ബുക്കര്‍ പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്ക്

ബുക്കര്‍ പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്ക്

ലണ്ടന്‍: 2022ലെ ബുക്കര്‍ പുരസ്‌കാരം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 2018ല്‍ പ്രസിദ്ധീകരിച്ച 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ആദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്‌സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്‌സി റോക്ക് വെല്ലും പങ്കിടും.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ.

ഇന്ത്യ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ടോമ്പ് ഓഫ് സാന്‍ഡ്. ഒരു 80കാരിയുടെ ജീവതമാണ് നോവലിന്റെ പ്രമേയം. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. വിഭജനകാലത്തെ ദുരന്തങ്ങളുടെ ഓര്‍മ്മകളുമായി ജീവിക്കുന്ന നോവലിലെ കേന്ദ്ര കഥാപാത്രം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് റേത് സമാധിയുടെ കഥാതന്തു.

ടോംബ് ഓഫ് സാന്‍ഡിനൊപ്പം ബോറ ചുംഗിന്റെ കേസ്ഡ് ബണ്ണി, ജോണ്‍ ഫോസ്സിന്റെ എ ന്യൂ നെയിം: സെപ്റ്റോളജി VI-VII , മൈക്കോ കവാകാമിയുടെ ഹെവന്‍, ക്ലോഡിയ പിയോറോയുടെ എലീന നോസ്, ഓള്‍ഗ ടോകാര്‍സുക്കിന്റെ ദ ബുക്സ് ഓഫ് ജേക്കബ എന്നിവയാണ് ബുക്കര്‍ പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്നു മറ്റ് പുസ്തകങ്ങള്‍. ബ്രിട്ടനിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്ന പുസ്തകങ്ങളാണ് എല്ലാ വര്‍ഷവും ബുക്കര്‍ സമ്മാനത്തിനായി പരിഗണിക്കുന്നത്.

യുപിയിലെ മെയിന്‍പുരിയില്‍ ജനിച്ച ഗീതാഞ്ജലി ശ്രീ ഇതുവരെ നാല് നോവലുകളും ഒട്ടേറെ കഥകളും എഴുതിയിട്ടുണ്ട്. ഹിന്ദിയില്‍ 2018ല്‍ പ്രസിദ്ധീകരിച്ച 'രേത് സമാധി' എന്ന പുസ്തകമാണ് ടോംബ് ഓഫ് സാന്‍ഡ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്തത്.

ഡെയ്സി റോക്ക്വെല്‍ നോവലിന്റെ ആന്മാവറിഞ്ഞാണ് വിവര്‍ത്തനം ചെയ്തതെന്നും വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സാധിച്ചത് അഭിമാനകരമാണെന്നായിരുന്നു മത്സരവേളയില്‍ റോക്ക്വെലിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.