റ്മോര്‍ട്ടം കഴിയുന്നതോടെ സത്യം പുറത്തുവരുമെന്നാണ് റിഫയുടെ മാതാവ് പ്രതികരിച്ചത്. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും നീതി കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് ഒന്നിന് ദുബായിലെ താമസസ്ഥലത്താണ് റിഫയെ(20)മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും കാസര്‍കോട് സ്വദേശിയുമായ മെഹ്നാസാ(26)ണെന്ന് റിഫയുടെ കുടുംബം ആരോപിച്ചിരുന്നു. മാനസികവും ശാരീരികവുമായി റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഉപദ്രവിച്ചതിനും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തിരുന്നു.
മരണം നടന്നത്തിന്റെ തലേന്ന് രാത്രി ഒന്‍പതിന് ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തിയ റിഫ നാട്ടിലുളള രണ്ട് വയസുകാരന്‍ മകനോടും മാതാപിതാക്കളോടും വീഡിയോകോള്‍ വഴി സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് റിഫ മരിച്ചെന്ന വിവരം അറിഞ്ഞതാണ് മരണത്തില്‍ സംശയം തോന്നാന്‍ കാരണം.
മാത്രമല്ല ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നാണ് മെഹ്നാസ് അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് അരമണിക്കൂറിനകം ഖബറടക്കം നടത്താനും നിര്‍ബന്ധിച്ചു. ഇത് കബളിപ്പിച്ചതാണെന്നും റിഫയുടെ കുടുംബം ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.