ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോള്‍ മന്ത്രിസഭ മുഴുവനായി തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റം; എല്‍ഡിഎഫിനെ കടന്നാക്രമിച്ച് ആന്റണി

ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോള്‍ മന്ത്രിസഭ മുഴുവനായി തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റം; എല്‍ഡിഎഫിനെ കടന്നാക്രമിച്ച് ആന്റണി

കൊച്ചി: ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരേ ഒന്നും ചെയ്യുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മുഖ്യമന്ത്രിയടക്കം മന്ത്രിസഭ ഒന്നാകെ തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ള എല്‍ഡിഎഫ് തോല്‍വിയുടെ ആഴം കുറയ്ക്കാനാണ് തൃക്കാക്കരയില്‍ കിണഞ്ഞു ശ്രമിക്കുന്നതെന്നും ആന്റണി പരിഹസിച്ചു. എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കൊച്ചിയുടെ വികസനത്തിന് വിത്തു പാകിയത് യുഡിഎഫ് സര്‍ക്കാരുകളാണ്. കലൂര്‍ സ്‌റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, മെട്രോ റെയില്‍ എന്നിവയെല്ലാം കൊച്ചിക്ക് സമ്മാനിച്ചത് യുഡിഎഫാണ്. ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഡ്യം ഇല്ലായിരുന്നുവെങ്കില്‍ മെട്രൊ റെയില്‍ യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. കൊച്ചിയിലെ വികസനങ്ങളില്‍ കെ. കരുണാകരന്റെ പങ്ക് വിസ്മരിക്കാന്‍ പോലുമാകില്ലെന്നും ആന്റണി പറഞ്ഞു.

സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ജനങ്ങള്‍ നല്‍കുന്ന ഷോക്ക് ട്രീറ്റ്‌മെന്റായിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം. അടുത്ത നാലു വര്‍ഷം കൂടി പിണറായി വിജയന്റെ ദുര്‍ഭരണം കേരളം സഹിക്കേണ്ടി വരും. പിണറായിയുടെ ഏകാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.