ഡോണ്‍ബാസ് വിട്ടു നല്‍കില്ല; വെടിനിര്‍ത്തല്‍ കരാറിന് സമ്മതമല്ലെന്ന് ഉക്രെയ്ന്‍

ഡോണ്‍ബാസ് വിട്ടു നല്‍കില്ല; വെടിനിര്‍ത്തല്‍ കരാറിന് സമ്മതമല്ലെന്ന് ഉക്രെയ്ന്‍

കീവ്: ഡോണ്‍ബാസ് കീഴടക്കാനുള്ള റഷ്യന്‍ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ചെറുത്തു നില്‍പ്പ് കൂടുതല്‍ ശക്തമാക്കി ഉക്രെയ്ന്‍. പ്രദേശത്ത് വെടിനിര്‍ത്തലിന് തയാറാകണമെങ്കില്‍ ഡോണ്‍ബാസില്‍ നിന്ന് സൈന്യം പിന്‍മാറമെന്ന റഷ്യയുടെ കരാര്‍ അംഗീകരിക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി തയാറായിട്ടില്ല. ഇതോടെ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കി.

ഡോണ്‍ബാസ് വിട്ടു കൊടുക്കുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദം ഉക്രെയ്‌നു മേലുണ്ട്. ഡോണ്‍ബാസിന്റെ അധികാരം റഷ്യക്ക് കൈമാറിയാല്‍ അതു സമീപ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. അതിനാല്‍ ചെറുത്തുനില്‍പ്പിനാവശ്യമായ സൈനീക, സാമ്പത്തിക സഹായങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളോട് ഉക്രെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യന്‍ അനുകൂല വിമതര്‍ക്കു സ്വാധീനമുള്ള ഡോണ്‍ബാസില്‍ ഉക്രെയ്ന്‍ സേനയുടെ ശക്തികേന്ദ്രമായ സീവറോഡോണെറ്റ്‌സ്‌ക് നഗരം റഷ്യ നാലുവശത്തുനിന്നും വളഞ്ഞു. മരിയുപോളിന് പിന്നാലെ മറ്റൊരു പ്രധാന നഗരമായ ഡോണ്‍ബാസ് കീഴടക്കുകയെന്നതാണ് റഷ്യയുടെ അടുത്ത ലക്ഷ്യം. റഷ്യന്‍ മിസൈല്‍ ആക്രണത്തില്‍ ഡോണ്‍ബാസിലെ എട്ട് സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ പറഞ്ഞു.


വടക്കന്‍ ഉക്രെയ്നിലെ ഖാര്‍കിവ്, തെക്ക് മൈക്കോളൈവ്, സപ്പോരിജിയ എന്നിവിടങ്ങളിലും റഷ്യ ഷെല്ലാക്രമണവും മിസൈല്‍ ആക്രമണവും കടുപ്പിച്ചിരിക്കുകയാണ്. മൈക്കോളൈവ് നഗരത്തിന് വടക്ക് കിഴക്കായി 100 കിലോമീറ്റര്‍ അകലെയുള്ള ഹന്നിവ്കയുടെ സെറ്റില്‍മെന്റിന് സമീപം മൊബൈല്‍ ആന്റി ഡ്രോണ്‍ സംവിധാനത്തില്‍ റഷ്യന്‍ റോക്കറ്റുകള്‍ പതിച്ചതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.

ഡോണ്‍ബാസിലെ പ്രവിശ്യയായ ലുഹാന്‍സ്‌കിലെ ഇരട്ടനഗരങ്ങളായ സീവിയറോഡോണെറ്റ്‌സ്‌കിലും ലിസികാന്‍സ്‌കിലും ആണു ഇപ്പോള്‍ റഷ്യന്‍ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഉക്രെയ്ന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഈ മേഖല കീഴടക്കിയാല്‍ ഡോണ്‍ബാസ് പൂര്‍ണമായി റഷ്യയുടെ പിടിയിലാകും.



മരിയുപോള്‍ കീഴടക്കിയതോടെ ക്രൈമിയ ഉപദ്വീപിലേക്കുള്ള ഏക കരമാര്‍ഗം റഷ്യയ്ക്കു സ്വന്തമായിട്ടുണ്ട്. ഇന്നലെ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള 13 ഉക്രെയ്ന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഉപരോധം നേരിടാന്‍ കൂടുതല്‍ ആയുധങ്ങള്‍ വേണമെന്ന സെലെന്‍സ്‌കിയുടെ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രെയ്‌ന് 4000 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. ഉക്രെയ്ന്‍ ജനതയ്ക്കു മാത്രമാണു രാജ്യത്തിന്റെ ഭാവി നിശ്ചയിക്കാന്‍ അവകാശമെന്നു ഉക്രെയ്ന്‍ പാര്‍ലമെന്റില്‍ പോളണ്ട് പ്രസിഡന്റ് ആന്ദ്രേ ഡുഡ പറഞ്ഞു. യുദ്ധം ആരംഭിച്ചശേഷം പാര്‍ലമെന്റ് സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് ആന്ദ്രേ ഡുഡ.

അതിനിടെ, ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നേതാക്കളുമായി തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ഫോണില്‍ ചര്‍ച്ച നടത്തി. കുര്‍ദിഷ് വിമതര്‍ക്കു പിന്തുണ നല്‍കുന്നുവെന്ന പേരില്‍ ഇരുരാജ്യങ്ങളുടെയും നാറ്റോ പ്രവേശനം തുര്‍ക്കി എതിര്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സംഭാഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.