രാജ്യ സുരക്ഷയ്ക്ക് കാവലാകാന്‍ സൂററ്റും ഉദയഗിരിയും; രണ്ട് പടക്കപ്പലുകള്‍ ഒരുമിച്ച് പുറത്തിറങ്ങുന്നത് ചരിത്രത്തില്‍ ആദ്യം

 രാജ്യ സുരക്ഷയ്ക്ക് കാവലാകാന്‍ സൂററ്റും ഉദയഗിരിയും; രണ്ട് പടക്കപ്പലുകള്‍ ഒരുമിച്ച് പുറത്തിറങ്ങുന്നത് ചരിത്രത്തില്‍ ആദ്യം

മുംബൈ: രാജ്യ സുരക്ഷയ്ക്ക് ശക്തിയേകാന്‍, കടലിന്‍ കാവലാകാന്‍ രണ്ട് പടക്കപ്പലുകള്‍ ഇന്ന് നീറ്റിലിറങ്ങും. സൂററ്റ്, ഉദയഗിരി എന്നി രണ്ട് യുദ്ധക്കപ്പലുകളാണ് ഇന്ത്യന്‍ നവീക ശക്തിയില്‍ ഇന്ന് അണി ചേരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയുള്ള രണ്ട് യുദ്ധക്കപ്പലുകള്‍ ഒരുമിച്ച് പുറത്തിറങ്ങുന്നത്. ചൈനീസ്-പാക് വെല്ലുവിളികള്‍ ഒരുപോലെ തുടരുമ്പോഴാണ് കടല്‍ കരുത്തില്‍ ഇന്ത്യന്‍ സൈന്യം ഒരു ചുവട് കൂടി മുന്നോട്ട് വയ്ക്കുന്നത്.

സൂറത്ത്, ഉദയഗിരി എന്നീ രണ്ട് മുന്‍നിര യുദ്ധക്കപ്പലുകള്‍ മുംബൈയിലെ മസഗോണ്‍ഡോക്‌സില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് നീറ്റിലിറക്കും. തദേശീയമായാണ് ഈ രണ്ട് കപ്പലുകളും നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊജക്റ്റ് 15പിയുടെ ഭാഗമായി നിര്‍മ്മിച്ച ഡിസ്‌ട്രോയര്‍ വിഭാഗത്തില്‍ വരുന്ന നാലാമത്തെയും അവസാനത്തെയും കപ്പലാണ് സൂററ്റ്. ബ്ലോക്ക് നിര്‍മ്മാണ രീതിയില്‍ രണ്ടിടങ്ങളിലായി നിര്‍മ്മിച്ച മസഗോണ്‍ഡോക്‌സില്‍ വെച്ച് സംയോജിപ്പിച്ചാണ് സൂററ്റിന്റെ നിര്‍മ്മാണം. സൂറത്ത് നഗരത്തിന്റെ കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം അടയാളപ്പെടുത്താനായാണ് കപ്പലിന് ആ നഗരത്തിന്റെ പേര് നല്‍കിയത്.

പ്രോജക്ട് 17എയുടെ ഭാഗമായാണ് ഫ്രിഗേറ്റ് വിഭാഗത്തില്‍ പെടുന്ന ഉദയഗിരി നിര്‍മ്മിച്ചത്. അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ശിവാലിക് ക്ളാസില്‍ പെടുന്ന ഉദയഗിരിയിലുണ്ട്. നേവല്‍ ഡിസൈന്‍ ഡയറക്ടറേറ്റ് ആണ് രണ്ട് കപ്പലുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ 75 ശതമാനം നിര്‍മാണ സാമഗ്രികളും തദ്ദേശീയമാണ്.

ഐ.എന്‍.എസ്. സൂറത്ത്

* പ്രോജക്ട് ചെലവ് 35,000 കോടി രൂപയ്ക്ക് 4 കപ്പലുകള്‍
* ഗൈഡഡ് മിസൈല്‍ നശീകരണക്കപ്പല്‍
* നീളം 163 മീറ്റര്‍
* ഭാരം 7400 ടണ്‍
* പരമാവധിവേഗം മണിക്കൂറില്‍ 56 കിലോമീറ്റര്‍
* ഉള്‍ക്കൊള്ളാവുന്ന സൈനികര്‍ -300
* ആയുധങ്ങള്‍: 32 ബാരാക്-8 മിസൈല്‍, 16 ബ്രഹ്മോസ് മിസൈല്‍, നാല് ടോര്‍പീഡോ, രണ്ട് അന്തര്‍വാഹിനിവേധ റോക്കറ്റ് ലോഞ്ചര്‍, നാല് എ.കെ. 630 പീരങ്കി. രണ്ട് ധ്രുവ് ഹെലികോപ്റ്റര്‍ വഹിക്കാനാവും.

ഐ.എന്‍.എസ്. ഉദയഗിരി

* നീളം 142 മീറ്റര്‍
* ഭാരം 6200 ടണ്‍
* പ്രോജക്ട് ചെലവ് 45000 കോടി രൂപയ്ക്ക് ഏഴുകപ്പലുകള്‍. നാലെണ്ണം മുംബൈയിലെ മസ്ഗോണ്‍ ഡോക്കിലും മൂന്നെണ്ണം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലും നിര്‍മിക്കും.
* സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് (മറ്റു യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലിനെയും സംരക്ഷിക്കുന്ന ദൗത്യം)
* 1976 മുതല്‍ 2007 വരെ സേനവമനുഷ്ഠിച്ച ഐ.എന്‍.എസ്. ഉദയഗിരിയുടെ പുനരവതാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.