സാന്‍ ഫ്രാന്‍സിസ്‌കോ: സഭയ്ക്കകത്തും പുറത്തും ശക്തമായ ഗര്‍ഭച്ഛിദ്രാനൂകൂല വാദം ഉന്നയിച്ച അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കറും സാന്‍ ഫ്രാന്‍സിസ്‌കോ അതിരൂപതാംഗവുമായ നാന്‍സി പെലോസിയെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയ സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോണിന്റെ നടപടിയെ പിന്തുണയ്ച്ചു മറ്റ് അമേരിക്കന്‍ ബിഷപ്പുമാര്‍.
ആര്‍ച്ച് ബിഷപ്പ് ആരെയെങ്കിലും വിശുദ്ധ കൂര്‍ബാന സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയാല്‍ ആ വിലക്ക് സഭയുടെ ഏറ്റവും അടിത്തട്ടുവരെ നിലനില്‍ക്കുമെന്ന് പെലോസി അംഗമായ സെന്റ് ഹെലേന കത്തോലിക്ക പള്ളിയുടെ ചുമതലയുള്ള സാന്താ റോസാ ബിഷപ് റോബര്‍ട്ട് വാസ പറഞ്ഞു. ആര്‍ച്ച്ബിഷപ്പിന്റെ ഉത്തരവ് ഇടവക വികാരിക്ക് കൈമാറിയെന്നും ബിഷപ് വാസ പറഞ്ഞു.
പെലോസ്‌കിയെ സഭാവിരുദ്ധ ചിന്തകളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശിക്ഷാ നടപടി മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്ന് ഡെന്‍വര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് എഫ്. നൗമാന്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് കോര്‍ഡിലിയോണിന്റെ ക്ഷമയും സ്ഥിരോത്സാഹവുമുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പെലോസിയുടെ മാറ്റത്തിനായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നാന്‍സി പെലോസിയുടെ സഭാവിരുദ്ധ നിലപാടിനെ തിരിച്ചറിഞ്ഞുള്ള ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ കോര്‍ഡിലിയോണിന്റെ വിവേകപൂര്‍ണ്ണമായ തീരുമാനത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നവെന്ന് മാഡിസണ്‍ രൂപത ബിഷപ്പ് ഡൊണാള്‍ഡ് ഹൈയിംഗ് പ്രതികരിച്ചു. ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം തികച്ചും സഭാപരമാണ്. രാഷ്ട്രീയപരമല്ല. പെലോസി സ്വീകരിച്ചിട്ടുള്ള ഗുരുതരമായ തിന്മയും അതുവഴി സഭയ്ക്കുണ്ടാക്കുന്ന അപകീര്‍ത്തിയും അവളെ മനസിലാക്കിക്കാന്‍ ഈ ശിക്ഷാനടപടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഇവര്‍ക്കൊപ്പം അമേരിക്കയിലെ 191 രൂപതകളില്‍ നിന്നുള്ള മേലധ്യക്ഷന്‍മാരും ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോണിന്റെ നടപടിയെ പിന്തുണച്ചു. ഉചിതമായ തീരുമാനം ഉചിത സമയത്ത് സ്വീകരിച്ചതില്‍ എല്ല ബിഷപ്പുമാരും ട്വിറ്ററിലൂടെ ആര്‍ച്ച് ബിഷപ്പ് കോര്‍ഡിലിയോണിനെ അഭിനന്ദിച്ചു.
ഗര്‍ഭച്ഛിദ്രത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗവും യുഎസ് ഹൗസ് സ്പീക്കറുമായ നാന്‍സി പെലോസിയെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോണ്‍ വിലക്കിയത്.
ഗര്‍ഭച്ഛിദ്രത്തിനനുകൂലമായി പൊതുമധ്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതുവഴി സഭയുടെ നിലപാടുകളെ ദുര്‍ബലപ്പെടുത്തിയെന്നും ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുധമായ ആശയം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. എത്ര ഉന്നതരായാലും സഭാ വിരുധ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നതിന്റെ തെളിവാണിതെന്ന് ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടിയിരുന്നു.
ഗര്‍ഭച്ഛിദ്രത്തിനനുകൂലമായി പത്തിലേറെ തവണയാണ് നാന്‍സി പെലോസി പരസ്യമായി നിലപാട് സ്വീകരിച്ചത്്. സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ടെന്നും സഭയോ ഭരണകൂടമോ അല്ല വ്യക്തി സ്വാതന്ത്ര്യം നിര്‍ണയിക്കേണ്ടതെന്നും ഇവര്‍ വാദിച്ചിരുന്നു.
ഗര്‍ഭച്ഛിദ്രാനുകൂല നിലപാട് സ്വീകരിച്ച സ്പീക്കര്‍ നാന്‍സി പെലോസിക്കെതിരെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രതിഷേധം
സ്ത്രീ സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വാദിക്കുന്ന പെലോസി ഗര്‍ഭസ്ഥ ശിശുവിന്റെ ജന്മാവകാശത്തെ മറക്കുകയാണെന്നാണ് ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ വിമര്‍ശനം. കത്തോലിക്ക വിശ്വാസിയെന്ന് സ്വയം അഭിമാനിക്കുന്ന ആളുതന്നെ കൊല്ലരുത് എന്ന പ്രമാണത്തെ ലംഘിക്കുകയാണ്. ഇവരുടെ സഭാ വിരുധ നിലപാടുകള്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്കകള്‍ക്ക് ഇടയാക്കിയെന്നും ഗര്‍ഭച്ഛിദ്ര വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ഗര്‍ഭച്ഛിദ്രത്തെ അനുകൂലിച്ച് പരസ്യമായി നിലപാട് എടുത്തപ്പോള്‍ മുതല്‍ പെലോസിയെ തിരുത്താനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ജെ. കോര്‍ഡിലിയോണ്‍ പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സിലില്‍ വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. പെലോസിക്കെതിരെ നടപടി എടുക്കാന്‍ ശക്തമായ സമ്മര്‍ദ്ദവും ഉണ്ടായി. സഭയിലെ മറ്റ് ഉന്നതരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.