പി.സി ജോര്‍ജിന്റെ മൂന്ന് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; കസ്റ്റഡി ആവശ്യവുമായി പൊലീസും

പി.സി ജോര്‍ജിന്റെ മൂന്ന് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; കസ്റ്റഡി ആവശ്യവുമായി പൊലീസും

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ പി സി ജോര്‍ജ് നല്‍കിയ ജാമ്യ ഹര്‍ജി അടക്കം മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുന്‍ക്കൂര്‍ ജാമ്യ ഹര്‍ജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.

തിരുവനന്തപുരം വിദ്വേഷ കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് പി സി ജോര്‍ജിന്റെ വാദം. ഈ സാഹചര്യത്തില്‍ വഞ്ചിയൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നു പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വീഡിയോ അടക്കം കൈയ്യില്‍ ഉള്ളപ്പോള്‍ എന്തിനാണ് പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നതെന്ന ഹൈകോടതിയുടെ ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി നല്‍കണം.

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജിന് നല്‍കിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയില്‍ അറസ്റ്റ് ചെയ്ത പി സിയെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാവിലെ കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ ഹാജരാക്കി. തുടര്‍ന്ന് അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.