മെല്‍ബണില്‍ വയറുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചു; അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍

മെല്‍ബണില്‍ വയറുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചു; അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍

മെല്‍ബണ്‍: മതിയായ ചികിത്സ ലഭിക്കാതെ ഒരു കുരുന്നു കൂടി ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ മരിച്ചു. കടുത്ത പനിയും വയറുവേദനയും ഛര്‍ദ്ദിയുമായി മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരി മരിച്ചത് ജീവനക്കാരുടെ കടുത്ത അനാസ്ഥ മൂലമെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. ഒരു വര്‍ഷം മുന്‍പ് പെര്‍ത്തിലെ ആശുപത്രിയില്‍ ഏഴു വയസുകാരി ഐശ്വര്യ അശ്വത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിനു ശേഷമുണ്ടാകുന്ന രണ്ടാമത്തെ പ്രധാന സംഭവമാണിത്.

മെല്‍ബണില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ ലങ്കയുടെയും സത്യ താരാപുരെദ്ദിയുടെയും മകള്‍ അമൃത വര്‍ഷിണി ലങ്കയാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. ഏപ്രില്‍ 29-നാണ് കടുത്ത വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയെതുടര്‍ന്ന് അമൃതയെ മെല്‍ബണിലെ മോണാഷ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചത്. ആദ്യം ജനറല്‍ പ്രാക്ടീഷണറുടെ അടുത്തേക്കാണ് മാതാപിതാക്കള്‍ കുട്ടിയെ കൊണ്ടുപോയത്. തുടര്‍ന്ന് അപ്പെന്‍ഡിസൈറ്റിസ് ആണെന്ന സംശയത്തെതുടര്‍ന്ന് അമൃതയെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ കിടത്തിച്ചികിത്സയ്ക്കായി രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ആശുപത്രി ജീവനക്കാര്‍ കുട്ടിയുടെ വയറിന്റെ സ്‌കാനിംഗ് നടത്തിയത്. തുടര്‍ന്ന് അമൃതയ്ക്ക് അപ്പെന്‍ഡിസൈറ്റിസ് അല്ലെന്നും ഗ്യാസ്‌ട്രോഎന്റൈറ്റിസ് (ആമാശയത്തിലോ കുടലിലോ വീക്കം) ആണെന്നും ജീവനക്കാര്‍ അറിയിച്ചതായി അമ്മ സത്യ പറഞ്ഞു.

അന്നു രാത്രി ഒന്‍പതു മണിയോടെ മരുന്ന് നല്‍കിത്തുടങ്ങി. എന്നാല്‍ താമസിയാതെ അമൃതയ്ക്ക് കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി സത്യ പറഞ്ഞു. അവള്‍ കഠിനമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ജീവനക്കാരെ അറിയിക്കുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തിയെങ്കിലും ആരും വന്നില്ല.


അമൃതയുടെ മാതാപിതാക്കള്‍

താന്‍ റിസപ്ഷനില്‍ ചെന്ന് അര മണിക്കൂറായി കാത്തിരിക്കുകയാണെന്നും മകള്‍ ജീവനു വേണ്ടി പിടയുകയാണെന്നും ആരെങ്കിലും വന്നു പരിശോധിക്കണമെന്നും ജീവനക്കാരോട് കേണപേക്ഷിച്ചതായി സത്യ പറഞ്ഞു. 15 മിനിറ്റിനുശേഷമാണ് ജീവനക്കാര്‍ എത്തിയത്. കുട്ടിയുടെ വയര്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും രണ്ട് ദിവസമായി ഭക്ഷണം കഴിക്കാത്തതു മൂലമാണ് ഈ അസ്വസ്ഥതകളെന്നും അവര്‍ അറിയിച്ചു. മരുന്നു കയറ്റി ഏതാനും മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷം രാവിലെയോടെ മകളെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ജീവനക്കാര്‍ പറഞ്ഞു.

പിറ്റേന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഡോക്ടര്‍ അമൃതയുടെ രക്തപരിശോധന നടത്തി. തുടര്‍ന്ന് മൂന്ന് മണിക്കൂറിന് ശേഷം അമൃതയെ മറ്റൊരു മുറിയിലേക്കു മാറ്റുകയും മകള്‍ ഗുരുതരാവസ്ഥയിലാണെന്ന് അമ്മയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രാവിലെ 10:17-ന് അമൃതയ്ക്ക് ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് 21 മണിക്കൂറിനകമാണ് അമൃത ലങ്ക മരിച്ചത്.

സംഭവത്തില്‍ ആശുപത്രിക്കു പുറത്തുനിന്നുള്ള വിദഗ്ധര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മോണാഷ് ഹെല്‍ത്ത് അറിയിച്ചു.

അമൃതയുടെ മരണകാരണത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല, എന്നാല്‍ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ആശുപത്രിക്കു പുറത്തുനിന്നുള്ള അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

'സത്യം പുറത്തുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആശുപത്രിയില്‍ പോകുന്ന എല്ലാവരുടെയും ജീവനു സുരക്ഷ ലഭിക്കണം. ഞങ്ങളുടെ മകളുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട് - പിതാവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മകളുടെ ശ്വാസതടസത്തെക്കുറിച്ച് ഭാര്യ നിരവധി തവണ ആശുപത്രി ജീവനക്കാരോടു പറഞ്ഞെങ്കിലും ഓരോ തവണയും അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. മകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ അവര്‍ തള്ളിക്കളഞ്ഞു.

മകളെ ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ ജീവനക്കാര്‍ ജാഗ്രതയോടെ ഇടപെട്ടിരുന്നെങ്കില്‍ അവള്‍ തങ്ങള്‍ക്കൊപ്പം ഇപ്പോഴും ഉണ്ടായേനെ എന്ന് വാക്കുകള്‍ ഇടറി ചന്ദ്രശേഖര്‍ പറഞ്ഞു. എന്റെ മകള്‍ അമൃതയ്ക്ക് എന്ത് സംഭവിച്ചു എന്നതിന് ഉത്തരം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ മരണം ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന വിമര്‍ശനം രാഷ്ട്രീയ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അമൃതയുടെ മരണം ഭയാനകമായ ദുരന്തമാണെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.