തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ചൊവ്വാഴ്ച എല്‍ഡിഎഫ് നേതൃ യോഗം ചേരും. യോഗത്തില്‍ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഇതിനകം ഉന്നയിച്ചു കഴിഞ്ഞു.
അതേസമം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃ യോഗങ്ങള്‍ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ഗൗരവത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്.
കാല്‍നൂറ്റാണ്ട് ഇടത് കോട്ടയായി ഉറച്ച് നിന്ന കൊല്ലം കോര്‍പ്പറേഷന്‍ കൈവിട്ടുപോയത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോര്‍പ്പറേഷന്‍ ഭരണത്തിലെ നേട്ടങ്ങളും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രചരണ വിഷയമാക്കിയ ഇടതു മുന്നണിക്ക് പക്ഷേ വോട്ടുറപ്പിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കൗണ്‍സിലില്‍ 38 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 16 ഡിവിഷനില്‍ ഒതുങ്ങി. 10 പേരുടെ അംഗബലം മാത്രം ഉണ്ടായിരുന്ന യുഡിഎഫാണ് 27 പേരുടെ പിന്‍ബലത്തോടെ ഭരണത്തിലേറുന്നത്.
ആറ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇരട്ടി ഡിവിഷനുകള്‍ പിടിച്ചെടുത്തു എന്നതും ശ്രദ്ധേയമായി. നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും തിരിച്ചടിയുണ്ടായില്ലെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് കരുനാഗപ്പള്ളി നഗരസഭ കൈവിട്ടുപോയത് വലിയ ആഘാതമായി. കരുനാഗപ്പള്ളിയിലെ വിഭാഗീയത അടക്കം നഗരസഭ പിടിച്ചെടുക്കുന്നതിന് യുഡിഎഫിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.