പഞ്ചാബ് കോണ്‍ഗ്രസിന്റെ സൗമ്യ സാന്നിധ്യവും പാര്‍ട്ടി വിട്ടു; ജക്കറിനൊപ്പം ഹിന്ദു വോട്ടര്‍മാരും അകന്നേക്കുമെന്ന ഭയത്തില്‍ ഹൈക്കമാന്‍ഡ്

പഞ്ചാബ് കോണ്‍ഗ്രസിന്റെ സൗമ്യ സാന്നിധ്യവും പാര്‍ട്ടി വിട്ടു; ജക്കറിനൊപ്പം ഹിന്ദു വോട്ടര്‍മാരും അകന്നേക്കുമെന്ന ഭയത്തില്‍ ഹൈക്കമാന്‍ഡ്

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിലെ 'ഹിന്ദു' മുഖം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സുനില്‍ ജക്കര്‍ പാര്‍ട്ടിയോട് പൂര്‍ണമായും വിടപറഞ്ഞു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് ഈ സൗമ്യ മുഖം. സിക്ക് ഭൂരിപക്ഷ സംസ്ഥാനമായതിനാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയ നേതാവായിരുന്നു അദേഹം. ഒരിക്കല്‍ പോലും പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറയാതിരുന്ന ജാക്കര്‍ അവസാന കാലത്ത് പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്.

അമരീന്ദര്‍ സിംഗിന് പകരം ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് അദേഹം പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നത്. തെരഞ്ഞെടുപ്പിനു ശേഷം ജക്കറിനെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവിലാണ് പാര്‍ട്ടി വിടുന്ന കാര്യം ജക്കര്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഉത്തര്‍പ്രദേശില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ കാരണം അറിയാന്‍ കമ്മിറ്റിയെ നിയോഗിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജക്കര്‍ പോകുന്നതോടെ പഞ്ചാബിലെ ഹിന്ദു വോട്ടുകള്‍ ഒന്നായി അകലുമെന്ന ഭയം ഹൈക്കമാന്‍ഡിനുണ്ട്. ബിജെപി ജക്കറിനെ സ്വീകരിച്ചാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ തകര്‍ച്ചയ്ക്കും ചിലപ്പോഴത് വഴിയൊരുക്കിയേക്കും.

താന്‍ ഹിന്ദുവായത് കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും പരിഗണിച്ചില്ലെന്നും നേരത്തെ സുനില്‍ ജക്കര്‍ ഉന്നയിച്ചിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ ഹിന്ദു ഇമേജിനെ ഇല്ലാതാക്കിയിട്ടുണ്ട്.

സിക്ക് വോട്ടുകളില്‍ ഭൂരിപക്ഷവും ആംആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങിയതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. തലയെടുപ്പുള്ള നേതാക്കളുടെ അഭാവവും കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്.

രണ്ടാംനിര നേതാക്കള്‍ കൂട്ടത്തോടെ തന്നെ എഎപിയിലേക്ക് നീങ്ങുന്നത് പിടിച്ചു നിര്‍ത്താന്‍ പോലും സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന സംസ്ഥാനമായിരുന്നു പഞ്ചാബ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.