ക്വീന്‍സ്‌ലന്‍ഡില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; സിഡ്‌നിയില്‍ നീണ്ടുനില്‍ക്കുന്ന മഴ മുന്നറിയിപ്പ്

ക്വീന്‍സ്‌ലന്‍ഡില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; സിഡ്‌നിയില്‍ നീണ്ടുനില്‍ക്കുന്ന മഴ മുന്നറിയിപ്പ്

സിഡ്‌നി: ക്വീന്‍സ്‌ലന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിന്റെ വടക്കന്‍ ഭാഗങ്ങളിലും വീണ്ടും കനത്ത മഴയ്ക്കും അപകടകരമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ക്വീന്‍സ്‌ലന്‍ഡിലെ ലോംഗ്റീച്ച്, വിന്റണ്‍, ക്ലോന്‍കുറി, ഐസിസ്ഫോര്‍ഡ്, ബാര്‍കാല്‍ഡിന്‍, ഹ്യൂഗന്‍ഡന്‍, റിച്ച്മണ്ട്, ജൂലിയ ക്രീക്ക്, ബ്ലാക്കാല്‍ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആറ് മണിക്കൂര്‍ കൊണ്ട് 100 മില്ലിമീറ്റര്‍ മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഏപ്രിലില്‍ ജനജീവിതം ദുസഹമാക്കിയ വെള്ളപ്പൊക്കത്തിന് ശേഷമാണ് മേയ് മാസത്തില്‍ ക്വീന്‍സ് ലന്‍ഡില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്വീന്‍സ് ലന്‍ഡിന്റെ മധ്യ തീരത്തും വടക്കന്‍ പ്രദേശത്തുമാണ് ഏറ്റവും കൂടുതല്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടിമിന്നലിനും സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. സിഡ്നിയില്‍ അഞ്ച് ദിവസം വരെ മഴ പെയ്‌തേക്കാം. തീവ്രത കുറഞ്ഞതെങ്കിലും ഏറെ നേരം നീണ്ടുനില്‍ക്കുന്ന മഴ പെയ്യാനാണു സാധ്യത.

ചൊവ്വാഴ്ച മഴ ശക്തി പ്രാപിക്കുമെന്നും വ്യാഴാഴ്ച ഏറ്റവും തീവ്രമാകുമെന്നുമാണ് കാലാവസ്ഥ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ മിറിയം ബ്രാഡ്ബറി പറയുന്നത്. രാത്രിയില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മൂന്ന് ദിവസത്തിനുള്ളില്‍ 200 മുതല്‍ 400 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. തുടര്‍ച്ചയായ മഴയാണ് അപകടസാധ്യത കൂട്ടുന്നത്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണമെന്ന് പ്രീമിയര്‍ അന്നസ്റ്റാസിയ പലാസ്സുക്ക് മുന്നറിയിപ്പ് നല്‍കി. മോശം കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും അവര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.