ഷഹനയുടെ മരണത്തില്‍ സജ്ജാദിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍; സംശയം ഉന്നയിച്ച് നാട്ടുകാരും

ഷഹനയുടെ മരണത്തില്‍ സജ്ജാദിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍; സംശയം ഉന്നയിച്ച് നാട്ടുകാരും

കോഴിക്കോട്: നടിയും മോഡലുമായ ഷഹന (20) യുടെ മരണത്തില്‍ ഭര്‍ത്താവ് സജ്ജാദിനെതിരേ മാതാവ് ഉമൈബയും ബന്ധുക്കളും രംഗത്ത്. സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു.

ഒന്നര വര്‍ഷമായി മകളെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ സജ്ജാദ് അനുവദിച്ചിരുന്നില്ലെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് ഷഹന അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇന്ന് അവളുടെ ഇരുപതാം പിറന്നാളാണ്. പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് മകള്‍ പറഞ്ഞിരുന്നു.

സന്തോഷത്തോടെയാണ് സംസാരിച്ചത്. പിന്നീട് രാത്രി മൂത്ത മകന്റെ ഫോണിലേക്ക് നാട്ടുകാര്‍ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഉമൈബ ആരോപിക്കുന്നു.

മരണ വിവരം അറിഞ്ഞ് അയല്‍വാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹാന. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്.

ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന്‍ പറഞ്ഞു. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടു വരികയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.