സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ടായ വെടിവയ്പ്പിനെതുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അതീവ ഗുരുതരാവസ്ഥയില്‍. സഹോദരന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് പടിഞ്ഞാറന്‍ സിഡ്‌നിയിലെ ഒരു ജിമ്മില്‍ വച്ച് നഗരത്തെ വിറപ്പിച്ച സംഭവമുണ്ടായത്.
ബൈക്കില്‍ സഞ്ചരിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കോമാഞ്ചെറോ ബൈക്കി സംഘത്തിന്റെ തലവന്‍ താരെക് സാഹിദിനാണ് (41) ഗുരുതരമായി പരുക്കേറ്റത്. ഇയാളുടെ സഹോദരന്‍ ഒമറാണ് (39) വെടിയേറ്റ് മരിച്ചത്.
ഓബര്‍ണ്‍ പ്രദേശത്തെ പരമറ്റ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബോഡി ഫിറ്റ് ജിമ്മിന്റെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ് ഇരുവര്‍ക്കും നേരേ അജ്ഞാത സംഘം തുടരെത്തുടരെ വെടിയുതിര്‍ക്കുന്നത്. അടിയന്തര സേവനങ്ങള്‍ എത്തിയപ്പോള്‍ ഇരുവരും ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും സഹോദരന്‍ ഒമറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒമറിന്റെ വയറിലും കൈകളിലും കാലുകളിലും നിരവധി തവണ വെടിയേറ്റിരുന്നു.
വെടിവയ്പ്പുണ്ടായ ഓബര്‍ണ്‍ പ്രദേശത്തെ ബോഡി ഫിറ്റ് ജിം
വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരേക് സാഹിദിന്റെ നില ഗുരുതരമാണ്. ഇയാളുടെ തലയിലടക്കം ശരീരത്തില്‍ പത്തു തവണ വെടിയേറ്റിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ താരേക് സാഹിദിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
നിരവധി പേരുടെ മുന്നില്‍ വച്ചാണ് ഭയാനകമായ രംഗങ്ങള്‍ അരങ്ങേറിയത്. ആക്രമണം നടന്ന് അല്‍പ്പസമയത്തിനകം സമീപപ്രദേശങ്ങളായ ബെരാളയിലും ഗ്രീനേക്കറിലും തീപിടിച്ച രണ്ട് ഓഡി കാറുകള്‍ പോലീസ് കണ്ടെത്തി. ഇവ കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നാണ് പോലീസ് നിഗമനം.
വെടിയേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നു
ന്യൂ സൗത്ത് വെയില്‍സ് പോലീസിന്റെ വലിയൊരു സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. താരേക് സാഹിദിന്റെ ക്രിമിനല്‍ ശൃംഖലയിലെ കൂട്ടാളികള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പാണ് സിഡ്‌നി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കുപ്രസിദ്ധ അധോലോക നേതാവ് മഹമൂദ് ബ്രൗണി അഹമ്മദ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. അതിന്റെ പ്രതികാര നടപടിയായിരിക്കാം സഹോദരന്മാര്‍ക്കു നേരേയുള്ള വെടിവയ്‌പ്പെന്ന് പോലീസ് പറഞ്ഞു. ഈ സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് അന്വേഷണം.
പരസ്പരം പോരടിക്കുന്ന നിരവധി ഗുണ്ടാ സംഘങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് പോലീസിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ മോട്ടോര്‍സൈക്കിള്‍ സംഘങ്ങള്‍ തെരുവില്‍ പരസ്യമായി ഏറ്റുമുട്ടുന്നത് സാധാരണക്കാരുടെ ജീവനും ഭീഷണിയാണ്.
താരേക് സാഹിദിന്റെ എതിരാളികള്‍ ഇയാളുടെ തലയ്ക്ക് വലിയ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ ജീവന്‍ അപകടത്തിലാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പല തവണ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ ഗുണ്ടാ നേതാക്കള്‍ മുഖവിലയ്ക്ക് എടുക്കാറില്ല.
സിഡ്നിയിലെ അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 11 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് കൗണ്ടര്‍ ടെററിസം ഡെപ്യൂട്ടി കമ്മീഷണര്‍ ഡേവിഡ് ഹഡ്സണ്‍ പറഞ്ഞു. 2020 ജൂണ്‍ മുതല്‍, ന്യൂ സൗത്ത് വെയില്‍സില്‍ നാല്‍പതിലധികം അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.