ടെക്‌സാസ് വെടിവയ്പ്പിനു പിന്നാലെ കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്റെ മേശയില്‍നിന്ന് തോക്ക് കണ്ടെത്തി

ടെക്‌സാസ് വെടിവയ്പ്പിനു പിന്നാലെ കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്റെ മേശയില്‍നിന്ന് തോക്ക് കണ്ടെത്തി

കാലിഫോര്‍ണിയ: യു.എസിലെ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്റെ മേശയില്‍നിന്ന് തിര നിറച്ച തോക്ക് കണ്ടെത്തി. െടക്‌സാസിലെ സ്‌കൂളില്‍ 19 കുരുന്നുകളും രണ്ട് അധ്യാപകരും പതിനെട്ടുകാരന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഈ സംഭവമുണ്ടായത്. കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലെ എഡ്വേര്‍ഡ് കെംബിള്‍ എലിമെന്ററി സ്‌കൂളിലാണു സംഭവം.

സ്‌കൂളിലേക്ക് ഒരു വിദ്യാര്‍ഥി തോക്ക് കൊണ്ടുവന്നതായി മറ്റു വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടാം ക്ലാസുകാരന്‍ ഇരുന്ന മേശയില്‍നിന്ന് തോക്ക് കണ്ടെടുത്തത്. തുടര്‍ന്ന് ഉടന്‍തന്നെ പോലീസിനെ വിളിച്ചുവരുത്തി കൂടുതല്‍ പരിശോധന നടത്തി. തോക്ക് പോലീസ് പിടിച്ചെടുത്തു.

തോക്ക് ആരുടേതാണെന്നും വിദ്യാര്‍ത്ഥിക്ക് അത് എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കുകയാണെന്ന് സാക്രമെന്റോ പോലീസ് പറഞ്ഞു.

ടെക്സാസില്‍ നടന്നതു പോലുള്ള ദാരുണമായ കൂട്ടക്കുരുതി ആവര്‍ത്തിക്കാന്‍ ഇതു കാരണമായില്ല എന്നത് ആശ്വാസകരമാണെന്ന് പോലീസ് പ്രതികരിച്ചു. സഹപാഠി ആയുധം കൊണ്ടുവന്നതായി അറിയിച്ച വിദ്യാര്‍ത്ഥികളുടെ ധീരതയും അവബോധവുമാണ് ദുരന്തം ഒഴിവാകാന്‍ കാരണമെന്ന് മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ സകൂള്‍ അധികൃതര്‍ അറിയിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള നന്ദിയും കത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഏതെങ്കിലും ആയുധങ്ങള്‍ കുട്ടികളുടെ പക്കല്‍ കാണുകയോ അപകടസൂചന ലഭിക്കുകയോ ചെയ്താല്‍ അതു സ്‌കൂളിലെ ഏറ്റവും വിശ്വസ്തനായ വ്യക്തിയോട് പങ്കുവയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് കത്തില്‍ മാതാപിതാക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തങ്ങളുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണെന്ന വിശ്വാസമില്ലെന്ന് വിദ്യാര്‍ഥികളെ വിളിക്കാനെത്തിയ മാതാപിതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്നലെ ടെക്‌സാസില്‍ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ ഒരേ ക്ലാസില്‍ പഠിക്കുന്ന 18 കുരുന്നുകളാണ് ദാരുണമായി കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.