രാത്രിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന സോളാര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞന്‍മാര്‍

രാത്രിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന സോളാര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞന്‍മാര്‍

സിഡ്‌നി: ലോകത്ത് ആദ്യമായി രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി ഓസ്‌ട്രേലിയ. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷകസംഘം വികസിപ്പിച്ച സാങ്കേതികവിദ്യ വഴി രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു.

പകല്‍ ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്ന് പുറപ്പെടുന്ന ചൂട് രാത്രിയില്‍ അന്തരീക്ഷത്തിലേക്ക് മടങ്ങും. ഇങ്ങനെ അന്തരീക്ഷത്തിലേക്ക് മടങ്ങുന്ന ചൂടിലെ ഊര്‍ജകണങ്ങളെ ആഗീര്‍ണം ചെയ്ത് അത് വൈദ്യുതിയാക്കി മാറ്റുന്ന കണ്ടുപിടുത്തമാണ് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ വിജയകരമാക്കിയത്.

തെര്‍മോഡിയേറ്റീവ് ഡയോഡ് ഉപയോഗിച്ചാണ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രത്തിലൂടെ ഭൂമിയില്‍ നിന്ന് പുറപ്പെടുന്ന ഊര്‍ജകണങ്ങളെ പിടിച്ചെടുക്കുന്നത്. ഇത് ഊര്‍ജമാറ്റം നടത്തി വൈദ്യുതിയാക്കി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് ഉത്പാദിപ്പിക്കാനാകുന്ന വൈദ്യുതിയുടെ ചെറിയൊരു ശതമാനം മാത്രമേ ഈ സംവിധാനത്തിലൂടെ ഉത്പാദിപ്പിക്കാന്‍ കഴിയൂ എന്നതാണ് പോരായ്മ.സൂര്യന്‍ അസ്തമിച്ചതിന് ശേഷവും സൗരോര്‍ജ്ജ സാധ്യതകള്‍ നിലനില്‍ക്കുമെന്നതിന്റെ തെളിവാണ് തങ്ങള്‍ നടത്തിയ കണ്ടുപിടുത്തമെന്ന് പ്രോജക്റ്റ് ലീഡര്‍ക്കൂടിയായ അസോസിയേറ്റ് പ്രൊഫസര്‍ നെഡ് എക്കിന്‍സ് പറഞ്ഞു. ''സൂര്യനില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുന്നു. അത് ഭൂമിയെ ചൂടാക്കുന്നു. പിന്നീട് ഭൂമി അതേ ഊര്‍ജ്ജം അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടുന്നു. ആ ഊര്‍ജ്ജത്തില്‍ നിന്ന് നമ്മള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു''. അദ്ദേഹം പറയുന്നു. എസിഎസ് ഫോട്ടോണക്‌സിലാണ് പഠനം പ്രസിദീകരിച്ചത്.

സൗരോര്‍ജത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. 2001 മുതല്‍ ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വീടുകളുടെ മേല്‍ക്കൂരകളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 3,000 മെഗാവാട്ടിലധികം വൈദ്യുതിയാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.