ജി.എസ്.എല്‍.വി പോര: ജിസാറ്റ് 24 വിക്ഷേപണത്തിന് ഇന്ത്യ വീണ്ടും ഫ്രഞ്ച് ഗയാനയിലേക്ക്; ചിലവ് അഞ്ചിരട്ടി

ജി.എസ്.എല്‍.വി പോര: ജിസാറ്റ് 24 വിക്ഷേപണത്തിന് ഇന്ത്യ വീണ്ടും ഫ്രഞ്ച് ഗയാനയിലേക്ക്; ചിലവ് അഞ്ചിരട്ടി

ന്യൂഡല്‍ഹി: കൂറ്റന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഇന്ത്യ വീണ്ടും ഫ്രഞ്ച് ഗയാനയിലേക്ക്. നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാകുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ് ഉണ്ടായിരിക്കെയാണ് ഈ നീക്കം. ജിസാറ്റ് -24 ഉപഗ്രഹമാണ് ജൂണ്‍ 22ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്നത്.

2017ല്‍ ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ് സജ്ജമാകുന്നതോടെ വന്‍കിട ഉപഗ്രഹവിക്ഷേപണത്തിന് മറ്റ് ഏജന്‍സികളെ ആശ്രയിക്കേണ്ടതില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ജി.എസ്.എല്‍.വി മാര്‍ക്ക് ത്രിയുടെ ഉപഗ്രഹവാഹകഭാഗമായ അപ്പര്‍ സ്റ്റേജ് വിശ്വാസ്യത തെളിയിച്ചിട്ടില്ലെന്ന ആശങ്കയാണ് മാറ്റത്തിന് കാരണം. 2020ജനുവരി 17ന് ജി സാറ്റ്-30ന്റെ വിക്ഷേപണത്തിനായാണ് ഇതിന് മുമ്പ് ഏരിയന്‍ 5 റോക്കറ്റിനെ ആശ്രയിച്ചത്

ജി.എസ്.എല്‍.വി ഉപയോഗിച്ച് വിക്ഷേപിച്ചാല്‍ ചെലവ് 364 കോടിരൂപ മാത്രമാണ്. ഏരിയന്‍ 5ന് ചെലവ് 1373 കോടിരൂപ. ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ ഉപഗ്രഹ വിക്ഷേപണ ഏജന്‍സിയാണ് ഐ.എസ്.ആര്‍.ഒ. രണ്ടു ടണ്‍വരെ ഭാരമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ പി.എസ്.എല്‍.വി റോക്കറ്റ് മുന്‍നിരയിലാണ്.

അമേരിക്ക പോലും പി.എസ്.എല്‍.വിയെ ആശ്രയിക്കുന്നുണ്ട്. 54 വിക്ഷേപണങ്ങളില്‍ 52ഉം പി.എസ്.എല്‍.വി വിജയിച്ചു. അതേപാത പിന്തുടര്‍ന്ന് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രി ഇതുവരെ നാലു വിക്ഷേപണങ്ങള്‍ നടത്തി. നാലും വിജയമായിരുന്നു. ഇന്ത്യയുടെ മനുഷ്യബഹിരാകാശ പദ്ധതിക്ക് ഉപയോഗിക്കുന്നതും ജി.എസ്.എല്‍.വി മാര്‍ക്ക് ത്രി റോക്കറ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ്.

ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യസംരംഭമാണ് ജിസാറ്റ് -24. ഭാരം 4 ടണ്‍. ടാറ്റാ സ്‌കൈയ്ക്ക് വേണ്ടിയാണിത് ഇപ്പോള്‍ ഉപയോഗിക്കുക. വാര്‍ത്താവിനിമയത്തിനും ഡി.ടി.എച്ച് സേവനങ്ങള്‍ക്കുമുളള ക്യു ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളാണിതിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.