പ്രൊ ലൈഫ് സ്ഥാപനങ്ങള്‍ക്ക് നേരെ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ ആക്രമണം തുടരുന്നു; അമേരിക്കയില്‍ ഗര്‍ഭകാല ശുശ്രൂഷ കേന്ദ്രം അടിച്ചു തകര്‍ത്തു

പ്രൊ ലൈഫ് സ്ഥാപനങ്ങള്‍ക്ക് നേരെ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ ആക്രമണം തുടരുന്നു; അമേരിക്കയില്‍ ഗര്‍ഭകാല ശുശ്രൂഷ കേന്ദ്രം അടിച്ചു തകര്‍ത്തു

മാഡിസണ്‍: അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര നിയമം റദ്ദ് ചെയ്‌തേക്കുമെന്നുള്ള സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്താകെ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം വിസ്‌കോണ്‍സിനിലെ മാഡിസണിന്റെ വടക്ക് വശത്ത് സ്ഥിതി ചെയ്യുന്ന നെക്സ്റ്റ് സ്റ്റെപ്പ് എന്ന പ്രെഗ്‌നന്‍സി സെന്റര്‍ സംഘം അടിച്ചു തകര്‍ത്തു. ജനാലച്ചില്ലുകള്‍ തകര്‍ത്ത ഗര്‍ഭച്ഛിദ്രാനുകൂലികള്‍ കെട്ടിട ചുവരുകളില്‍ 'അബോര്‍ഷനുകള്‍ സുരക്ഷിതമല്ലെങ്കില്‍, നിങ്ങളും അല്ല' എന്ന മുദ്രാവാക്യങ്ങള്‍ എഴുതി.

കറുത്ത വസ്ത്രംധരിച്ച ഒരാള്‍ സ്ഥാപനത്തില്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം ഒരു പ്രാദേശിക വാര്‍ത്താ മാധ്യമം പുറത്തുവിട്ടു. ക്ലിനിക്കില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് തെറ്റിദ്ധാരണ ഉള്ളതിനാലാകാം ആ വ്യക്തി അങ്ങനെ ചെയ്തതെന്ന് സെന്റര്‍ ഡയറക്ടര്‍ ഹെതര്‍ വാസ്‌ക്വസ് പറഞ്ഞു. സംഭവത്തില്‍ ലിന്‍വുഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. കേടുപാടുകള്‍ ഉണ്ടായിട്ടും സെന്റര്‍ പ്രവര്‍ത്തനം തുടര്‍ന്നു.



ഗര്‍ഭച്ഛിദ്രത്തിന് അനുവാദം നല്‍കുന്ന റോയ് വി വെയ്ഡ് നിയമം അസാധുവാക്കാനുള്ള യുഎസ് സുപ്രീം കോടതി നീക്കത്തെ തുടര്‍ന്ന് രാജ്യത്ത് അഴിച്ചുവിട്ട ആക്രമണങ്ങളില്‍ ഒടുവിലത്തെ സംഭവമായിരുന്നു ഇത്. മെയ് എട്ടു മുതല്‍ ക്രിസ്ത്യന്‍ പള്ളികളിലും സ്ഥാപനങ്ങളും വ്യാപകമായ ആക്രമണങ്ങളാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ നടത്തിവരുന്നത്.

ഗര്‍ഭസ്ഥ ശിശുക്കള്‍, വിവാഹം, മതസ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിസ്‌കോണ്‍സിലെ ഫാമിലി ആക്ഷന്‍ സംഘടനയുടെ ആസ്ഥാനത്ത് മെയ് എട്ടിന് സംഘം തീവച്ചു. 'ജെയ്ന്‍സ് റിവഞ്ച്' എന്ന സംഘടന പിന്നീട് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേ ദിവസം വൈകുന്നേരം, കെയ്സറിലെ ഓര്‍ഗനൈസേഷന്റെ ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തിനുള്ളിലേക്ക് എറിഞ്ഞ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സും പൊലീസും എത്തി പെട്ടെന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.



പിന്നീട് ഡാളസിനടുത്തുള്ള ടെക്‌സാസിലെ ഡെന്റണില്‍ വുമണ്‍ ടു വുമണ്‍ റിസോഴ്‌സ് സെന്റര്‍, ലോറെറ്റോ ഹൗസ് എന്നിവയ്ക്കു നേരെയും അതിക്രമങ്ങള്‍ ഉണ്ടായി. കെട്ടിടത്തിന്റെ ചുവരുകള്‍ മുദ്രവാക്യം എഴുതി വൃത്തിക്കേടാക്കി. മെയ് 14ന് മേരിലാന്‍ഡില്‍ ആല്‍ഫ പ്രെഗ്‌നന്‍സി സെന്ററിന് നേരെയും അതിക്രമം ഉണ്ടായി. ഫ്രെഡറിക്, മേരിലാന്‍ഡ്, അലക്‌സാണ്ട്രിയ എന്നിവിടങ്ങളിലെ പ്രോ-ലൈഫ് കേന്ദ്രങ്ങളും സംഘം ആക്രമിച്ചു.

കത്തോലിക്കാ പള്ളികള്‍ക്ക് നേരെയും ഗര്‍ഭച്ഛിദ്രാനുകൂലികളുടെ അഴിഞ്ഞാട്ടം ഉണ്ടായി. ഫോര്‍ട്ട് കോളിന്‍സിലെ സെന്റ് ജോണ്‍ 23-ാമന്‍ പള്ളിയില്‍ മെയ് ഏഴിന് പുലര്‍ച്ചെ ഗര്‍ഭച്ഛിദ്രാനുകൂലികളെത്തി ജനാലച്ചില്ലുകള്‍ തകര്‍ത്തു. 'മൈ ബോഡി മൈ ചോയ്സ്', എന്ന മുദ്രാവാക്യം ചുവരുകളില്‍ എഴുത്തി. അതിനും ദിവസങ്ങള്‍ക്ക് മുമ്പ് അടുത്തുള്ള ബോള്‍ഡറിലെ ഒരു കത്തോലിക്കാ പള്ളി കെട്ടിടവും സംഘം തകര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.