കൊളംബോ: രാജ്യത്ത് അവശേഷിക്കുന്നത് ഒറ്റ ദിവസത്തേക്കുള്ള പെട്രോള്‍ മാത്രമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. 70 വര്‍ഷത്തിനിടെ രാജ്യം ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്ത് അടിയന്തരമായി 75 ദശലക്ഷം ഡോളര്‍ വിദേശനാണ്യം വേണമെന്നാണ് റെനില്‍ വിക്രമസിംഗെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞത്. ഈ പണം ലഭിച്ചില്ലെങ്കില്‍ അവശ്യവസ്തുക്കളുടെ ഇറക്കുമതി തടസപ്പെടുമെന്ന ആശങ്കയും വിക്രമസിംഗെ പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇതിനായി കേന്ദ്ര ബാങ്കിന് പുതിയ നോട്ടുകള്‍ അച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക രംഗം അപകടാവസ്ഥയിലായതിനാല്‍ അടുത്ത രണ്ട് മാസം ഏറ്റവും പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'നമ്മുടെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന രണ്ട് മാസങ്ങള്‍' എന്നായിരുന്നു വിക്രമസിംഗെ ടെലിവിഷനിലൂടെ ജനങ്ങളോട് പറഞ്ഞത്.
പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ വലിയ നിരയാണുള്ളത്. പെട്രോള്‍ തീരുന്നതോടെ രാജ്യത്തെ ഗതാഗത സംവിധാനങ്ങള്‍ അവതാളത്തിലാകും. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടും. പവര്‍കട്ട് ദിവസം 15 മണിക്കൂര്‍ നേരമാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അവശ്യമരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്.
പ്രതിസന്ധി മറികടക്കുന്നതിനായി പല മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടുന്നുണ്ട്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി പരിഗണിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 45 ബില്യണ്‍ ശ്രീലങ്കന്‍ രൂപയായിരുന്നു (129.5 ദശലക്ഷം ഡോളര്‍) എയര്‍ലൈന്‍സിന്റെ നഷ്ടം.
ഒരു രാജ്യം നേരിടാവുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്. ഭരണത്തിലെ പിടിപ്പുകേടുകളും ആഭ്യന്തര യുദ്ധത്തിന്റെ ബാക്കിപത്രവും എല്ലാം ആ രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മഹീന്ദ രജപക്സെ മാറി റെനില്‍ വിക്രമസിംഗെ അധികാരമേറ്റിട്ടും രാജ്യത്തിന്റെ പ്രതിസന്ധിക്ക് മാറ്റമുണ്ടായിട്ടില്ല.
ഇന്ത്യയില്‍നിന്ന് ക്രെഡിറ്റ് ലൈന്‍ വഴി പെട്രോളും ഡീസലും എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതും കുറച്ചുനാളത്തേക്ക് മാത്രമേ സാധ്യമാവുകയുള്ളു. കേന്ദ്ര ബാങ്കിനോട് കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ആവശ്യപ്പെടുന്നത് തന്റെ തന്നെ താത്പര്യത്തിന് വിരുദ്ധമാണെന്നും വിക്രമസിംഗെ പറയുന്നു. കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കുന്നത് രൂപയുടെ മൂല്യം കുറയ്ക്കുമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.