അറസ്റ്റ് വരിക്കാൻ ഇനിയും തയ്യാർ; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കര്‍ദ്ദിനാള്‍ ജോസഫ് സെൻ

അറസ്റ്റ് വരിക്കാൻ ഇനിയും  തയ്യാർ; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കര്‍ദ്ദിനാള്‍ ജോസഫ് സെൻ

ഹോങ്കോങ്: മത സ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനാധിപത്യ പോരാട്ടങ്ങൾ തുടരുമെന്നും അതിന്റെ പേരിൽ അറസ്റ്റും വിചാരണയും നേരിടാന്‍ തയ്യാറാണെന്നും ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഹോങ്കോങ് രൂപത മുന്‍ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോസഫ് സെൻ.

പുതിയ സുരക്ഷാ നിയമം നടപ്പിലാക്കിയതിന് പിന്നാലെ പുരോഹിതരെയും ബിഷപ്പുമാരെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത ചരിത്രമാണ് ബിജീങിനുള്ളത്. ജനാധിപത്യ, മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഇനിയും പങ്കുചേരും. നിലപാടുകൾ സ്വീകരിക്കുന്നതിൽ പാലിക്കുന്ന വിവേകം തുടരുമെന്നും കര്‍ദ്ദിനാള്‍ സെന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കര്‍ദ്ദിനാളിനെ ഹോങ്കോങ് ദേശീയ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.


കര്‍ദ്ദിനാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ സന്ദർശിച്ച ഹോങ്കോംഗ് ബിഷപ്പ് സ്റ്റീഫന്‍ ചൗ സൗ പറഞ്ഞു. താന്‍ സുഖമായിരിക്കുന്നുവെന്ന് അറസ്റ്റിന് ശേഷം നടന്ന കൂടിക്കാഴ്ച്ചയില്‍ കര്‍ദിനാള്‍ സെന്‍ വെളിപ്പെടുത്തിയതായി ബിഷപ്പ് സ്റ്റീഫന്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

''ഞാന്‍ കര്‍ദ്ദിനാള്‍ സെന്നുമായി സംസാരിച്ചു. സുഖമായിരിക്കുന്നുവെന്ന് സുഹൃത്തുക്കളോടും വിശ്വാസികളോടും പറയാന്‍ അദ്ദേഹം തന്നെ നിയോഗിച്ചു. ഈ വിഷയത്തില്‍ എളിമയോടെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും കര്‍ദിനാള്‍ സെന്‍ പറഞ്ഞു'' - ബിഷപ്പ് സ്റ്റീഫന്‍ ചൗ കുറിച്ചു.

കര്‍ദ്ദിനാളിന്റെ അറസ്റ്റില്‍ വത്തിക്കാന്‍ കഴിഞ്ഞ ദിവസം ഖേദവും നടുക്കവും രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ഞെട്ടിക്കുന്നതാണെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. അതേസമയം ചൈനയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ഇടപാടില്‍ ഇതുമൂലം ഏന്തെങ്കിലും വ്യതിയാനം ഉണ്ടാകില്ലെന്നും ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ 2018 ല്‍ ഉണ്ടാക്കിയ കരാര്‍ പുതുക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.


സമാനമായ കുറ്റം ആരോപിക്കപ്പെടുന്ന മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് കര്‍ദിനാളിനെയും അറസ്റ്റ് ചെയ്തത്. പിരിച്ചുവിട്ട സംഘടനയുമായി ബന്ധം ആരോപിച്ച് ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗമായ മാര്‍ഗരറ്റ് എന്‍ജി, ഡോ.ഹുയി പോ ക്യൂങ് എന്നിവരാണ് കര്‍ദ്ദിനാളിനൊപ്പം അറസ്റ്റിലായ മറ്റുള്ളവർ. നാല് പേരെയും പിന്നീട് വിട്ടയച്ചു.

അറസ്റ്റില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ വിമര്‍ശനമാണ് ചൈനയ്‌ക്കെതിരെ ഉയരുന്നത്. അറസ്റ്റിനെ അമേരിക്കയും ഇംഗ്ലണ്ടും ശക്തമായി അപലപിച്ചു. പ്രസിഡന്റ് ഷി ജിന്‍പിങ് സത്യം പറയുന്നവരെ ഭയപ്പെടുകയും അവരെ ദേശീയ ഭീഷണിയായി മുദ്രകുത്തുകയും ചെയ്യുകയാണെന്ന് യുഎസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അംഗമായ നെബ്രാസ്‌കയിലെ സെനറ്റര്‍ ബെന്‍ സാസെ പറഞ്ഞു. എതിര്‍പ്പ് ഇല്ലാതാക്കാനുള്ള ചൈനീസ് ഏകാധിപത്യ സര്‍ക്കാരിന്റെ കിരാത നടപടിയാണിതെന്ന് യുകെ മന്ത്രി കാതറിന്‍ വെസ്റ്റ് ട്വീറ്ററിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി കത്തോലിക്ക സഭയ്ക്കുമേല്‍ ചൈന നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും ക്രൂരമായ നടപടിയാണിതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവും പ്രതികരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.