സോകോടോ: മതനിന്ദ ആരോപിച്ചു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ നൈജീരിയയില്‍ അക്രമി സംഘം തല്ലിക്കൊന്ന് തീയിട്ടു. സോകോടോ മെട്രോപോളിസിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ദബോറ സാമുവല്‍ എന്ന വിദ്യാര്‍ഥിനിയെയാണ് മുസ്‌ലീം വിദ്യാര്‍ഥികളും യുവാക്കളും അടങ്ങിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതേതുടര്‍ന്ന് കൊലപാതകത്തിന് നേതൃത്വം നല്‍കിയ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം അഴിച്ചുവിട്ട കലാപത്തില്‍ സോകോടോ കത്തോലിക്ക രൂപതയുടെ കത്തീഡ്രല്‍ പള്ളിയും മറ്റൊരു പള്ളിയും അക്രമികള്‍ തകര്‍ത്തു. അഹമ്മദു ബെല്ലോ വഴിയിലുള്ള ഹോളി ഫാമിലി കാത്തലിക് കത്തീഡ്രല്‍ ചര്‍ച്ച്, ഗിദാന്‍ ഡെയര്‍ ഏരിയയിലെ സെന്റ് കെവിന്‍ കാത്തലിക് ചര്‍ച്ച് എന്നീ പള്ളികളാണ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തത്. പള്ളികള്‍ തീ വച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഭരണകൂടം അതു സ്ഥിരീകരിച്ചിട്ടില്ല.
ഇസ്ലാമിനെ നിന്ദിക്കുന്ന പ്രസ്താവനകള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ദബോറ സാമുവലിനെ മെയ് 11 ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം തീയിടുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാര്‍ഥികളും പിന്നാലെ ചില മതസംഘടനകളും കത്തോലിക്ക പള്ളികള്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്.
ഹോളി ഫാമിലി കാത്തലിക് പള്ളിയില്‍ ജനലുകളും വാതിലുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. ബിഷപ്പ് ഹൗസിന്റെ ചില്ലുകള്‍ നശിപ്പിക്കുകയും പള്ളി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. പള്ളിക്ക് പുറത്ത് റോഡില്‍ ടയറുകള്‍ കത്തിച്ചു. തുടര്‍ന്ന് അക്രമികള്‍ സെന്റ് കെവിന്‍ കാത്തലിക് പള്ളിയിലും കടന്നുകയറി സാമഗ്രികള്‍ നശിപ്പിച്ചു. പള്ളി ഭാഗീകമായി തീയിട്ടു. പള്ളി പരിസരത്ത് നിര്‍മാണത്തിലിരിക്കുന്ന പുതിയ ആശുപത്രി സമുച്ചയത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പള്ളിക്ക് ചുറ്റുമുള്ള കടകളില്‍ വ്യാപക ആക്രമണം നടത്തി. പള്ളിയിലെ സുരക്ഷാ ജീവിക്കാര്‍ സധൈര്യം ഇടപെട്ടതുകൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല.
സോകോടോ രൂപതയുടെ ഹോളി ഫാമിലി കാത്തലിക് കത്തീഡ്രല്‍ ദേവാലയം
പൊലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ ചിതറി ഓടിച്ചത്. അക്രമം വ്യാപിക്കുന്നത് തടയാന്‍ പ്രദേശത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യൂ പിന്‍വലിക്കുന്നതുവരെ സോകോട്ടോ മെട്രോപോളിസിലെ കത്തോലിക്ക പള്ളികളില്‍ കുര്‍ബാനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സോകോടോ ബിഷപ്പ് മാത്യു ഹസന്‍ കുക്കാ പറഞ്ഞു. നിയമം അനുസരിക്കുന്നവരുമായി ബന്ധം തുടരാനും സമാധാനം അവലംബിക്കാനും ബിഷപ്പ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
ദബോറ സാമുവലിന്റെ 'ദാരുണമായ കൊലപാതകത്തില്‍' ബിഷപ്പ് കുക്കാ ഞടുക്കവും ദുഖവും രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. എല്ലാ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തു പ്രേരണയുടെ കാര്യത്തിലായാലും കുറ്റം ചെയ്തവര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി പരമാവധി ശിക്ഷി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് മതവുമായി യാതൊരു ബന്ധവുമില്ല. ക്രിസ്ത്യാനികളും മുസ്‌ലീംങ്ങളും വര്‍ഷങ്ങളായി ഇവിടെ സമാധാനപരമായി ജീവിച്ചു വരികെയാണ്. ഇത് ഒരു ക്രിമിനല്‍ നടപടിയാണ്. നിയമം അതിനെ നേരിടും. വിശ്വാസികള്‍ വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കരുതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആറു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന മുസ്ലീം ഭൂരിപക്ഷ നഗരമാണ് സൊകോട്ടോ. അത്രതന്നെ തുല്യമായ ക്രിസ്ത്യന്‍ പ്രാതിനിധ്യവും ഇവിടുണ്ട്. ഇസ്ലാമിക സംഘടനകളായ ബോക്കോ ഹറാമിന്റെയും ഫുലാനി മിലിഷ്യയുടെയും ആക്രമണങ്ങള്‍ക്കിടയില്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ സമീപ വര്‍ഷങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നത്.
ഓപ്പണ്‍ ഡോര്‍സ് എന്ന അഡ്വക്കസി ഗ്രൂപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. 2015 മുതല്‍ രാജ്യത്തെ നയിച്ച പ്രസിഡന്റ് മുഹമ്മദ് ബുഹാരി അക്രമം നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ നിരന്തരം ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.