സ്വീഡനിലെ ലിന്‍കോപെന്‍ മെത്രാനായിരുന്ന വിശുദ്ധ നിക്കോളാസ്

സ്വീഡനിലെ ലിന്‍കോപെന്‍ മെത്രാനായിരുന്ന വിശുദ്ധ നിക്കോളാസ്

അനുദിന വിശുദ്ധര്‍ - മെയ് 09

സ്വീഡനിലെ ലിന്‍കോപെന്‍ നഗരത്തില്‍ ഹെര്‍മന്റെയും മാര്‍ഗരറ്റിന്റെയും മകനായാണ് നിക്കോളാസ് ജനിച്ചത്. നന്മയാര്‍ന്ന ജീവിതം വഴി ആ നാട്ടില്‍ ഏറെ ബഹുമാനിതരായിരുന്നു നിക്കോളാസിന്റെ മാതാപിതാക്കള്‍. അവരുടെ പരിപാലനയില്‍ ശൈശവം മുതല്‍ തന്നെ ക്രിസ്തീയ ഭക്തിയുടെ പൂര്‍ണതയിലാണ് നിക്കോളാസ് വളര്‍ന്ന് വന്നത്.

വ്യാകരണത്തിന്റെ ആദ്യപാഠങ്ങള്‍ സ്വന്തം ഭവനത്തില്‍ നിന്ന് തന്നെയാണ് പഠിച്ചത്. പിന്നീട് പാരീസിലും ഓര്‍ലിന്‍സിലുമായി സിവില്‍ നിയമത്തിലും കാനന്‍ നിയമത്തിലും ബിരുദം നേടി. വൈദികനായ ശേഷം ലിന്‍കോപെന്നിലെ ആര്‍ച്ച് ഡീക്കനായി.

അനുതാപത്തിന്റേയും ഭക്തിയുടേയും പൂര്‍ണമായ സമര്‍പ്പണമായിരുന്നു വിശുദ്ധന്റെ ജീവിതം. വെള്ളിയാഴ്ചകളില്‍ വെറും അപ്പത്തിനൊപ്പം കുറച്ച് ഉപ്പും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. ചില അവസരങ്ങളില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച ഉച്ചവരെ വിശുദ്ധന്‍ യാതൊന്നും കഴിക്കുമായിരുന്നില്ല.

തന്റെ കൃത്യനിര്‍വഹണത്തിനിടെ സ്വേച്ഛാധിപതികളും പാപികളുമായ ജനങ്ങളില്‍ നിന്നും നിക്കോളാസിന് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ അവയെല്ലാം അദ്ദേഹം സന്തോഷപൂര്‍വ്വം സഹിച്ചു. നിരക്ഷരായ അവിടത്തെ ജനങ്ങളില്‍ വിദ്യാഭ്യാസം എത്തിക്കുകയും അവരുടെ ഇടയില്‍ സഭാപരമായ അച്ചടക്കം കൊണ്ട് വരാനും അദ്ദേഹത്തിന് സാധിച്ചു.

ലിന്‍കോപെന്നിലെ മെത്രാന്‍മാരുടെ ചരിത്ര പുസ്തകമനുസരിച്ച് ഗോട്ട്‌സ്‌കാല്‍ക്ക് ആയിരുന്നു ലിന്‍കോപെന്നിലെ പതിനാറാമത്തെ മെത്രാന്‍. അദ്ദേഹത്തിന്റെ മരണത്തോടെയാണ് വിശുദ്ധ നിക്കോളാസ് അവിടത്തെ മെത്രാനായി അഭിഷിക്തനായത്. സഭാ നിയമങ്ങളിലെ ഉപകാര പ്രദമായ വാക്യങ്ങളും പിതാക്കന്‍മാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും സമാഹരിച്ച് 'ഹുയിറ്റെബുക്ക്' എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കിയ ഗ്രന്ഥം ഏറെ ശ്രദ്ധേയമായിരുന്നു.

വിശുദ്ധ ബ്രിഡ്ജെറ്റ്, വിശുദ്ധ അന്‍സ്‌കാരിയൂസ് എന്നിവരെ കൂടാതെ മറ്റ് ചില ദൈവദാസന്‍മാരുടെയും ജീവചരിത്രങ്ങള്‍ വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. സങ്കീര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഗ്രന്ഥവും അദ്ദേഹത്തിന്റേതായുണ്ട്. 1391 ലാണ് വിശുദ്ധ നിക്കോളാസ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്.

വിശുദ്ധരായ സിഗ്ഫ്രിഡ്, ബ്രിനോള്‍ഫ്, ബ്രിഡ്‌ജെറ്റ്, ഹെലെന്‍, ഇന്‍ഗ്രിഡി തുടങ്ങിയവര്‍ക്കൊപ്പം വിശുദ്ധ നിക്കോളാസിനെ സ്വീഡനിലെ സംരക്ഷക വിശുദ്ധരില്‍ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമായിലെ ഹെര്‍മാസ്

2. ഓസ്തിയായിലെ ഗ്രിഗറി

3. വെയില്‍സിലെ ഗോഫോര്‍

4. സ്വീഡനിലെ സ്‌കാരാ ബിഷപ്പായ ബ്രിനോത്ത്

5. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രേഷിതനായ ബെയാത്തൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.